ട്രെയിൻ സമയം ചോദിച്ചും, ദന്തഡോക്ടറുടെ നമ്പർ ചോദിച്ചും, വെള്ളമില്ല എന്ത് ചെയ്യും എന്നൊക്കെയുള്ള നിസാര ആവശ്യങ്ങൾ പറഞ്ഞ് വിളിക്കുന്നവർ നിരവധിയാണെന്ന് പൊലീസ് പറയുന്നു.
നമ്മുടെ രാജ്യത്ത് അടിയന്തര സാഹചര്യങ്ങൾക്കുള്ള നമ്പറാണ് 112. പൊലീസ്, ആംബുലൻസ് തുടങ്ങി ഏത് സേവനവും നമുക്ക് ഇത് വഴി ലഭ്യമാകും. അതുപോലെ ഇംഗ്ലണ്ടിലെ ലിങ്കൺഷയറി(Lincolnshire)ലെ എമർജൻസി നമ്പരാ(Emergency number)ണ് 999. എന്നാൽ, കഴിഞ്ഞ ദിവസം ഒരു സ്ത്രീ ആ നമ്പറിൽ വിളിച്ച് വളരെ വിചിത്രമായ ഒരു ആവശ്യം ഉന്നയിക്കുകയുണ്ടായി. കാമുകൻ തന്നെ ചുംബിക്കുന്നില്ലെന്നതായിരുന്നു അത്. ജീവനോ സ്വത്തിനോ അപകടമുണ്ടാകുമ്പോൾ, മാത്രം വിളിക്കേണ്ട അടിയന്തിര നമ്പറിലായിരുന്നു അവൾ പൊലീസിനെ വിളിച്ച് ഈ പരാതി പറഞ്ഞത്. ഇത്തരം അനവധി കോളുകളാണ് തങ്ങൾക്ക് ലഭിക്കുമെന്നതെന്ന് പൊലീസ് പറയുന്നു.
അവർക്ക് ഏറ്റവും കൂടുതൽ കോൾ ലഭിക്കുന്ന ഒരു സമയമാണ് ക്രിസ്മസ്. അതുകൊണ്ട്, തന്നെ അത്ര അത്യാവശ്യമില്ലാതെ അതിൽ വിളിക്കരുതെന്ന് പൊലീസ് സേന ആദ്യമേ മുന്നറിയിപ്പ് നല്കിയിട്ടുള്ളതാണ്. 999 എന്ന നമ്പറിൽ ആവശ്യത്തിന് മാത്രം വിളിക്കുകയെന്ന അവബോധം സൃഷ്ടിക്കുന്നതിനായി ലിങ്കൺഷയർ പൊലീസ് #NOT999 എന്ന പേരിൽ ഒരു കാമ്പെയ്‌ൻ തന്നെ ആരംഭിച്ചിരുന്നു. എന്നിട്ടും പക്ഷേ ഇപ്പോഴും അതിൽ വിളിച്ച് കളിപ്പിക്കുന്ന ആളുകളുടെ എണ്ണം ചെറുതല്ല.
ട്രെയിൻ സമയം ചോദിച്ചും, ദന്തഡോക്ടറുടെ നമ്പർ ചോദിച്ചും, വെള്ളമില്ല എന്ത് ചെയ്യും എന്നൊക്കെയുള്ള നിസാര ആവശ്യങ്ങൾ പറഞ്ഞ് വിളിക്കുന്നവർ നിരവധിയാണെന്ന് പൊലീസ് പറയുന്നു. 2020 -ൽ, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ രൂക്ഷമായ കാലത്ത് ഓരോ ദിവസവും 265 എമർജൻസി കോളുകൾ വരെ വന്നിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ പക്ഷേ വെറുതെ കാര്യമല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നത് പലർക്കും ഒരു വിനോദമാണ് എന്ന് പൊലീസ് അഭിപ്രായപ്പെട്ടു.
'കാമുകൻ ചുംബിക്കുന്നില്ലെന്ന് പറഞ്ഞ് ഞങ്ങളെ 999 -ൽ വിളിക്കുന്നത് യുക്തിരഹിതമാണ്' ലിങ്കൺഷയർ പൊലീസ് പറഞ്ഞു. എന്നാൽ, സമയം പാഴാക്കാൻ ചെയ്യുന്ന ഇത്തരം കോളുകൾ ജീവൻ അപകടത്തിലായ ആളുകൾക്ക് സഹായം എത്തിക്കുന്നതിൽ തടസ്സം സൃഷ്ടിക്കുമെന്ന് ഫോഴ്‌സിന്റെ കൺട്രോൾ റൂം നടത്തുന്ന മൈക്ക് മോഡർ-ഫിച്ച് പറഞ്ഞു.
