താന്‍ ഓർഡർ ചെയ്ത ഭക്ഷണവുമായെത്തിയ ആളെ കണ്ട് യുവതിയ്ക്ക് വേദന തോന്നി. അദ്ദേഹത്തെ സഹായിക്കാനായി അവൾ സമാഹരിച്ചത് 18 ലക്ഷം രൂപ.

ചില കാഴ്ചകൾ നമ്മെ ഏറെ വേദനിപ്പിച്ചായിരിക്കും കടന്നു പോവുക. പലപ്പോഴും ആ കാഴ്ച മറഞ്ഞ ശേഷവും അതേ കുറിച്ച് നമ്മൾ ഓർക്കും. എന്നാല്‍, അത്തരമൊരു കാഴ്ചയെ ഓർമ്മയില്‍ താലോലിക്കാന്‍ വിടാതെ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒരു യുവതി തീരുമാനിച്ചപ്പോൾ ആരോരുമില്ലാത്ത ഒരു വൃദ്ധന്‍റെ ജീവിതമായിരുന്നു മാറിയത്. താന്‍ ഓർഡർ ചെയ്ത ഭക്ഷണവുമായെത്തിയ ഡെലിവറി ജീവനക്കാരന്‍റെ രൂപം, ഡാനെഹോൾഡ് എന്ന യുവതിയുടെ മനസിലേല്‍പ്പിച്ച ആഘാതമായിരുന്നു അടുത്തിടെ ലോകം കണ്ട ഏറ്റവും മനോഹരമായ ഒരു സമൂഹ മാധ്യമ പ്രവര്‍ത്തനം. ആ വേദയില്‍ നിന്നും ഡാനെഹോൾഡ്, ഡെലിവറി ജീവനക്കാരനായി സാമ്പത്തിക സഹായത്തിനായി അഭ്യർത്ഥിച്ചപ്പോൾ ലഭിച്ചത് 22,000 ഡോളര്‍, അതായത് ഏതാണ്ട് 19,26,000 രൂപ.

ഫ്ലോറിഡയിൽ നിന്നുള്ള അയർലൻഡ് ഡാനെഹോൾഡ് തനിക്ക് വേണ്ടി ഭക്ഷണം കൊണ്ടുവന്ന ഡെലിവറി ജീവനക്കാരനെ കണ്ട് ഞെട്ടി. വേദനിച്ച് ഉറപ്പിച്ചൊരു കാലടി പോലും വയ്ക്കാന്‍ കഴിയാതെ വേച്ച് വേച്ച് തനിക്കുള്ള ഭക്ഷണവുമായി തന്‍റെ വീട്ടു പടിക്കല്‍ നില്‍ക്കുന്ന വൃദ്ധനായ മനുഷ്യനായിരുന്നു ആ ഡെലിവറി ജീവനക്കാരന്‍. ഒന്നും സംസാരിക്കാതെ തന്‍റെ ഭക്ഷണം കൈമാറിയ ശേഷം വിറയ്ക്കുന്ന കാലുകൾ വേച്ച് വച്ച് അദ്ദേഹം പടിയിറങ്ങിപ്പോയി. അദ്ദേഹത്തിന്‍റെ ജീവിതത്തെ കുറിച്ച് അയർലൻഡ് ഡാനെഹോൾഡ് സമൂഹ മാധ്യമങ്ങളില്‍ സംസാരിച്ചു. വിശ്രമ ജീവിതം നയിക്കേണ്ട പ്രായത്തിൽ മുട്ട് വേദനയാല്‍ വിറയ്ക്കുന്ന കാലുകളുമായി അവനവന് അന്നം കണ്ടെത്താന്‍ മറ്റുള്ളര്‍വർക്ക് അന്നമെത്തിക്കുന്ന അദ്ദേഹത്തിന്‍റെ പേര് ബെയ്‌ലി എന്നായിരുന്നു.

View post on Instagram

'ആ പ്രായത്തിൽ ആരും ജോലി ചെയ്യേണ്ടിവരില്ല' എന്ന അടിക്കുറിപ്പോടെയാണ് ബ്രെയിൻ ന്യൂട്രീഷൻ എന്ന സമൂഹ മാധ്യമ പേജിലാണ് ഡാനെഹോൾഡ് വീഡിയോ പങ്കുവച്ചത്. ടിക് ടോക്കില്‍, ഇന്‍സ്റ്റാഗ്രാമില്‍ ആ വൃദ്ധന് വേണ്ടി അവര്‍ ധനസമാഹരണം തുടങ്ങി. സമൂഹ മാധ്യമങ്ങളിൽ വൈകാരിക വീഡിയോ ശ്രദ്ധ നേടിയതോടെ യുഎസിലെ വൃദ്ധനായ ഡെലിവറി ജീവനക്കാരന്‍റെ ജീവിതം തന്നെ മാറി. നാലായിരം ഡോളറെങ്കിലും സമാഹരിക്കാമെന്ന പ്രതീക്ഷയില്‍ ഡാനെഹോൾഡ് പേജ് ആരംഭിച്ചെങ്കിലും ദിവസങ്ങൾക്കുള്ളില്‍ ആ പേജില്‍ നിറഞ്ഞത് 22,000 ഡോളര്‍. പിന്നാലെ യുവതി ആ വൃദ്ധനായ ഡെലിവറി ജീവനക്കാരനെ കണ്ടെത്തി പണം കൈമാറിയെന്ന് ന്യൂസ് 4 ജാക്സിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.