സുവിൽ നിന്ന് ഷായി അന്യായമായി തട്ടിയെടുത്ത പണം തിരികെ തരാൻ ഉത്തരവിടണം എന്ന് ആവശ്യപ്പെട്ട് സുവിന്റെ കുടുംബം ഷായിക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു.
11 കോടിയുടെ സമ്പാദ്യം ഭാര്യ തട്ടിയെടുത്തു എന്ന് ആരോപിച്ച് ഭർത്താവ് ആത്മഹത്യ ചെയ്തു. ചൈനയിലെ ബെയ്ജിംഗ് സ്വദേശിയായ സു സിയാങ്‌മാവോ എന്ന യുവാവാണ് ഭാര്യ 11.92 കോടി രൂപ തട്ടിയെടുത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത്. സിയാങ്‌മാവോയുടെ ഭാര്യയായിരുന്ന ഷായ് സിൻസിൻ എന്ന യുവതിയാണ് ഇരുവരും ഒരുമിച്ച് ഉണ്ടായിരുന്ന ചുരുങ്ങിയ വിവാഹ കാലയളവിൽ ഇയാളിൽനിന്ന് 10 ദശലക്ഷം യുവാൻ (ഏകദേശം 11.92 കോടി രൂപ) തട്ടിയെടുത്തത്.
ബെയ്ജിംഗിൽ ഐടി കമ്പനി സംരംഭകനായ സു സിയാങ്‌മാവോ കെട്ടിടത്തിനു മുകളിൽ നിന്നും താഴേക്ക് ചാടിയാണ് ആത്മഹത്യ ചെയ്തത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച് തൻറെ മരണത്തിന് ഉത്തരവാദി മുൻ ഭാര്യ ഷായ് സിൻസിൻ ആണ് എന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ആത്മഹത്യ കുറിപ്പ് എഴുതിവച്ചതിനുശേഷം ആണ് ഇയാൾ ആത്മഹത്യ ചെയ്തത്. ആത്മഹത്യാ കുറിപ്പ് പിന്നീട് സുവിന്റെ സഹോദരൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
2017 മാർച്ചിൽ ബെയ്ജിംഗിൽ ഒരു ഓൺലൈൻ ഡേറ്റിംഗ് ആപ്പ് വഴിയാണ് 43 -കാരനായ സു ഷായിയെ കണ്ടുമുട്ടിയത്. കുറച്ച് നാളത്തെ ഡേറ്റിംഗിന് ശേഷം ഇരുവരും ജൂൺ 7 -ന് വിവാഹിതരായി. എന്നാൽ, വെറും രണ്ട് മാസത്തിനുള്ളിൽ അവരുടെ ദാമ്പത്യത്തിൽ വിള്ളലുകൾ ഉണ്ടാകുകയും ജൂലൈ 18 ന് ഇരുവരും വേർപിരിയുകയും ചെയ്തു.
സുവിനെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് ഷായിക്ക് ഒരു നിബന്ധന ഉണ്ടായിരുന്നു എന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുവരുടെയും വിവാഹം വരെ ഷായിയുടെ ബാങ്ക് അക്കൗണ്ടിൽ ദിവസവും 5,0000 യുവാൻ നിക്ഷേപിക്കാൻ അവൾ സുവിനോട് ആവശ്യപ്പെടുകയും അയാൾ അത് പ്രകാരം പണം നിക്ഷേപിക്കുകയും ചെയ്തു. ഇതുകൂടാതെ 110 ദിവസം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചതെങ്കിലും ഈ കാലയളവിനുള്ളിൽ ഒരു കാറും ആഭരണങ്ങളും 3 മില്യണിലധികം യുവാൻ പണമായും ഷായി ഇയാളിൽ നിന്നും മേടിച്ചിരുന്നു.
സുവിൽ നിന്ന് ഷായി അന്യായമായി തട്ടിയെടുത്ത പണം തിരികെ തരാൻ ഉത്തരവിടണം എന്ന് ആവശ്യപ്പെട്ട് സുവിന്റെ കുടുംബം ഷായിക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു. സൂവിന്റെ വീട്ടുകാർ നൽകിയ പരാതിയിൽ കേസെടുത്ത കോടതി 320,000 യുവാൻ വിലയുള്ള മോതിരങ്ങളും നെക്ലേസുകളും, 1,000,000 യുവാൻ വിലമതിക്കുന്ന ഒരു വിലയേറിയ ടെസ്‌ല കാറും, സുവിൽ നിന്ന് ലഭിച്ച പണമായി 1.87 മില്യൺ യുവാനും തിരികെ നൽകാൻ ഉത്തരവിട്ടു.
അവ വിവാഹ നിശ്ചയ സമ്മാനങ്ങളാണെന്ന് ഷായ് വാദിച്ചെങ്കിലും കോടതി അവളുടെ അവകാശവാദങ്ങൾ നിരസിച്ചു. കൂടാതെ ഇയാളുടെ മരണത്തിൽ ഷായി ഉത്തരവാദിയാണ് എന്ന് നിരീക്ഷിച്ച കോടതി യുവതിയോട് സുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 6.6 മില്യൺ യുവാൻ നഷ്ടപരിഹാരമായി നൽകാനും വിധിച്ചു
