കടുത്ത വിമർശനമാണ് യുവതിയുടെ പോസ്റ്റിന് കിട്ടിയത്. നിങ്ങൾ പറയുന്നത് ജോലിയെ കുറിച്ചല്ല അടിമത്തത്തെ കുറിച്ചാണ് എന്നായിരുന്നു മിക്ക ആളുകളും കമന്റ് നൽകിയത്.

ജെൻ സി (Gen Z) ജീവനക്കാരനെ വിമർ‌ശിച്ച് എക്സിൽ (ട്വിറ്റർ) യുവതിയുടെ പോസ്റ്റ്. എന്നാൽ, പ്രതീക്ഷിച്ചതുപോലെ വേണ്ടത്ര പിന്തുണ യുവതിയുടെ പോസ്റ്റിന് കിട്ടിയില്ല. എന്ന് മാത്രമല്ല, കടുത്ത ഭാഷയിൽ പലരും യുവതിയെ വിമർശിക്കുകയും ചെയ്തു. പുതുതലമുറയിൽ പെട്ടവർക്ക് ജോലി സ്ഥലത്ത് എങ്ങനെ പെരുമാറണം എന്നറിയില്ല എന്നാണ് യുവതിയുടെ വിമർശനം. എന്നാൽ, വർക്ക് ലൈഫ് ബാലൻസിനെ കുറിച്ച് നന്നായി അറിയാവുന്നത് കൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്, ജോലിക്കാർ അടിമകളല്ല തുടങ്ങിയ വിമർശനങ്ങളാണ് പോസ്റ്റിന് നേരെ ഉയർന്നത്.

'അടുത്തിടെ ഒരു GenZ ജീവനക്കാരനെ കണ്ടുമുട്ടി, അയാൾക്ക് ഒരു ടയർ 1 കമ്പനിയിൽ ജോലി കിട്ടി. എന്നാൽ, അധികം താമസിയാതെ, അയാൾ ഓരോ അധിക മണിക്കൂറിനും അധിക ശമ്പളം ആവശ്യപ്പെട്ട് തുടങ്ങി, അത് ലഭിക്കാതെ വന്നതോടെ അയാൾ ഇറങ്ങിപ്പോയി. ഇതാണ് ഇപ്പോഴത്തെ മാനസികാവസ്ഥ! കഷ്ടപ്പെടാനുള്ള മനസ്സില്ല, സമയം ചെലവഴിക്കാനും മാത്രം പ്രതിബദ്ധതയില്ല, സ്വയം തെളിയിക്കാനുള്ള ക്ഷമയും ഇല്ല. പെട്ടെന്ന് പണം വേണം, പെട്ടെന്ന് ഇൻക്രിമെന്റുകൾ വേണം, എന്നാൽ, ഉത്തരവാദിത്തമില്ല. തലമുറകൾ തമ്മിലുള്ള വർക്ക് എത്തിക് വിടവ് വളരെ യഥാർത്ഥമായ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്' എന്നായിരുന്നു യുവതിയുടെ പോസ്റ്റിൽ പറയുന്നത്.

Scroll to load tweet…

എന്നാൽ, കടുത്ത വിമർശനമാണ് യുവതിയുടെ പോസ്റ്റിന് കിട്ടിയത്. നിങ്ങൾ പറയുന്നത് ജോലിയെ കുറിച്ചല്ല അടിമത്തത്തെ കുറിച്ചാണ് എന്നായിരുന്നു മിക്ക ആളുകളും കമന്റ് നൽകിയത്. വർക്ക് ലൈഫ് ബാലൻസിനെ കുറിച്ചാണ് മറ്റ് ചിലർ കമന്റ് നൽകിയത്. 'അധികം ജോലി ചെയ്താൽ അധികം ശമ്പളം ചോദിക്കും അതിൽ എന്താണ് തെറ്റ്. പഴയകാലം ഒക്കെ പോയി. ആ ചൂഷണമൊന്നും ഇനി നടക്കുമെന്ന് തോന്നുന്നില്ല' എന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകൾ.