"കൊവിഡ് 19 ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ട രോഗികളുമായി നേരിട്ട് ഇടപഴകിയവർക്കെല്ലാം തന്നെ അത് പകർന്നിട്ടുണ്ടാകാൻ സാധ്യത നിലനിൽക്കുന്നു. ആയതിനാൽ അങ്ങനെ ചെയ്തിട്ടുള്ളവർ സ്വയം ക്വാറന്റൈൻ ചെയ്ത് വീട്ടിൽ തന്നെ കഴിയണം എന്നും, സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് അസുഖം പരത്താതിരിക്കാൻ ശ്രദ്ധിക്കണം എന്നും അഭ്യർത്ഥിക്കുന്നു" കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റും പറഞ്ഞതും, നിരന്തരമായി അമേരിക്കൻ ആരോഗ്യ വകുപ്പ് ആവർത്തിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു പ്രസ്താവനയാണ് ഇത്. ആ പറഞ്ഞത് ട്രംപിന് ബാധകമാണോ? അല്ലെന്നാണ് തോന്നുന്നത്. കാരണം, കൊവിഡ് 19 ബാധിക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ, ബാധിച്ചവരുമായോ, അല്ലെങ്കിൽ ബാധിച്ചവരെ നേരിട്ട് കണ്ട് ഹസ്തദാനം ചെയ്തവരെയോ ഒക്കെ അതേ അളവിൽ അടുത്ത് ബന്ധപ്പെട്ട വ്യക്തിയാണ് ട്രംപും, എന്നിട്ടും ഉത്തരവാദിത്തമുള്ള ഒരു അമേരിക്കൻ പൗരൻ എന്ന നിലയ്ക്ക് സമൂഹത്തിൽ കൊവിഡ് 19 പോലൊരു മാരക വ്യാധി പരത്താതിരിക്കാൻ വേണ്ട പ്രാഥമികമായ കർത്തവ്യം, 'സെൽഫ് ക്വാറന്റൈൻ' എന്ന നടപടി അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. 

കഴിഞ്ഞ മാസം മൂന്നു റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗങ്ങൾ കൺസേർവേറ്റിവ് പൊളിറ്റിക്കൽ കോൺഫറൻസിന് പോയി. അവിടെ വെച്ച് അവർ നോവൽ കൊറോണാ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട ഒരു രോഗിയുമായി നേരിട്ട് ഹസ്തദാനം നൽകി അടുത്തിടപഴകി. ഇവരിൽ രണ്ടു പേരുമായി, മാറ്റ് ഗെയ്‌റ്റ്‌സ്, ഡഗ് കോളിൻസ് എന്നിവരുമായി, അതിനുശേഷം ട്രംപ് വളരെ അടുത്തിടപഴകിയിട്ടുണ്ട്.  ഈ രണ്ടു പേരും തന്നെ തങ്ങൾ സെൽഫ് ക്വാറന്റൈൻ ചെയ്യുകയാണ് എന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടും, ട്രംപിന് മാത്രം ഒരു കുലുക്കവുമില്ല. അദ്ദേഹം സെൽഫ് ക്വാറന്റൈൻ എന്നൊരു വാക്കുപോലും പിന്നീട് ഉച്ചരിച്ചിട്ടില്ല.


അതിനു ശേഷമാണ്, ബ്രസീലിയൻ പ്രസിഡന്റ് ബോൾസനാരോക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ മകനാണ് ഈ വാർത്ത സ്ഥിരീകരിച്ചിരിക്കുന്നത്. ബോൾസനാരോക്ക് രോഗമില്ല എന്നതരത്തിലുള്ള റിപ്പോർട്ടുകൾ പിന്നീട് പുറത്തുവന്നു എങ്കിലും, രോഗമുണ്ടെന്നുള്ള ആദ്യ റിപ്പോർട്ടുകൾ വന്നപ്പോഴും ബോൾസനാരോയുമായി പലയിടത്തും വെച്ച് ഹസ്തദാനവും ആലിംഗനവും ഒക്കെ നടത്തിയിട്ടുള്ള ട്രംപിനെ അതൊന്നും ബാധിച്ച മട്ടില്ല. ബോൾസനാരോയ്ക്ക് കൊവിഡ് 19  ഇല്ല എന്ന് തന്നെ ഉറപ്പിച്ചാലും അദ്ദേഹത്തിന്റെ അനുയായി ഫാബിയോയ്ക്ക് എന്തായാലും കൊവിഡ് 19  ഉണ്ടെന്നു സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹവുമായി അടുത്ത് ബന്ധപ്പെട്ട  മയാമി മേയർ ഫ്രാൻസിസ് സുവാരസിന് കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടു. ഇതേ ഫാബിയോയുമായും അടുത്തിടപഴകിയിട്ടുള്ള ആളാണ് ട്രംപ്. അതും അദ്ദേഹത്തിന് ആശങ്കയുളവാക്കിയിട്ടില്ല. ഇന്നുവരെ അതിന്റെ പേരിലും ട്രംപ് സ്വയം ക്വാറന്റൈൻ ചെയ്യാൻ മുതിർന്നിട്ടില്ല.
 

ഇത്രയ്ക്കധികം സമ്പർക്കം ഇന്ന് കൊവിഡ് 19 ബാധ സ്ഥിരീകരിക്കപ്പെട്ടവരുമായി ഉണ്ടായിട്ടും, അതിന്റെ പേരിൽ വേണ്ട മുൻകരുതലുകൾ ഒന്നും തന്നെ സ്വീകരിക്കാതെ, അത്തരത്തിലുള്ള സമ്പർക്കങ്ങൾ ഒന്നും തന്നെ നടന്നിട്ടേയില്ല എന്ന മട്ടിൽ പെരുമാറിക്കൊണ്ട് ട്രംപ് ആരെയാണ് കബളിപ്പിക്കാൻ ശ്രമിക്കുന്നത്?  ഒരു പക്ഷേ, വിദൂരമായ ഒരു സാധ്യത, ട്രംപിന് അസുഖമുണ്ടായിരിക്കാൻ ഉണ്ടെങ്കിൽ, ആ അസുഖം യുഎസ് കോൺഗ്രസിലെ സകല അംഗങ്ങൾക്കും അദ്ദേഹം പകർന്നു നൽകില്ലേ?  സ്വയം ക്വാറന്റൈൻ ചെയ്ത്, ഉത്തരവാദിത്തമുള്ള പൗരന്മാരാകാൻ അമേരിക്കൻ ജനതയോട്  നാഴികയ്ക്ക് നാല്പതുവട്ടം അഭ്യർത്ഥിക്കുന്ന ട്രംപ് അക്കാര്യത്തിൽ സ്വയം കാണിക്കുന്ന കുറ്റകരമായ അനാസ്ഥയ്ക്ക് വലിയ വിലയാണ് നൽകേണ്ടി വരിക. ഉത്തരവാദിത്തബോധം എന്നത് താനൊഴിച്ച് മറ്റുള്ളവർക്ക് മാത്രം ഉണ്ടായിരിക്കേണ്ട ഒന്നാണെന്നാണോ പ്രസിഡന്റ് ട്രംപ് കരുതുന്നത് എന്നാണ് ഇപ്പോൾ  എറിക് ലെവിറ്റ്സ് അടക്കമുള്ള അമേരിക്കയിലെ സുപ്രസിദ്ധ മാധ്യമപ്രവർത്തകരിൽ പലരും ചോദിക്കുന്നത്.