സ്കൂളിൽ പോകാൻ മടിച്ച് കട്ടിലിൽ കിടന്ന കുട്ടിയെ വീട്ടുകാർ കട്ടിലോടെ ചുമന്ന് സ്കൂളിലെത്തിച്ചു. തെരുവിലൂടെയുള്ള ഈ യാത്രയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കുട്ടിക്കാലത്തെ ഓർമ്മിപ്പിക്കുന്നുവെന്ന് ചില സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. 

സ്കൂളിൽ പോകാൻ കുട്ടികൾ മടിക്കുന്നത് സ്വാഭാവികമാണ്. പലപ്പോഴും കുട്ടികളുടെ ആ വാശിക്ക് മാതാപിതാക്കളും ഒരു പരിധിവരെ സമ്മതം മൂളാറാണ് പതിവ്. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായ ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. സ്കൂളില്‍ പോകാന്‍ മടികാണിച്ച ഒരു കുട്ടിയോട് അവന്‍ മാതാപിതാക്കൾ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് കാണിക്കുന്ന ഏറെ രസകരമായ ഒരു കാഴ്ചയായിരുന്നു ആ വീഡിയോയിൽ ഉണ്ടായിരുന്നത്.

കട്ടിലോടെ ചുമന്ന് വീട്ടുകാർ

വീഡിയോയിൽ, സ്കൂളിൽ പോകാൻ ഒട്ടും താൽപ്പര്യമില്ലാത്ത ഒരു കൊച്ചുകുട്ടിയെ കാണാം. സ്കൂളിൽ പോകാതിരിക്കാൻ അവൻ തന്നാലാകുന്നതെല്ലാം ചെയ്യുന്നുണ്ട്. കുട്ടി കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ വിസമ്മതിക്കുകയും കട്ടിലിനെ മുറുകെ പിടിച്ച് അവിടെത്തന്നെ കിടക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. അവനെ അനുനയിപ്പിക്കാനുള്ള കുടുംബത്തിന്‍റെ ആവർത്തിച്ചുള്ള ശ്രമങ്ങളെ അവൻ തള്ളിക്കളയുന്നു. അതേസമയം അവൻറെ വാശി സമ്മതിച്ച് കൊടുക്കാൻ വീട്ടുകാരും തയ്യാറാകുന്നില്ല. തുടർന്ന് അവർ അവനെ കട്ടിലോടെ പൊക്കിയെടുത്ത് സ്കൂളിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തെരുവിലൂടെ കട്ടിലോടെ ചുമന്ന് കുട്ടിയെ കൊണ്ട് പോകുന്നത് കണ്ട് വഴിയാത്രക്കാർ ചിരിക്കുന്നതും വീഡിയോയിൽ കാണാം.

Scroll to load tweet…

കുട്ടിക്കൊപ്പമെന്ന് നെറ്റിസെന്‍സ്

രസകരമായ കാര്യം, സ്കൂൾ മുറ്റത്തെത്തിയിട്ടും മറ്റ് കുട്ടികൾ ക്ലാസ് മുറിയിലേക്ക് കയറിപ്പോകുന്നത് കണ്ടിട്ടും കട്ടിൽ നിന്ന് എഴുന്നേൽക്കാൻ പോലും അവൻ തയ്യാറാകുന്നില്ല, ഒടുവിൽ ഒരു അധ്യാപിക തന്നെ നേരിട്ടെത്തി അവനെ കട്ടിലിൽ നിന്നും എഴുന്നേൽപ്പിക്കാൻ ശ്രമം നടത്തുന്നു. പക്ഷേ, അതും പരാജയപ്പെടുന്നു. സമൂഹ മാധ്യമങ്ങളിൽ വളരെ വേഗത്തിൽ വീഡിയോ വൈറലായി. അതേസയം സമൂഹ മാധ്യമ ഉപയോക്താക്കളിൽ വലിയൊരു വിഭാഗവും കുട്ടിക്കൊപ്പമാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തി. രസകരമായ കാഴ്ചയെന്നും ബാല്യകാലത്തിലേക്ക് മടങ്ങിപ്പോയെന്നും നിരവധി പേരാണ് അഭിപ്രായപ്പെട്ടത്. എവിടെ നിന്ന്, എപ്പോൾ, ആര്, ചിത്രീകരിച്ചതാണ് വീഡിയോ എന്ന വിവരങ്ങളൊന്നുമില്ല, കൂടാതെ വീഡിയോയ്ക്ക് താഴെ ചിലർ അഭിപ്രായപ്പെട്ടത് സോഷ്യൽ മീഡിയയിൽ കൂടുതൽ കാഴ്ചക്കാരെ ലഭിക്കുന്നതിനായി ബോധപൂർവ്വം സൃഷ്ടിച്ച വീഡിയോയാകാം ഇതെന്നാണ്.