വിശ്വസിക്കാൻ പോലും പ്രയാസം, അബദ്ധത്തിൽ സ്വന്തം നാവ് കടിച്ച യുവതിക്ക് സംഭവിച്ചത്, ഞെട്ടി ഡോക്ടർമാരും
വളുടെ തൊലിയുടെ നിറം ചുവപ്പും നീലയും ആയി മാറി. നാവ് കരിംനീലയും. ഒരു ഘട്ടത്തിൽ നാവ് മുറിച്ചു മാറ്റുന്നതിനെ കുറിച്ച് പറയുന്നത് വരെ അവൾ കേട്ടു.

ഭക്ഷണം കഴിക്കുമ്പോൾ ഒരിക്കലെങ്കിലും സ്വന്തം നാക്കിൽ കടിക്കാത്തവരായി ആരും കാണില്ല. പ്രത്യേകിച്ച് ചൂടുള്ള ഭക്ഷണം കഴിക്കുമ്പോൾ. അത് വല്ലാത്ത എരിവിനും വേദനയ്ക്കും ഒക്കെ കാരണമായിത്തീരാറുണ്ട്. എന്നാൽ, അതങ്ങനെ അധികനേരം ഒന്നും നിലനിൽക്കാറില്ല. കുറച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ അത് ശരിയാവും. എന്നാൽ, മുറിവ് കുറച്ച് കൂടുതലാണ് എങ്കിലോ? അപ്പോഴും ആശുപത്രിയിലൊന്നും പോകാതെ തന്നെ ആ മുറിവ് ഭേദപ്പെടാറുണ്ട്.
ഓസ്ട്രേലിയയിൽ നിന്നുള്ള 27 -കാരിയായ കെയ്റ്റ്‍ലിൻ അസ്ലോപിന്റെ കാര്യത്തിൽ ഇതൊന്നുമല്ല സംഭവിച്ചത്. ഒരു ദിവസം സുഹൃത്തുക്കൾക്കൊപ്പം ഡിന്നർ കഴിക്കുകയായിരുന്നു അവൾ. അപ്പോഴാണ് അറിയാതെ സ്വന്തം നാക്ക് കടിച്ചുപോയത്. എന്നാൽ, പിന്നീടങ്ങോട്ടുണ്ടായതെല്ലാം വിശ്വസിക്കാൻ പോലും പ്രയാസം തോന്നുന്ന കാര്യങ്ങളാണ്. ആദ്യമാദ്യം കുഴപ്പമൊന്നും തോന്നിയില്ല. എന്നാൽ, ഓരോ മണിക്കൂർ കഴിയുമ്പോഴും ശ്വാസം കഴിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങി.
പിന്നീട്, അവളുടെ സംസാരം അവ്യക്തമാവുകയും തീരെ സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലേക്കും കാര്യങ്ങളെത്തി. അതോടെ അവൾ ഒരു ഡോക്ടറെ കാണാൻ തീരുമാനിച്ചു. അങ്ങനെ ഡോക്ടർ അവൾക്ക് മരുന്ന് നൽകി. അനാഫൈലാക്സിസ് എന്ന അലർജിയാണ് അവൾക്ക് എന്ന് കരുതിയാണ് മരുന്ന് കുറിച്ചത്. എന്നാൽ, പിന്നെയും അവളുടെ അവസ്ഥ വളരെ അധികം മോശമായി വന്നു. അവളുടെ തൊലിയുടെ നിറം ചുവപ്പും നീലയും ആയി മാറി. നാവ് കരിംനീലയും. ഒരു ഘട്ടത്തിൽ നാവ് മുറിച്ചു മാറ്റുന്നതിനെ കുറിച്ച് പറയുന്നത് വരെ അവൾ കേട്ടു.
ഒരുപാട് പരിശോധനകൾക്ക് ശേഷം, അസ്ലോപ്പിന്, ലുഡ്‌വിഗ്സ് ആൻജീന എന്നറിയപ്പെടുന്ന അപൂർവവും ജീവൻ തന്നെ അപകടപ്പെടുത്താവുന്നതുമായ അണുബാധയുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. വിസ്‍ഡം ടീത്താണ് ഇതിന് കാരണമായിത്തീരുന്നത്. ഇതുവഴി അണുബാധ അവളുടെ വായ്ക്കുള്ളിൽ പടരുകയായിരുന്നു. പിന്നീട്, അവളെ ഡോക്ടർമാർ ഇന്‍ഡ്യൂസ്ഡ് കോമയിലേക്ക് (Induced coma) മാറ്റി. ഒമ്പത് ദിവസമാണ് അവള്‍ അങ്ങനെ കിടന്നത്. പിന്നീട്, അവളുടെ അവസ്ഥ മെച്ചപ്പെട്ടു.
ഇത് തനിക്ക് രണ്ടാം ജന്മം കിട്ടിയത് പോലെയാണ് എന്നാണ് അസ്ലോപ് പറയുന്നത്. നാവ് മുറിയുന്നു, പിന്നാലെ ആരോഗ്യം മൊത്തം മോശമാവുന്നു, ഇന്‍ഡ്യൂസ്ഡ് കോമയിലേക്ക് പോകുന്നു... ഇതൊന്നും താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോൾ താൻ ഒരു പുതിയ ജീവിതത്തിലാണ് എന്നാണ് അവൾ പറയുന്നത്.