Asianet News MalayalamAsianet News Malayalam

5 വർഷത്തിനിടയിൽ 4 ഗർഭച്ഛിദ്രം, വ്യാജരേഖ ചമച്ചു, ഇൻഷുറൻസ് തുകയായി ലക്ഷങ്ങള്‍ തട്ടി യുവതി

ഈ രേഖകൾ ഉപയോഗിച്ച് ഇൻഷുറൻസ് തുക തട്ടിയെടുത്തതിനുശേഷം അവർ മുഴുവൻ രേഖകളും നശിപ്പിച്ചു കളഞ്ഞു. തുടർച്ചയായി മൂന്ന് തവണ ഇത്തരത്തിൽ ഇവർ പണം തട്ടിയെടുത്തിരുന്നു.

woman fakes miscarriage four times for insurance money in china
Author
First Published Aug 31, 2024, 10:30 PM IST | Last Updated Aug 31, 2024, 10:30 PM IST

മെറ്റേണിറ്റി ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി ഗർഭച്ഛിദ്രം സംഭവിച്ചതായി വ്യാജരേഖകൾ ഉണ്ടാക്കുന്നത് പതിവാക്കിയ യുവതി പിടിയിൽ. അഞ്ചുവർഷത്തിനിടയിൽ നാലു തവണയാണ് ഷാങ്ഹായിൽ നിന്നുള്ള ഒരു സ്ത്രീ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത്. ചൈനയിലെ ഷാങ്ഹായിൽ ഒരു വിദേശ കമ്പനിയിൽ ജോലി ചെയ്യുന്ന ഷി എന്ന 42 കാരിയായ സ്ത്രീയാണ് തട്ടിപ്പിൽ പിടിയിലായത്.

ടെലി കമ്മ്യൂണിക്കേഷനിലും കമ്പ്യൂട്ടർ സയൻസിലും ഉന്നത ബിരുദം നേടിയിട്ടുള്ള ഇവർക്ക് പ്രതിമാസം മൂന്നര ലക്ഷം രൂപയോളം ശമ്പളമായി ലഭിക്കുന്നുണ്ടെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. സ്വന്തമായി ഉണ്ടാക്കിയെടുത്ത വ്യാജരേഖകൾ ഉപയോഗിച്ച്  4 വർഷത്തിനുള്ളിൽ ഇവർ 5 പ്രസവ ഇൻഷുറൻസ് ക്ലെയിമുകൾ ഫയൽ ചെയ്തതിനെ തുടർന്നാണ്  ഉദ്യോഗസ്ഥർക്ക് ഇവരിൽ സംശയം ഉണ്ടായത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.

സ്വന്തമായി വികസിപ്പിച്ചെടുത്ത ഒരു കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് യുവതി പ്രസവ സർട്ടിഫിക്കറ്റും ഡിസ്ചാർജ് സമ്മറിയും ഉൾപ്പടെ തെറ്റായ മെഡിക്കൽ രേഖകൾ ഉണ്ടാക്കിയത്. ഈ രേഖകൾ ഉപയോഗിച്ച് ഇൻഷുറൻസ് തുക തട്ടിയെടുത്തതിനുശേഷം അവർ മുഴുവൻ രേഖകളും നശിപ്പിച്ചു കളഞ്ഞു. തുടർച്ചയായി മൂന്ന് തവണ ഇത്തരത്തിൽ ഇവർ പണം തട്ടിയെടുത്തിരുന്നു. എന്നാൽ ഈ വർഷം ആദ്യം വീണ്ടും ഇതേ രീതിയിൽ തന്നെ തട്ടിപ്പുനടത്താൻ ശ്രമം നടത്തിയപ്പോൾ ക്ലെയിം നിരസിക്കപ്പെട്ടു.

ഫെബ്രുവരിയിൽ തൻറെ ഏക കുഞ്ഞിൻറെ ജനനത്തെ തുടർന്ന് ഷീ വീണ്ടും അപേക്ഷ സമർപ്പിച്ചു. പക്ഷേ ഇൻഷുറൻസ് കമ്പനി രേഖകൾ പരിശോധിച്ചപ്പോൾ രേഖകളിൽ സംശയാസ്പദമായ നിരവധി സാമ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടു. നാല് വർഷത്തിനുള്ളിൽ അവൾ അഞ്ച് പ്രസവ ഇൻഷുറൻസ് ക്ലെയിമുകൾ ഫയൽ ചെയ്തതായി ഉദ്യോഗസ്ഥർ കണ്ടെത്തി.  ഇതോടെയാണ് ഉദ്യോഗസ്ഥർ തങ്ങളുടെ സംശയം പോലീസിനെ അറിയിച്ചത്.

തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയും തട്ടിയെടുത്ത പണം തിരികെ നൽകുകയും ചെയ്തു. എട്ടു ലക്ഷം രൂപയോളമായിരുന്നു ഇവർ ഇത്തരത്തിൽ തട്ടിയെടുത്തിരുന്നത്. ആഗസ്റ്റ് 16 -ന്, വഞ്ചനാക്കുറ്റത്തിന് ഷീയ്ക്ക് കോടതി ഒന്നര വർഷത്തെ തടവ് ശിക്ഷ വിധിച്ചതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. 

ചൈനയിലെ സോഷ്യൽ ഇൻഷുറൻസ് സംവിധാനത്തിൻ്റെ പ്രധാന ഭാഗമാണ് മെറ്റേണിറ്റി ഇൻഷുറൻസ്. തൊഴിലുടമകളുടെ ധനസഹായത്തോടെ, നടപ്പിലാക്കുന്ന ഈ ഇൻഷുറൻസ് സ്കീമിൽ ഗർഭധാരണവും പ്രസവവുമായി ബന്ധപ്പെട്ട മെഡിക്കൽ ചെലവുകൾ ആണ് ഉള്ളത്. പ്രസവാവധി സമയത്ത് സ്ത്രീകൾക്ക് സാമ്പത്തിക പിന്തുണയും ഈ സ്കീമിൽ ലഭിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios