നീലഗിരി ജില്ലയിലെ നെല്ലാക്കോട്ട, ഗൂഡല്ലൂർ തുടങ്ങിയ പട്ടണങ്ങളിൽ കാട്ടാന, കടുവ, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങൾ സ്വൈരവിഹാരം നടത്തുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നഗരത്തിലിറങ്ങുന്ന മൃഗങ്ങൾ ഭീതി വിതയ്ക്കുന്നു.
അതിരാവിലെ സ്‌കൂളിലേക്കും മദ്രസയിലേക്കുമൊക്കെ കുട്ടികളെ കൊണ്ട് വിടുന്നതിനിടയിലോ, വൈകീട്ട് ജോലി കഴിഞ്ഞ് നേരം ഇരുട്ടും മുമ്പ് വീട്ടിലേക്കുള്ള ഓട്ടത്തിനിടയിലോ ഒരു ആനയെയോ കടുവയെയോ പോലെ ഭീതിവളർത്തുന്ന വന്യമൃഗങ്ങള്‍ മുമ്പിലെത്തിയാല്‍ എന്ത് ചെയ്യും? 'ഒന്നും ചെയ്യാനില്ല, എല്ലാം ആനയോ കടുവയോ ചെയ്‌തോളു'മെന്നാണ് തമാശയായി നീലഗിരിക്കാര്‍ പറയുന്നത്. യാഥാര്‍ത്ഥ്യവും അത് തന്നെയാണ്. ആനയ്ക്ക് തൊട്ടുമുമ്പില്‍ നിന്ന്, ആ മൃഗത്തിന്‍റെ ദയയെന്ന് കരുതാവുന്ന തരത്തില്‍ രക്ഷപ്പെട്ടെത്തിയ നിരവധി മനുഷ്യർ നീലിഗിരി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്നും ജീവിക്കുന്നു. ആ അനുഭവത്തിന് നേർസാക്ഷ്യമായി. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നീലഗിരിയുടെ ടൗണുകളില്‍ ആനയും കടുവയും പുലിയും കാട്ടുപോത്തും സ്വൈര വിഹാരം നടത്തുന്നു. ചില വൈകുന്നേരങ്ങളില്‍ നിറയെ ആളുകളുള്ള ടൗണിലേക്ക് ഒരു കൂസലുമില്ലാതെ കുട്ടികളടക്കം പത്തും പതിനഞ്ചും അംഗങ്ങളുള്ള ആനകൾ സമീപത്തെ വനങ്ങളില്‍ നിന്നും ഇറങ്ങി വരും!
നെല്ലാക്കോട്ട ടൗണ്‍
തമിഴ്‌നാട്ടുകാരെങ്കിലും മലയാളം സംസാരിക്കുന്നവര്‍ ഏറെ താമസിക്കുന്ന മേഖലയാണ് നെല്ലാക്കോട്ട. ഈ ചെറു പട്ടണത്തിന്‍റെ പ്രത്യേകത എന്തെന്ന് വെച്ചാല്‍, തൊട്ട് സമീപത്ത് കാടാണ്. വിനോദ സഞ്ചാരികള്‍ക്ക് കൗതുകം പകരുമെങ്കിലും ടൗണില്‍ സ്ഥിരമായി ജോലിയെടുക്കേണ്ടി വരുന്നവര്‍ക്കും ജോലി കഴിഞ്ഞ് ഇതുവഴി യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്കും ഉള്ളിലെന്നും ഒരു ഭീതിയാണ്. ടൗണില്‍ നിന്ന് ഏറെ താഴ്ച്ചയില്‍ കിടക്കുന്ന കാട്ടില്‍ നിന്നും സ്ഥിരമായി ആനകള്‍ ഇവിടേയ്ക്ക് കയറി വരാറുണ്ട്. ഒരു മാസത്തിനുള്ളിൽ ഏഴോ - എട്ടോ തവണയെങ്കിലും ഇത്തരത്തില്‍ ഒറ്റയ്ക്കായും കൂട്ടമായും ആനകൾ ടൗണിലെത്തിയിട്ടുണ്ട്. അങ്ങനെ വന്നർ ഒരിക്കല്‍ കാറും ബൈക്കും അടക്കം റോഡ് സൈഡില്‍ പാർക്ക് ചെയ്ത വാഹനങ്ങളെല്ലാം തകര്‍ത്താണ് തിരികെ പോയത്. ജനങ്ങളുടെ ജാഗ്രത ഒന്ന് കൊണ്ട് മാത്രമാണ് മനുഷ്യ ജീവന് ഇതുവരെ ഒന്നും സംഭവിക്കാത്തതും. ആനയെത്തുമ്പോഴേക്കും ആദ്യം കാണുന്നവര്‍ ഓടി നടന്ന് ടൗണിലുള്ളവരെ വിവരം അറിയിക്കും. പിന്നാലെ മറ്റുള്ളവരും ജാഗ്രത പാലിക്കും.

വഴി തടയുന്ന കാട്ടുപോത്തുകൾ
ഗൂഡല്ലൂര്‍ താലൂക്കില്‍ കാട്ടുപോത്തുകളും കാട്ടാനകളും ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നത് ഇന്നൊരു പതിവ് കാഴ്ചയാണ്. ഗൂഡല്ലൂര്‍ - കോഴിക്കോട് അന്തര്‍ സംസ്ഥാന പാത കടന്നുപോകുന്ന മരപ്പാലം, പുളിയമ്പാറ മേഖലകളില്‍ ദിവസങ്ങളായി രണ്ട് കാട്ടുപോത്തുകള്‍ ഭീതി വിതച്ച് വിഹരിക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാപ്പിക്കാട് ഭാഗത്ത് നിന്നും വന്ന പോത്തുകള്‍ പുളിയമ്പാറ, മരപ്പാലം, മട്ടം ഭാഗത്തെ കൃഷികളെല്ലാം ഏതാണ്ട് പൂര്‍ണമായും നശിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രി രണ്ടരയോടെയാണ് കാട്ടുപോത്തുകള്‍ പ്രദേശത്തെ ജനവാസകേന്ദ്രത്തിൽ എത്തിയെത്തിയതെന്ന് നാട്ടുകാരും പറയുന്നു.
ചേമ്പാല ടൗണില്‍ കൂളായി കാട്ടാന
കോഴിക്കോട് സംസ്ഥാന പാതയിലെ ചേമ്പാലയില്‍ വ്യാഴാഴ്ച രാവിലെ എട്ടരയാടെയായിരുന്നു അത് സംഭവിച്ചത്. ചെളിവയല്‍ റോഡ് ഭാഗത്ത് നിന്നെത്തിയ കാട്ടാന പ്രധാന റോഡില്‍ കയറിയ ശേഷം കടകള്‍ക്കിടയിലൂടെ കൂസലില്ലാതെ നടന്നു. ആളുകള്‍ ബഹളം വെച്ചതോടെ ആന ഓടി സമീപത്തെ തേയിലത്തോട്ടത്തിലൂടെ കാട്ടിലേക്ക് മറഞ്ഞു. ഒട്ടേറെപ്പേര്‍ കടകളിലും ടൗണിലുമുള്ള സമയത്താണ് കാട്ടാനയുടെ വരവ്. തലനാരിഴക്കായിരുന്നു ആളുകള്‍ ആനക്ക് മുന്നില്‍ നിന്നും രക്ഷപ്പെട്ടത്. ആന ടൗണില്‍ എത്തിയതറിയാതെ പലരും ബൈക്കിലും കാറുകളിലുമൊക്കെ ഈ സമയം ടൗണ്‍ വഴി പോകുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിലൂടെയും വാട്സാപ്പുകളിലൂടെയും വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു.

രൂക്ഷമായ വന്യമൃഗ ശല്യം
നീലഗിരി ജില്ലയിലുള്‍പ്പെട്ട ശ്രീമധുര, ദേവര്‍ഷോല പഞ്ചായത്തുകളിലെ രൂക്ഷമായ വന്യമൃഗശല്യം വര്‍ഷങ്ങളായി അവസാനിക്കാത്ത അധ്യായങ്ങളാണ്. ശ്രീമധുര, മണ്‍വയല്‍, പുത്തൂര്‍വയല്‍, മുതുമല, പാടുന്തറ, ദേവര്‍ഷോല, പാട്ടവയല്‍, ബിദര്‍ക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍ വന്യമൃഗാക്രമണം സ്ഥിരം സംഭവമാണ്. കടുവ, പുലി, കാട്ടാന എന്നിവ സ്ഥിരം ഈ മേഖലയില്‍ ഭീതി പടര്‍ത്തുകയാണ്. നീലഗിരി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ തൊഴിലാളികള്‍ അടക്കം നിരവധി പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഈ വര്‍ഷം കൊല്ലപ്പെട്ടത്. നിരവധി തവണ പ്രതിഷേധങ്ങളും റോഡ് ഉപരോധങ്ങളും നടന്നിട്ടും ഇന്നും വന്യമൃഗശല്യത്തിന് സ്ഥിരമായി പരിഹാരം കാണാന്‍ അധികൃതര്‍ക്ക് ആയിട്ടില്ല. വേനലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. കാട്ടിലെ വരള്‍ച്ച ആരംഭിച്ചാല്‍ വയനാട്ടിലേതിന് സമാനമായി ആനയടക്കമുള്ള വന്യമൃഗങ്ങള്‍ പുറത്തിറങ്ങുന്നത് നിലഗിരിയിലും ഒരു നിത്യ സംഭവമാകും. .
