ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വോട്ടെണ്ണൽ പുരോഗമിക്കെ ട്രെൻഡുകൾ അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്. തുടക്കത്തിൽ മുന്നേറിയ മഹാസഖ്യം ഇപ്പോൾ എൻഡിഎക്കു പിന്നിൽ ആയിട്ടുണ്ട്. ഒരു കക്ഷിക്കും കാര്യമായ ഭൂരിപക്ഷം വരാത്ത ഒരു ഫലത്തിന് പോലും സാധ്യത ഇപ്പോൾ നിലവിലുണ്ട്. ഈ അനിശ്ചിതാവസ്ഥയിൽ ബിഹാറിൽ ആർക്കാണ് ഒരു 'കിംഗ് മേക്കർ' റോളിൽ തിളങ്ങാനുള്ള സാധ്യത കല്പിക്കാവുന്നത്? ആ ഒരു ചോദ്യത്തിനുത്തരമായി പലരും നോക്കുന്നത്, ഏറെ പ്രതീക്ഷയോടെ കണക്കാക്കുന്നത് ലോക് ജനശക്തി പാർട്ടി (എൽജെപി) നേതാവ് ചിരാഗ് പസ്വാനെയാണ്. തെരഞ്ഞെടുപ്പിൽ ബിജെപി എൽജെപിയെ കൂടെ കൂട്ടിയില്ല എങ്കിലും, കഴിഞ്ഞ ഒക്ടോബർ 17 -ന് ചിരാഗ് പറഞ്ഞത് 'എനിക്ക് പ്രചാരണത്തിന് മോദിയുടെ ഫോട്ടോവെക്കേണ്ട കാര്യമില്ല. ഞാൻ മോദിയുടെ ഹനുമാനാണ്. അദ്ദേഹം എന്റെ നെഞ്ചിനുള്ളിൽ ഉണ്ട്. വേണമെങ്കിൽ നെഞ്ചു പിളർന്ന് മോദിയെ കാണിച്ചു തരാം. ' എന്നായിരുന്നു.

കഴിഞ്ഞ തവണ ബിജെപിക്കൊപ്പം നിന്ന് മത്സരിച്ച എൽജെപിക്ക് രണ്ടു സീറ്റ് മാത്രമേ നേടാൻ സാധിച്ചറിയുന്നുള്ളൂ. ഇത്തവണ ബിജെപി തെരഞ്ഞെടുപ്പിൽ എൽജെപിയെ കൂടെ നിർത്തിയില്ല. നിതീഷ്, ജിതൻ മാഞ്ചി, പ്രധാനമന്ത്രി മോദി എന്നിവരെ മുൻ നിർത്തിയാണ് ബിജെപി വോട്ടുചോദിച്ച് ചെന്നതും. എൽജെപിക്കോ ചിരാഗ് പസ്വാനോ തങ്ങളുടെ തെരഞ്ഞെടുപ്പ് സാധ്യതകളെ അട്ടിമറിക്കാൻ സാധിക്കില്ല എന്ന് തള്ളിപ്പറയുകയും ചെയ്തിരുന്നു ബിജെപി പ്രതിനിധി നവൽ കിഷോർ യാദവ്. 

എന്നാൽ, ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ മണിക്കൂറിൽ കണക്കുകളേക്കാൾ കൂടുതൽ സീറ്റുകളിൽ എൽജെപി മുന്നേറുന്നുണ്ട് ഇപ്പോൾ. ലോക് ജനശക്തി പാർട്ടിക്ക് ഇതേ മുന്നേറ്റം തുടരാനായാൽ ഒരു പക്ഷേ ബിഹാറിന്റെ രാഷ്ട്രീയ ഭാവിയിൽ നിർണായകമായ സ്വാധീനം ചെലുത്താൻ ആകുക, ഒരുപക്ഷെ സംസ്ഥാനത്തെ കിംഗ് മേക്കർ തന്നെ ആകാൻ സാധിക്കുക ചിരാഗ് പസ്വാനുതന്നെ ആകും. അതിനു തടസ്സമായി നിന്നേക്കുക ചിലപ്പോൾ നിതീഷ് കുമാറുമായി ചിരാഗ് പസ്വാൻ സൂക്ഷിക്കുന്ന രാഷ്ട്രീയ വിരോധം മാത്രമാകും.