ഇതിനെ തുടർന്ന്, ഉടമ പ്രായമായ സ്ത്രീക്കെതിരെ പൊലീസിൽ പരാതി നൽകി. നിലവിൽ വിഷയം കോടതിയുടെ പരിഗണനയിലാണ്. ഇതിൽ രസകരമായ കാര്യം, ഈ സംഭവം നടക്കുമ്പോഴെല്ലാം നായ ഒന്നും മിണ്ടാതെ നോക്കി നിൽക്കുകയായിരുന്നു എന്നതാണ്. 

ജർമ്മനി(Germany)യിൽ നായ(Dog)യെ ചൊല്ലിയുള്ള വഴക്കിനെ തുടർന്ന് ഒരു സ്ത്രീ നായയുടെ ഉടമയായ മറ്റൊരു സ്ത്രീയെ കടിച്ചു ഗുരുതരമായി പരിക്കേല്പിച്ചു. വളർത്തുനായയെ എങ്ങനെ മര്യാദ പഠിപ്പിക്കണമെന്നതിനെ ചൊല്ലിയായിരുന്നു തർക്കം. ഒടുവിൽ അത് വഴക്കിൽ കലാശിക്കുകയും, കോപം അടക്കാൻ കഴിയാതെ 51 -കാരിയായ സ്ത്രീ നായയുടെ ഉടമയായ 27 -കാരിയെ കടിക്കുകയും ചെയ്‍തു. അപ്രതീക്ഷിതമായ ഈ ആക്രമണത്തിൽ ഉടമ താഴെ വീഴുകയും, പരിക്കേൽക്കുകയും ചെയ്തു. തുടർന്ന്, ഉടമയെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടിവന്നു. ഒടുവിൽ ഇപ്പോൾ കാര്യങ്ങൾ കോടതി വരെ എത്തിയിരിക്കയാണ്.

റിപ്പോർട്ടുകൾ പ്രകാരം, 27 -കാരിയായ സ്ത്രീ തന്റെ നായയെ നടത്താൻ കൊണ്ടുപോയതായിരുന്നു. അപ്പോഴാണ് പ്രായമായ സ്ത്രീ അവിടെ എത്തി നായയെ അച്ചടക്കം പഠിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയത്. അതിനിടയിൽ അവർ നായയെ അടിക്കുകയുണ്ടായി. ഇത് കണ്ടപ്പോൾ യജമാനത്തിക്ക് ദേഷ്യം വന്നു. സ്ത്രീകൾ തമ്മിൽ വാക്ക് തർക്കമുണ്ടായി. അത് പതുക്കെ അടിപിടിയിലേയ്ക്ക് എത്തിച്ചേർന്നു. ഒടുവിൽ പ്രായമായ സ്ത്രീ നായയുടെ ഉടമയെ പിടിച്ച് കടിച്ചു. പെട്ടെന്നുള്ള ഈ ആക്രമണത്തിൽ യുവതി താഴെ വീണു. അവളുടെ കാലിന് സാരമായി പരിക്കേറ്റു.

ഇതിനെ തുടർന്ന്, ഉടമ പ്രായമായ സ്ത്രീക്കെതിരെ പൊലീസിൽ പരാതി നൽകി. നിലവിൽ വിഷയം കോടതിയുടെ പരിഗണനയിലാണ്. ഇതിൽ രസകരമായ കാര്യം, ഈ സംഭവം നടക്കുമ്പോഴെല്ലാം നായ ഒന്നും മിണ്ടാതെ നോക്കി നിൽക്കുകയായിരുന്നു എന്നതാണ്. ജർമ്മനിയിലെ നിയമം അനുസരിച്ച്, വളർത്തു നായ്ക്കളെ ദിവസവും രണ്ടുതവണ ഒരു മണിക്കൂറെങ്കിലും നടത്തിക്കാൻ കൊണ്ടുപോകണം.

ഇത്തരം നായ്ക്കളെ കുറിച്ചുള്ള രസകരമായ വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിൽ നിറയെയുണ്ട്. അടുത്തിടെ, ഒരു വളർത്തു നായ കാർബൺ മോണോക്സൈഡ് വിഷബാധയിൽ നിന്ന് ഒരു കുടുംബത്തെ രക്ഷിച്ചതിന് ഇന്റർനെറ്റിൽ പ്രശംസിക്കപ്പെട്ടു. ബ്രാഡ് ഹെർബർട്ട് തന്റെ കുടുംബത്തോടൊപ്പം യുഎസിലെ അയോവയിലെ അങ്കെനിയിലാണ് താമസിക്കുന്നത്. അവരുടെ നായയായ റോക്സി പൊതുവേ സൗമ്യനായ ഒരു നായയാണ്. എന്നാൽ തിങ്കളാഴ്ച രാത്രി, റോക്സി വല്ലാതെ അസ്വസ്ഥനാകാൻ തുടങ്ങി.

“അവൻ എന്റെ കട്ടിലിൽ നിന്ന് ചാടി ഇറങ്ങുകയും, തിരികെ ചാടി കയറുകയും ചെയ്തുകൊണ്ടിരുന്നു. ഞങ്ങൾ അത് കാര്യമാക്കിയില്ല" അദ്ദേഹം പറഞ്ഞു. അൽപനേരം കഴിഞ്ഞപ്പോൾ ഒരു അലാറം അടിക്കുന്ന ശബ്ദം അവർ കേട്ടു. അത് എന്താണെന്ന് അറിയാൻ അദ്ദേഹം കിടക്കയിൽ നിന്ന് ഇറങ്ങി ഇടനാഴിയിലേക്ക് നടന്നു. അദ്ദേഹത്തിന്റെ കാർബൺ മോണോക്സൈഡ് ഡിറ്റക്ടർ അടിക്കുന്ന ശബ്ദമായിരുന്നു അത്. ഇത് മനസ്സിലാക്കിയായിരുന്നു നായ അസ്വസ്ഥത പ്രകടിപ്പിച്ചത്. 

(ചിത്രം പ്രതീകാത്മകം)