Asianet News MalayalamAsianet News Malayalam

ഒരു കയ്യും പകുതി കാലുമായി ജനിച്ചു, ഒട്ടും നിരാശയില്ല, സമയം വെറുതെ കളയാനില്ല എന്നും ചാർലി

"എനിക്ക് എന്നെങ്കിലും ഒരു കാമുകൻ ഉണ്ടാകുമോ എന്ന് ചിന്തിച്ച് ഞാൻ വിഷമിച്ചിരുന്നു" അവൾ പറഞ്ഞു. എന്നാൽ പിന്നീട് അവൾ അത്തരം ചിന്തകളുടെ പുറകെ പോകുന്നത് മതിയാക്കി. പകരം, ജീവിതം ആസ്വദിയ്ക്കാൻ തീരുമാനിച്ചു. ചാർലി ഇപ്പോൾ ഒരു റേഡിയോ ഹോസ്റ്റായി ജോലി ചെയ്യുന്നു. മെക്സിക്കോ, ഓസ്‌ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്രകൾ നടത്തുന്നു.

woman born with one arm and half leg
Author
Canada, First Published Aug 8, 2022, 3:39 PM IST

കാനഡയിൽ നിന്നുള്ള ചാർലി റൂസോയ്ക്ക് ഇപ്പോൾ 25 വയസ്സുണ്ട്. കൗമാരപ്രായത്തിലാണ് അവളുടെ അമ്മ അവളെ ഗർഭം ധരിച്ചത്. കുഞ്ഞിനെ വളർത്താൻ അമ്മയുടെ ജീവിത സാഹചര്യങ്ങൾ അനുവദിച്ചില്ല. അവർ തന്റെ മകളെ നശിപ്പിക്കാൻ തന്നെ തീരുമാനിച്ചു. അവർ ഗർഭച്ഛിദ്രത്തിന് ശ്രമിച്ചു. എന്നാൽ, കുഞ്ഞ് മരിച്ചില്ല. അവൾ അതിജീവിച്ചു. പക്ഷേ, അമ്മയുടെ ആ പ്രവൃത്തിയുടെ ബാക്കിപത്രമായി ഒരു കൈയും പകുതി കാലുമായാണ് അവൾ ജനിച്ചത്.    

കാനഡയിലെ ക്യൂബെക്കിലെ റൂയിൻ-നോറണ്ടയിലാണ് അവൾ ഇപ്പോഴുള്ളത്. ഇത്രയേറെ വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും, അവൾ ഒരു സാധാരണ കുട്ടിയെ പോലെ തന്നെയാണ് വളർന്നത്. കൗമാരപ്രായത്തിൽ എത്തിയപ്പോഴാണ്, അവളുടെ അമ്മ നടന്നതെല്ലാം അവളോട് തുറന്ന് പറയുന്നത്. ആശുപത്രിയിൽ വച്ച് ഡോക്ടർക്ക് സംഭവിച്ച കൈപ്പിഴയാണ് ഗർഭച്ഛിദ്രം പരാജയമായതെന്ന് അമ്മ മകളോട് പറഞ്ഞു. ഒടുവിൽ ഇനി ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് ഡോക്ടർ അവരോട് പറഞ്ഞു. അമ്മയ്ക്ക് വേണമെങ്കിൽ വീണ്ടും ശ്രമിക്കാമായിരുന്നു. അതുമല്ലെങ്കിൽ ആശുപത്രിയ്ക്ക് എതിരെ കോടതിയിൽ കേസ് കൊടുക്കാമായിരുന്നു. എന്നാൽ, നാട്ടുകാരെ അറിയിക്കാനോ, ഇതൊരു സംഭവമാക്കാനോ അമ്മയ്ക്ക് താല്പര്യമില്ലായിരുന്നുവെന്ന് ചാർലി പറയുന്നു.

താൻ എങ്ങനെയാണ് എന്നതിനെ കുറിച്ച് ഒരിക്കൽ പോലും ബോധവതിയായിരുന്നില്ല എന്നും ചാർലി പറയുന്നു. അതിന്റെ കാരണം അവളുടെ മാതാപിതാക്കളായിരുന്നു. മകളെ ഒരുതരത്തിലും അവർ വേർതിരിച്ച് കണ്ടിരുന്നില്ല. ഒരു കുഞ്ഞിന് കൊടുക്കേണ്ട എല്ലാ സ്വാതന്ത്ര്യവും അവൾ മകൾക്ക് കൊടുത്തു. അവൾ ഒരു സാധാരണ സ്കൂളിലാണ് പഠിച്ചിരുന്നത്. അവിടെ നിറയെ സുഹൃത്തുക്കളും അവൾക്ക് ഉണ്ടായിരുന്നു. ഇതൊന്നും ഒരിക്കലും ഒരു വിലങ്ങുതടിയാകരുതെന്ന് അവൾക്കും നിർബന്ധമുണ്ടായിരുന്നു. കുട്ടിക്കാലം കുഴപ്പമൊന്നുമില്ലാതെ പോയെങ്കിലും, കൗമാരപ്രായത്തിലേയ്ക്ക് കടന്നപ്പോൾ, അവൾക്ക് സ്വയം സംശയങ്ങൾ തോന്നി തുടങ്ങി. കൂട്ടുകാരികൾ ഡേറ്റിംഗിന് പോകാനും, ആൺകുട്ടികളുടെ ഒപ്പം ചുറ്റാനും ഒക്കെ തുടങ്ങിയപ്പോൾ, തന്നെ ആരെങ്കിലും പ്രണയിക്കുമോ എന്നവൾ ആശങ്കപ്പെടാൻ തുടങ്ങി. അവൾക്കും ഡേറ്റിംഗിന് പോകണമെന്നും, പ്രണയിക്കണെമെന്നും ഒക്കെ ആഗ്രഹം തോന്നി. എന്നാൽ ഉയരം കുറഞ്ഞ, ഭിന്നശേഷിക്കാരിയായ തന്നെ കണ്ട് ആര് ഇഷ്ടപ്പെടുമെന്ന് അവൾ ഓർത്തു.  

"എനിക്ക് എന്നെങ്കിലും ഒരു കാമുകൻ ഉണ്ടാകുമോ എന്ന് ചിന്തിച്ച് ഞാൻ വിഷമിച്ചിരുന്നു" അവൾ പറഞ്ഞു. എന്നാൽ പിന്നീട് അവൾ അത്തരം ചിന്തകളുടെ പുറകെ പോകുന്നത് മതിയാക്കി. പകരം, ജീവിതം ആസ്വദിയ്ക്കാൻ തീരുമാനിച്ചു. ചാർലി ഇപ്പോൾ ഒരു റേഡിയോ ഹോസ്റ്റായി ജോലി ചെയ്യുന്നു. മെക്സിക്കോ, ഓസ്‌ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്രകൾ നടത്തുന്നു. "ആളുകൾ എല്ലായിടത്തും വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്. യാത്രകൾ പോകുന്നത് നല്ല രസമാണ്. വെറുതെ ഓരോന്ന് ആലോചിച്ച് സമയം കളയാതെ ഇന്നിൽ ജീവിക്കൂ" അവൾ പറഞ്ഞു. ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും അവൾക്ക് ഇപ്പോൾ നിരവധി ഫോളോവേഴ്‌സുമുണ്ട്.  

Follow Us:
Download App:
  • android
  • ios