ആ സമയത്ത് ഓഫീസിൽ തനിക്കടക്കം മിക്കവർക്കും കൊവിഡ് പൊസിറ്റീവായി. വർക്ക് ഫ്രം ഹോം എടുക്കുന്ന സമയത്താണ് തനിക്ക് ​ഗർഭമലസിയത്. കടുത്ത പനിയും കൊവിഡും അങ്ങനെ പലവധി സങ്കീർണതകളിലൂടെ കടന്നുപോയ സമയമായിരുന്നു അതെന്നാണ് യുവതിയുടെ പോസ്റ്റിൽ പറയുന്നത്.

ജോലിസ്ഥലത്ത് മാനേജർമാരിൽ നിന്നും മറ്റുമുണ്ടാകുന്ന ചൂഷണങ്ങളെ കുറിച്ചും അതുപോലെ മോശം പെരുമാറ്റത്തെ കുറിച്ചുമെല്ലാം പലരും സോഷ്യൽ മീഡ‍ിയാ പ്ലാറ്റ്‍ഫോമായ റെഡ്ഡിറ്റിൽ ഷെയർ ചെയ്യാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ മാനേജറിൽ നിന്നും തനിക്കുണ്ടായ അനുഭവമാണ് യുവതി ഷെയർ ചെയ്തിരിക്കുന്നത്. കൊവിഡ്- 19 ബാധിച്ചപ്പോഴും തനിക്ക് രണ്ടാമത്തെ തവണ ഗർഭം അലസിയപ്പോഴും തന്റെ മാനേജർ തന്നോട് ആശുപത്രി രേഖകൾ ആവശ്യപ്പെട്ടുവെന്നും എച്ച്ആർ ബന്ധങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും 30 -കാരിയായ യുവതി കുറിക്കുന്നു.

അതുമാത്രമല്ല, ആദ്യമായി ഗർഭം അലസിയത് മാനേജറെ അറിയിച്ചതിന് ശേഷം അയാളിൽ നിന്നും അപമാനകരമായ പരാമർശങ്ങൾ ഉണ്ടായതായും യുവതി കുറിക്കുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് താൻ ​ഗർഭിണിയാവുകയും അത് അലസിപ്പോവുകയും ചെയ്തു. ഏകദേശം 6-7 മാസങ്ങൾക്ക് ശേഷം, വീണ്ടും ഗർഭം ധരിച്ചു. ഇത്തവണ, 40 -കാരനായ മാനേജരെ അക്കാര്യം അറിയിക്കാൻ താൻ തീരുമാനിച്ചു. കാരണം 'ഒരു കുഞ്ഞിനായി ശ്രമിക്കരുത്, നിങ്ങൾ കുഞ്ഞിന് വേണ്ടി അമിതമായ ആ​ഗ്രഹം ഉള്ള ആളാണ്' എന്ന് തന്നോടു പറഞ്ഞു, മറ്റുള്ളവരോടും ഗോസിപ്പ് പറഞ്ഞു എന്നും യുവതി പറയുന്നു.

ആ സമയത്ത് ഓഫീസിൽ തനിക്കടക്കം മിക്കവർക്കും കൊവിഡ് പൊസിറ്റീവായി. വർക്ക് ഫ്രം ഹോം എടുക്കുന്ന സമയത്താണ് തനിക്ക് ​ഗർഭമലസിയത്. കടുത്ത പനിയും കൊവിഡും അങ്ങനെ പലവധി സങ്കീർണതകളിലൂടെ കടന്നുപോയ സമയമായിരുന്നു അതെന്നാണ് യുവതിയുടെ പോസ്റ്റിൽ പറയുന്നത്. ഇത് മാനേജരെ അറിയിച്ചപ്പോൾ അയാൾ ആശുപത്രി രേഖകളും മറ്റും കാണിക്കാൻ പറഞ്ഞ് യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നുവത്രെ. ഒടുവിൽ, താൻ സിഇഒയോട് കാര്യങ്ങൾ പറഞ്ഞു. എന്നാൽ, ഒരു സ്ത്രീയായിട്ട് കൂടി അവർ തന്നെ സഹായിക്കാനായി ഒന്നും ചെയ്തില്ല. തൊഴിലിടങ്ങൾ കൂടുതൽ മനുഷ്യത്വപരവും ബഹുമാനം തരുന്നതുമായി മാറുമെന്നും, ഇതുപോലുള്ള മാനേജർമാർ ചോദ്യം ചെയ്യപ്പെടുമെന്നും താൻ‌ പ്രതീക്ഷിക്കുന്നു എന്നും യുവതി പോസ്റ്റിൽ പറയുന്നു.

നിരവധിപ്പേർ പോസ്റ്റിന് കമന്റുകൾ നൽകി. ഇത്തരം ജോലിസ്ഥലങ്ങൾ എത്രയും പെട്ടെന്ന് തന്നെ ഉപേക്ഷിക്കണം എന്നാണ് പലരും പറഞ്ഞത്. താൻ ആ ജോലി രാജിവച്ചുവെന്നും 18 മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അമ്മയാണ് ഇപ്പോഴെന്നും യുവതി കമന്റിൽ പറഞ്ഞു.