പേടിക്കേണ്ട താങ്കളുടെ ഒരു സാധനം പോലും നഷ്ടപ്പെടില്ല എന്ന് പറഞ്ഞ് ആദ്യം അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു. തുടർന്ന് എന്നോട് പുറത്തു കാത്തു നിൽക്കാനും ബാഗ് സുരക്ഷിതമായി എടുത്തു നൽകാമെന്നു പറഞ്ഞു.

എയർപോർട്ടിൽ ലഗേജോ മറ്റോ നഷ്ടപ്പെടുമോ എന്ന ഭയമാണ് എല്ലാ വിമാനയാത്രക്കാരുടെയും ഏറ്റവും വലിയ പേടിസ്വപ്നങ്ങളിലൊന്ന്. ചിലപ്പോൾ, നഷ്ടപ്പെട്ട സാധനം അവർക്ക് തിരികെ ലഭിക്കാൻ ദിവസങ്ങളും ആഴ്ചകളും എടുക്കും. എന്നാൽ, ഇതിന് വിപരീതമായ ഒരു സംഭവം കഴിഞ്ഞ ദിവസം ബാംഗ്ലൂർ വിമാനത്താവളത്തിൽ നടന്നു. വിമാനത്താവളത്തിനുള്ളിൽ ടോയ്‌ലെറ്റിൽ ബാഗ് മറന്നുവെച്ച യുവതിക്ക് ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ അവസരോചിതമായ ഇടപെടലിലൂടെ മിനിറ്റുകൾക്കുള്ളിൽ ബാഗ് തിരികെ ലഭിച്ചു. 

മേഘ്‌ന ഗിരീഷ് എന്ന യാത്രക്കാരിക്കാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ സഹായഹസ്തത്തിലൂടെ തന്റെ വാലറ്റും താക്കോലും മറ്റ് പ്രധാന വസ്തുക്കളും ഉൾപ്പെടുന്ന ഹാൻഡ് ബാഗ് തിരികെ ലഭിച്ചത്. തനിക്കുണ്ടായ അനുഭവം മേഘ്‌ന ഗിരീഷ് ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ ഇത് ശ്രദ്ധ നേടിയത്. ടോയ്ലെറ്റിനുള്ളിൽ മറന്നുവച്ച ബാഗ് തിരികെ എടുക്കാൻ അകത്തേക്ക് പോകാൻ സാധിക്കാതെ വന്നപ്പോഴാണ് രക്ഷകനായി സിഐഎസ്എഫ് ഉദ്യോഗസ്ഥൻ എത്തിയത്. 

തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് മേഘ്‌ന കുറിക്കുന്നത് ഇങ്ങനെയാണ്. 'പേടിക്കേണ്ട താങ്കളുടെ ഒരു സാധനം പോലും നഷ്ടപ്പെടില്ല എന്ന് പറഞ്ഞ് ആദ്യം അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു. തുടർന്ന് എന്നോട് പുറത്തു കാത്തു നിൽക്കാനും ബാഗ് സുരക്ഷിതമായി എടുത്തു നൽകാമെന്നു പറഞ്ഞു. ഉടൻതന്നെ അദ്ദേഹം എയർപോർട്ടിലെ ഗ്രൗണ്ട് സ്റ്റാഫിനെ ബന്ധപ്പെടുകയും ടോയ്ലെറ്റിനുള്ളിൽ നിന്നും എൻറെ ബാഗ് കണ്ടെടുക്കുകയും ചെയ്തു. തുടർന്ന് ബാഗിനുള്ളിൽ ഉണ്ടായിരുന്ന ഐഡി കാർഡുകളുമായി ഒത്തു നോക്കി എന്റേത് തന്നെയാണെന്ന് ഉറപ്പാക്കി 10 മിനിറ്റിനുള്ളിൽ അദ്ദേഹം എനിക്കത് തിരികെ നൽകി. 10 മിനിറ്റിനുള്ളിൽ എന്റെ എല്ലാ സമ്മർദ്ദങ്ങളും അവസാനിച്ചു.' 

ലോകത്ത് മറ്റൊരു എയർപോർട്ടിലും ഇത്തരത്തിൽ ആശ്വാസകരമായ ഒരു സേവനം ലഭ്യമാകും എന്ന് താൻ കരുതുന്നില്ല എന്നും അവർ കുറിച്ചു. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നിരവധിയാളുകളാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ നല്ല മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് കമന്റുകൾ രേഖപ്പെടുത്തിയത്.