യുവതി പാലത്തിനു മുകളിൽ ഉപേക്ഷിച്ചു പോയ ചെരുപ്പുകൾക്ക് സമീപം അവൾ തിരിച്ചു വരുന്നതും കാത്ത് നായ രാത്രി മുഴുവൻ കാത്തുനിൽക്കുകയായിരുന്നു.
വളർത്തു മൃഗങ്ങളിൽ മനുഷ്യനോട് നായയോളം വിശ്വസ്തതയും സ്നേഹവും കാണിക്കുന്ന മറ്റൊരു മൃഗം ഇല്ലെന്നാണ് പറയാറ്. അത് സത്യമാണെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങൾ നാം കേട്ടിട്ടുണ്ടാകും. ഇപ്പോഴിതാ അതിനോട് ചേർന്ന് നിൽക്കുന്ന മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. മരിച്ചുപോയ തൻറെ ഉടമ വരുന്നതും കാത്ത് വഴിയരികിൽ രാത്രി മുഴുവൻ കാത്തിരുന്ന ഒരു നായയുടെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ആന്ധ്രാപ്രദേശിലെ കോനസീമ ജില്ലയിൽ ഗോദാവരി നദിയിൽ ചാടി ആത്മഹത്യ ചെയ്ത സ്ത്രീയുടെ വളർത്തു നായയാണ് അവരുടെ വരവിനായി രാത്രി മുഴുവൻ വഴിയോരത്ത് കാത്തുനിന്നത്. സ്ത്രീ ആത്മഹത്യ ചെയ്ത പാലത്തിലാണ് നായ വിശ്രമമില്ലാതെ തൻറെ ഉടമയുടെ തിരിച്ചുവരവിനായി കാത്തു നിന്നത്. ഈ കാത്തിരിപ്പിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നീണ്ട ഒമ്പത് വർഷക്കാലത്തോളം മരിച്ചുപോയ തന്റെ ഉടമയ്ക്കായി കാത്തിരുന്ന ജാപ്പനീസ് നായ ഹച്ചിക്കോയുമായാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ഈ നായയെയും ഉപമിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ജൂലൈ 16 -നാണ് 22 -കാരിയായ യുവതി യാനം-യെദുരുലങ്ക പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. എന്നാൽ യുവതി പാലത്തിനു മുകളിൽ ഉപേക്ഷിച്ചു പോയ ചെരുപ്പുകൾക്ക് സമീപം അവൾ തിരിച്ചു വരുന്നതും കാത്ത് നായ രാത്രി മുഴുവൻ കാത്തുനിൽക്കുകയായിരുന്നു. ഉടമ മടങ്ങിവരുന്നതും കാത്ത് നടപ്പാതയിൽ ഇരിക്കുന്ന നായയുടെ ദൃശ്യങ്ങൾ വഴിയാത്രക്കാരാണ് പകർത്തിയത്.
@SriLakshmi_10 എന്ന ഉപയോക്താവാണ് വീഡിയോകൾ ട്വിറ്ററിൽ പങ്കിട്ടത്. പുഴയിലേക്ക് നോക്കി നായ കുരയ്ക്കുന്നത് കണ്ട വഴിയാത്രക്കാരാണ് പൊലീസിന് വിവരമറിയിച്ചത്. തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് യുവതി പാലത്തിൻറെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. യാനം ഫെറി റോഡിൽ താമസിക്കുന്ന മണ്ടങ്കി കാഞ്ചന എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് റിപ്പോർട്ടുകൾ പറയുന്നത്.
