മസോണ്‍ മഴക്കാടുകളില്‍ തുടരെത്തുടരെയുണ്ടാകുന്ന കാട്ടുതീ ആശങ്കാജനകമാകുന്നു. ഇതുസംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് ബ്രസീലിയന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് പുറത്തുവിട്ട ഉപഗ്രഹ വിവരങ്ങളനുസരിച്ച് 2018 -നെ അപേക്ഷിച്ച് 83 ശതമാനം വര്‍ധനവാണ് കാട്ടുതീയുണ്ടാകുന്നതില്‍ ഉണ്ടായിട്ടുള്ളതെന്നാണ് പറയുന്നത്.

 

ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ത്തന്നെ ആമസോണ്‍ മേഖലയില്‍ 74,000 -ത്തിലധികം തീപിടിത്തങ്ങളാണ് ഉണ്ടായതെന്ന് പറയുന്നു. 2013 -നു ശേഷം ഉണ്ടായ റെക്കോര്‍ഡ് തീപിടുത്തമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. ആഗസ്ത് 15 മുതല്‍ മാത്രം (ഒരാഴ്ചയ്ക്കുള്ളില്‍) 9,500 -ലധികം ഇടങ്ങളില്‍ കാട്ടുതീ ഉണ്ടായിട്ടുണ്ട്. 

നിന്നു കത്തി ആമസോണ്‍; വെന്തുരുകി ജീവജാലങ്ങള്‍ -ചിത്രങ്ങള്‍ കാണാം 

ഉപഗ്രഹചിത്രങ്ങള്‍ പ്രകാരം റോറൈമ സംസ്ഥാനം ഇരുണ്ട പുകയില്‍ പൊതിഞ്ഞ നിലയിലായിരുന്നതായി വ്യക്തമാണ്. സമീപസ്ഥലങ്ങളെ കൂടി ഈ കാട്ടുതീ വലിയതോതിലാണ് ബാധിച്ചിരിക്കുന്നത്. ഈ തീപിടുത്തങ്ങൾ ഇപ്പോൾ ബ്രസീലിലെ മറ്റ് പ്രദേശങ്ങളിലും വ്യാപകമായ സ്വാധീനം ചെലുത്തുന്നുണ്ട്. ആമസോണസ് സംസ്ഥാനത്ത് നിന്ന് അടുത്തുള്ള സംസ്ഥാനങ്ങളായ പാര, മാട്ടോ ഗ്രോസോ എന്നിവിടങ്ങളിലേക്ക് കൂടി പുക വ്യാപിക്കുകയാണ്. കൂടാതെ സാവോ പോളോയിൽ കനത്ത പുക കാരണം സൂര്യനെ കാണാനാവാത്ത സ്ഥിതിയുമുണ്ടായി. ഈ നഗരം 2,000 മൈൽ (3,200 കിലോമീറ്റർ) അകലെയാണ് എന്നോര്‍ക്കണം. 

ഇനിയും നാല് മാസങ്ങള്‍ കൂടി ശേഷിക്കുന്നുണ്ടെന്നിരിക്കെ, 2013 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവുമധികം കാട്ടുതീയുണ്ടായ വര്‍ഷം 2019 ആണ്. സാധാരണഗതിയിൽ, ആമസോണിലെ വരണ്ട സീസൺ ജൂലൈ മുതൽ ഒക്ടോബർ വരെയാണ്. സെപ്റ്റംബർ അവസാനത്തോടെ അതേറ്റവും ഉയര്‍ന്ന നിലയിലെത്തുന്നു. വർഷത്തിന്റെ ബാക്കി സമയത്തെ കാലാവസ്ഥ തീപിടിത്തത്തിന്‍റെ സാധ്യത അധികമില്ലാത്ത തരത്തിലുള്ളതാണ്. 

എന്നാല്‍, സാധാരണ സീസണുകളിലുണ്ടാകുന്ന തരത്തിലുള്ള കാട്ടുതീയല്ല ഇപ്പോഴുണ്ടാകുന്നത്. ആഗോളതാപനം കാട്ടുതീയടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എന്നാല്‍, മനുഷ്യര്‍ കൃഷിയാവശ്യങ്ങള്‍ക്കും മറ്റുമായി തീയിടുന്നതടക്കമുള്ള കാര്യങ്ങളും ഈ കാട്ടുതീയുണ്ടാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് പറയുന്നത്.

 

വനനശീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ ബഹിരാകാശ ഗവേഷണ ഏജന്‍സിയുടെ തലവനെ പുറത്താക്കി ആഴ്ചകള്‍ കഴിയുന്നതിന് മുമ്പാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതെന്നതും ശ്രദ്ധേയമാണ്. ബോള്‍സോനാരയുടെ നയങ്ങളോട് നേരത്തെ തന്നെ ഇവിടെ പ്രതിഷേധങ്ങളുയരുന്നുണ്ട്. കാര്‍ഷികാവശ്യങ്ങള്‍ക്കടക്കം ആമസോണ്‍ കാടുകള്‍ കയ്യേറുന്നതുമായി ബന്ധപ്പെട്ട് യാതൊരെതിര്‍പ്പും ആ ഭരണകാലത്തുണ്ടാകുന്നില്ലായെന്ന് മാത്രമല്ല അതിനെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളാണ് ബോള്‍സോനാരയുടേതെന്നും നേരത്തെ വിയോജിപ്പ് ഉയര്‍ന്നിട്ടുണ്ട്.