Asianet News MalayalamAsianet News Malayalam

കർണാടകയിൽ ഇക്കുറി ഫലം കാണാതെ പോകുമോ 'ഡി കെ ഫാക്ടർ' ?

ഒരു സ്ട്രാറ്റജിസ്റ്റ് എന്ന നിലയിൽ ഇന്ത്യയിൽ ഡികെ ശിവകുമാറിന്റെ വെല്ലാൻ ഒരുപക്ഷേ, സാക്ഷാൽ അമിത് ഷാ മാത്രമേ കാണൂ

Will DK Factor fail to help congress resolve the Karnataka Crisis
Author
Karnataka, First Published Jul 18, 2019, 10:56 AM IST

തുലാസിൽ നിൽക്കുന്ന കർണാടക നിയമസഭ ഇന്ന് പകൽ വിശ്വാസവോട്ടിന് പോവുകയാണ്. മുമ്പ് കർണാടകയിൽ കോൺഗ്രസ് സഖ്യത്തിന് പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുള്ളപ്പോഴൊക്കെയും അവർക്കുമുന്നിൽ രക്ഷകനായി അവതരിച്ചിട്ടുള്ളത് കർണാടക രാഷ്ട്രീയത്തിലെ അതികായനായ ഡി കെ ശിവകുമാറായിരുന്നു. ഇത്തവണയും കർണാടകത്തിലെ കോൺഗ്രസ്-ജെഡിയു സഖ്യകക്ഷി സർക്കാരിനെ ഈ പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ സഭയ്ക്കകത്തും പുറത്തുമായി ഡികെയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ചരടുവലികൾക്കാവുമോ..? 

രാജ്യം മുഴുവൻ ആകാംക്ഷയോടെ ഉറ്റുനോക്കുമ്പോൾ, കർണാടകയില്‍ അരങ്ങേറുന്ന അവസാന നിമിഷ നാടകങ്ങളുടെയെല്ലാം സൂത്രധാരൻ 'ഡി കെ' എന്ന ഡികെ ശിവകുമാർ ആയിരിക്കും. ആരാണീ 'ഡി കെ'..? 

Will DK Factor fail to help congress resolve the Karnataka Crisis

കർണാടകയിലെ പന്ത്രണ്ട് എംഎൽഎമാർ നിയമസഭയിൽ നിന്ന് രാജിവെച്ച് പോയി ഒളിച്ചിരുന്ന മുംബൈയിലെ പവൈയിലുള്ള റിനൈസൻസ് ഹോട്ടലിനു വെളിയിൽ ഡികെ ശിവകുമാർ എന്ന കർണാടക രാഷ്ട്രീയത്തിലെ അതികായൻ തന്റെ കാറിൽ വന്നിറങ്ങിയപ്പോൾ അദ്ദേഹത്തെ തടയാൻ സായുധരായ ഒരു ബറ്റാലിയൻ പൊലീസ് തന്നെയുണ്ടായിരുന്നു. അവരോട് അദ്ദേഹം ചോദിച്ചു," നിങ്ങളാരെയാണ് ഹേ പേടിക്കുന്നത്..? എന്റെ കയ്യിൽ ഒരായുധവുമില്ല.. ഞാൻ ഈ നെഞ്ചിനുള്ളിൽ ഒരു ഹൃദയം മാത്രമെടുത്തുകൊണ്ടാണ് ഇങ്ങോട്ടു പുറപ്പെട്ടുപോന്നത്.." എന്ന്. 
 Will DK Factor fail to help congress resolve the Karnataka Crisis
ശരിയാണ്. അരയിൽ കത്തിയോ, തോക്കോ ഒന്നും തിരുകിക്കൊണ്ട് നടക്കാത്ത ഒരാളെ എന്തിനാണ് വിമതര്‍ ഇങ്ങനെ ഭയക്കുന്നത്..? ഒരു കമ്പനി പൊലീസ് അന്ന് റിനൈസൻസ് ഹോട്ടലിന്റെ മുറ്റത്ത് വന്നിറങ്ങിയത്, ഡികെ ശിവകുമാർ വരുന്നു എന്നുകേട്ട് പേടിച്ചരണ്ടുപോയ വിമത എംഎൽഎമാർ സ്റ്റേഷനിൽ വിളിച്ച് അദ്ദേഹത്തിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ടതിന്റെ പേരിലായിരുന്നു. അത്രയ്ക്ക് അപകടകാരിയാണോ വെറുമൊരു രാഷ്ട്രീയക്കാരൻ മാത്രമായ ശിവകുമാർ..? 
 
'ഡി കെ' എന്നും 'ഡി കെ ശി' എന്നുമൊക്കെ ശിവകുമാർ പൊതുവേ കർണാടക രാഷ്ട്രീയവൃത്തങ്ങളിൽ അറിയപ്പെടുന്നുണ്ട്. നാക്കിന്റെ മൂർച്ചകൊണ്ടും, പേശീബലം കൊണ്ടും അദ്ദേഹം കാര്യങ്ങളെ തന്റെ വരുതിക്ക് നിർത്താറുണ്ട് എന്നാണ് പൊതുവെയുള്ള സംസാരം.

കർണാടകത്തിലെ വിദ്യാർത്ഥിരാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞുതന്നെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ചയാളാണ് 'ഡി കെ'. ഗ്രാനൈറ്റ് മൈനിങ്, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിങ്ങനെ നീളുന്ന പലവിധബിസിനസുകളിലൂടെ ചുരുങ്ങിയകാലം കൊണ്ട് ഒരു കോടീശ്വരനായി അദ്ദേഹം. പ്രായോഗിക രാഷ്ട്രീയത്തിലുള്ള കേളീവൈഭവം കൊണ്ട് തന്റെ ശത്രുപാളയത്തിലുള്ളവർ പോലും ആരാധനയോടെയാണ് ഡികെ ശിവകുമാറിന്റെ  കാണുന്നത്. ഇക്കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം നടത്തിയ പ്രവർത്തങ്ങൾ ഏറെ ശ്ലാഘിക്കപ്പെട്ടിരുന്നു. 'ഇലക്ഷൻ സ്ട്രാറ്റജിസ്റ്റ്' എന്ന നിലയിൽ ഇന്ത്യയിൽ അദ്ദേഹത്തെ വെല്ലാൻ ഒരുപക്ഷേ, സാക്ഷാൽ അമിത് ഷാ മാത്രമേ കാണൂ. ഹൈക്കമാൻഡിന്റെ നിർദ്ദേശങ്ങൾ അക്ഷരം പ്രതി പാലിക്കുന്ന വിശ്വസ്‌തവിധേയനായ ഒരു കോൺഗ്രസുകാരൻ എന്ന പ്രതിച്ഛായ കൂടി ഡികെ കാത്തുസൂക്ഷിക്കുന്നുണ്ട്. ബിജെപിക്ക് കർണാടകത്തിൽ ആരെയെങ്കിലും ഭയമുണ്ടെങ്കിൽ അത്, ഡികെ ശിവകുമാറിന്റെ മാത്രമാണ്. അദ്ദേഹത്തെ തങ്ങളുടെ പാളയത്തിലേക്കെത്തിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിതോൽവി സമ്മതിച്ചിരിക്കുകയാണ് ബിജെപി. അമിത് ഷാ നേരിട്ട് പ്രലോഭിപ്പിക്കാൻ ശ്രമിച്ചിട്ടുപോലും ഡികെയ്ക്ക് ഒരു ചാഞ്ചാട്ടവും ഉണ്ടായിട്ടില്ല ഇതുവരെ.

ഗുജറാത്തിൽ 2017-ൽ അഹമ്മദ് പട്ടേലിന്റെ രാജ്യസഭാംഗത്വത്തിനായുള്ള തെരഞ്ഞെടുപ്പിന്റെ സമയത്ത് വിവാദമുണ്ടായ സമയത്ത്, രക്ഷാപ്രവർത്തനത്തിന് ഹൈക്കമാൻഡ് പറഞ്ഞുവിട്ടത് ഡികെയെ. അന്ന് അവിടത്തെ 44  കോൺഗ്രസ് എംഎൽഎമാരെ ഒരാൾക്കും വിട്ടുകൊടുക്കാതെ ചിറകിനടിയിൽ പിടിച്ചുനിർത്തിയത് ഡികെ ആയിരുന്നു. പ്രലോഭനം നടപ്പില്ല എന്നുകണ്ട്‌, അടുത്തപടിയായി ഇൻകം ടാക്സ് റെയ്ഡുകൾ കൊണ്ട് സമ്മർദ്ദം ചെലുത്തിനോക്കി ശത്രുക്കൾ. എന്നാൽ അതിനെയൊക്കെ അന്ന് ഡികെ അതിജീവിച്ചു. റെയിഡുകൾ നടന്നപ്പോൾ മുന്നൂറ് കോടിയിലധികം രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെടുത്തു എന്നമട്ടിലാക്കി പ്രചാരണങ്ങൾ വന്നു. അന്ന് ഡികെ ഒന്നേ പറഞ്ഞുള്ളൂ. 'അവർ ഔപചാരികമായി ഒരു റെയ്ഡ് റിപ്പോർട്ട് തരട്ടെ, എന്നിട്ടു നോക്കാം' എന്ന്. ഒടുവിൽ റിപ്പോർട്ടുവന്നപ്പോഴോ റിസോർട്ടിൽ നിന്നും ആകെ 20  കോടി പിടിച്ചെടുത്തതിന്റെ കണക്കുകൾ മാത്രം. പിന്നെ കുറെ നികുതിവെട്ടിപ്പിന്റെ കേസുകളും. അന്നും, ഡികെയെ ഏല്പിച്ചത് നടന്നു, അഹമ്മദ് പട്ടേൽ അനായാസം രാജ്യസഭയിലെത്തി. 

Will DK Factor fail to help congress resolve the Karnataka Crisis

ഇത്തവണയും രാജിവെച്ചിറങ്ങിപ്പോയ എംഎൽഎമാർ സംഘംചേർന്ന് മുംബൈക്ക് പറന്നപ്പോൾ അവരെ എയർപോർട്ടിലിട്ടു പിടിക്കാൻ ഡികെ ഒരു ശ്രമം നടത്തി നോക്കിയിരുന്നു. പക്ഷേ, വിവരമറിഞ്ഞ് ഡികെ ഓടിപ്പിടിച്ച് എയർപോർട്ടിൽ എത്തിയപ്പോഴേക്കും ഒരു ചാർട്ടേഡ് വിമാനത്തിൽ അവർ 'രക്ഷപ്പെട്ടു' കഴിഞ്ഞിരുന്നു. അങ്ങനെ എളുപ്പം തോൽവി സമ്മതിക്കുന്ന ശീലമില്ലാത്ത ഡികെ അടുത്ത വിമാനത്തിൽ അവർക്കു പിന്നാലെ മുംബൈയ്ക്ക് വച്ചുപിടിച്ചു. പക്ഷേ, മുംബൈയിൽ നിന്നും അവരെ അനുനയിപ്പിക്കാനാകാതെ പോലീസിനാൽ അറസ്റ്റുചെയ്തു നീക്കപ്പെട്ട് തിരിച്ചു പോരേണ്ടി വന്നു ഡി കെ ശിവകുമാറിന്. 

ഇത്തവണത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിൻെറ ഫലം കർണാടകരാഷ്ട്രീയത്തിന്റെ സ്വഭാവം തന്നെ മാറ്റിമറിച്ചുകളഞ്ഞു. അടുത്ത അഞ്ചുവർഷത്തേക്ക് ബിജെപി കേന്ദ്രത്തിൽ തന്നെയുണ്ടാവും എന്നത് ഉറപ്പായതോടെ സഖ്യസർക്കാരിലെ പല എംഎൽഎമാരുടെയും മനസ്സുകൾ ചാഞ്ചാടി. അവരെ പ്രലോഭിപ്പിക്കാൻ അണിയറയിൽ ശ്രമങ്ങളും നടന്നു. അതിന്റെയൊക്കെ പരിണിതഫലമാണ് പാളയത്തിൽ ഇപ്പോൾ നടന്ന രാജിവെക്കൽ നാടകങ്ങളും മറ്റും. ഇതിനെ നേരിടാൻ ഡി കെ എന്ന ഒരാളുടെ പ്രതാപത്തിന് കഴിയാതെ പോവുന്നു എന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വിമതശബ്ദമുയർത്തി പുറത്തുപോയിരിക്കുന്ന എംഎൽഎമാരെ സാമദാനഭേദദണ്ഡങ്ങൾ ഏതും പ്രയോഗിച്ച് തിരിച്ചുകൊണ്ടുവരാൻ ഡികെ ശിവകുമാർ എന്ന 'ട്രബിൾഷൂട്ടറി'ന്റെ നേതൃത്വത്തിൽ കോൺഗ്രസ് കിണഞ്ഞു പരിശ്രമിക്കും. 

ഫലം കാണുമോ ഇക്കുറിയും 'ഡികെ ഫാക്ടർ' എന്നറിയാൻ രാജ്യം കർണാടകയിലേക്ക് ഉറ്റുനോക്കുന്നു..! 

Follow Us:
Download App:
  • android
  • ios