കുറച്ച് കാലത്തേക്കാണെങ്കിലും നഗരത്തിൽ ജീവിക്കേണ്ടി വരുന്ന ആളുകൾ ഇത്തരം വീട്ടുടമകളുമായി ഇടപെടാൻ വയ്യാത്തതിനാൽ വീട് വാങ്ങുകയാണ് ചെയ്യുന്നത് എന്നാണ് യുവാവ് ആരോപിക്കുന്നത്.
വീടുകൾക്ക് പല നഗരങ്ങളിലും കനത്ത വാടകയാണ് നൽകേണ്ടി വരാറ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം വാടക കുതിച്ചുയർന്നു കൊണ്ടിരിക്കുകയാണ്. ബെംഗളൂരു, ദില്ലി, മുംബൈ എല്ലാം അതിൽ പെടും. അതേസമയം, മാസാമാസം ഈ കനത്ത വാടക കൊടുക്കേണ്ടി വരുന്നത് പലരേയും സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തിലേക്ക് അടുപ്പിക്കാറുണ്ട്. അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.
രണ്ട് ദിവസം മുമ്പ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത് ബെംഗളൂരുവിൽ നിന്നുള്ള ഒരു യുവാവാണ്. ബെംഗളൂരുവിൽ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് അടുത്തിടെ മാറേണ്ടി വന്നു. ഇപ്പോൾ എന്തുകൊണ്ടാണ് ആളുകൾ വാടകവീടുകൾ നോക്കാതെ സ്വന്തമായി വീടുകൾ വാങ്ങുന്നത് എന്ന് മനസിലായി എന്നും യുവാവ് തന്റെ പോസ്റ്റിൽ പറയുന്നു.
വാടകയ്ക്ക് വീട് നോക്കിയപ്പോൾ വീട്ടുടമ ആറ് മാസത്തെ വാടകയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി ചോദിച്ചത്. മാത്രമല്ല, ഈ വാടക തിരികെ തരാതിരിക്കാനുള്ള ഒഴിവുകഴിവുകളും അവർ പറയും എന്നും യുവാവ് പറയുന്നു.
കുറച്ച് കാലത്തേക്കാണെങ്കിലും നഗരത്തിൽ ജീവിക്കേണ്ടി വരുന്ന ആളുകൾ ഇത്തരം വീട്ടുടമകളുമായി ഇടപെടാൻ വയ്യാത്തതിനാൽ വീട് വാങ്ങുകയാണ് ചെയ്യുന്നത് എന്നാണ് യുവാവ് ആരോപിക്കുന്നത്. ഫ്ലാറ്റ് ഒരു നിക്ഷേപമായി ഇവിടെ ആരെങ്കിലും കാണുന്നുണ്ട് എന്ന് തനിക്ക് തോന്നുന്നില്ല എന്നും യുവാവിന്റെ പോസ്റ്റിലുണ്ട്.
സമാനമായ അനുഭവമുണ്ടായി എന്ന് കാണിച്ച് നിരവധിപ്പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്. വീട് മാറുന്നതിന് മുമ്പ് വീട്ടുടമ ഒരാളെ വീട് പുതുക്കാൻ ഏല്പിച്ചിരുന്നു. അയാൾ തന്നെയാണ് എന്തൊക്കെ സാധനങ്ങളുണ്ട് എന്നും മറ്റും പരിശോധിച്ചത്. പിന്നീട്, അയാളും വീട്ടുടമയും തമ്മിൽ പ്രശ്നമായി. എന്നാൽ, അയാൾ പല സാധനങ്ങളും എടുത്തുകൊണ്ടുപോയി, അതിന്റെ പേരിൽ ഒരു ലക്ഷത്തോളം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്നും പിടിച്ചു എന്നാണ് ഒരാൾ കമന്റ് നൽകിയത്.
സ്വന്തമായി വീട് എടുക്കുമ്പോഴുണ്ടാകുന്ന സമാധാനം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് എന്നാണ് മറ്റ് ചിലർ കമന്റുകൾ നൽകിയത്. അതേസമയം, വലിയ തുക വേണ്ടിവരും ബെംഗളൂരുവിൽ സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങാനെന്ന് സൂചിപ്പിച്ചവരും ഉണ്ട്.


