കോളേജ് പ്രവേശന പരീക്ഷയ്ക്കിടെ തല കറങ്ങി വീണു. അധികം വൈകാതെ കാന്‍സര്‍ സ്ഥിരീകരിച്ചു. പിന്നാലെ അച്ഛന്‍ ഉപേക്ഷിച്ചു. കാല്‍ മുറിച്ചുമാറ്റിയപ്പോള്‍ അമ്മയും. യുവതിയുടെ ഒറ്റയ്ക്കുള്ള പോരാട്ടം. 

മകൾക്ക് കാൻസറാണ് എന്ന് അറിഞ്ഞപ്പോൾ അവളെ ഉപേക്ഷിച്ച അച്ഛനും അമ്മയും. ഇതിലൊന്നും തകരാതെ രോ​ഗത്തോട് തനിയെ ഏറ്റുമുട്ടി ധൈര്യത്തോടെ ജീവിതത്തിൽ മുന്നോട്ടുപോയ ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ ചൈനയിലെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ചൈനയിലെ അൻഹുയി പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള 23 -കാരിയാണ് സിയ ഷിവെയ്. 2021 -ൽ, കോളേജ് പ്രവേശന പരീക്ഷയ്ക്കിടെയാണ് അവൾ പെട്ടെന്ന് ബോധരഹിതയായിത്തീരുന്നത്. ആരോഗ്യം മോശമായിരുന്നിട്ടും, അവൾ തന്റെ പരീക്ഷ പൂർത്തിയാക്കാൻ തന്നെ തീരുമാനിച്ചു. തുടർന്ന് ഡോക്ടർമാരെ കണ്ടപ്പോൾ അവൾക്ക് ബോൺ കാൻസർ ആണെന്ന് സ്ഥിരീകരിച്ചു.

അവളുടെ രോഗം അതിവേഗം വഷളായി. വെറും ഒരു വർഷത്തിനുശേഷം, അവളുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്ക് അവളുടെ വലതു കാൽ മുറിച്ചുമാറ്റേണ്ടിവന്നു. സിയയുടെ അമ്മ അവളെ ഒരു ഭാരമായിട്ടാണ് കണക്കാക്കിയത്. മുത്തശ്ശിയുടെ നിരന്തരമായ നിർബന്ധത്തിന് ശേഷമാണ് അമ്മ അവളെ ചികിത്സയ്ക്കായി ബെയ്ജിംഗിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതുപോലും. അവൾക്ക് ക്യാൻസറാണ് എന്ന് അറിഞ്ഞപ്പോൾ, സിയയുടെ അച്ഛൻ അവളുമായുള്ള ബന്ധം പൂർണ്ണമായും വിച്ഛേദിക്കുകയാണ് ചെയ്തത്. അവളുടെ കാൽ മുറിച്ചുമാറ്റിയതോടെ അമ്മയും അവളെ ഉപേക്ഷിച്ചു.

ഇത്രയും പ്രയാസകരമായ സാഹചര്യങ്ങൾക്കിടയിലും, സിയ ഹെഫെയ് നോർമൽ യൂണിവേഴ്സിറ്റിയിൽ ചേരുകയും തന്റെ പഠനം തുടരുകയും ചെയ്തു. ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി, അവൾ ഓൺലൈനിൽ എഴുതാൻ തുടങ്ങി. കളിപ്പാട്ടങ്ങൾ നിർമ്മിച്ച് തെരുവുകളിൽ വിൽക്കാൻ തുടങ്ങി. ചികിത്സയെയും തന്റെ ജീവിതത്തെയും കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കുന്നതിനായി 'മിറക്കിൾ സിയ സിയ' എന്ന പേരിൽ ഒരു ഓൺലൈൻ അക്കൗണ്ടും അവളുണ്ടാക്കി. അധികം വൈകാതെ അവളുടെ അക്കൗണ്ട് പ്രശസ്തമായി. 460,000 ഫോളേവേഴ്സായി അവൾക്ക്. മാതാപിതാക്കൾ ഉപേക്ഷിച്ചതിനുശേഷം, സിയയ്ക്ക് ആറ് തവണ ഓപ്പറേഷൻ നടത്തി. പിന്നീട്, അവൾ സ്വയം ഒരു കൃത്രിമ കാൽ വാങ്ങി, അതിൽ നടക്കാൻ പരിശീലിച്ചു.

2023 -ലും 2024 -ലും സിയയുടെ കാൻസർ വീണ്ടും വരികയും ശ്വാസകോശത്തിലേക്ക് പടരുകയും ചെയ്തു. അടുത്തിടെ, ഡോക്ടർമാർ അവളുടെ പ്ല്യൂറയിൽ ഒരു പുതിയ ട്യൂമർ കണ്ടെത്തിയതായി സിയ വെളിപ്പെടുത്തി. ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടർമാർ അവളോട് കീമോതെറാപ്പിയും ശസ്ത്രക്രിയയും നടത്തണമെന്ന് നിർദ്ദേശിച്ചു, ചികിത്സയിലൂടെ അവൾക്ക് അതിജീവിക്കാനാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത്രയൊക്കെയാണെങ്കിലും താൻ തന്റെ ജീവിതം പൂർണമായും ആസ്വദിക്കാൻ ആ​ഗ്രഹിക്കുന്നു എന്നാണ് സിയ പറയുന്നത്. ആരൊക്കെ ഉപേക്ഷിച്ചാലും തളരാതെ അവൾ മുന്നോട്ട് പോവുകയാണ്. ചൈനയിലെ സോഷ്യൽ മീഡിയ അവളെ പുകഴ്ത്തുകയാണ് ഇപ്പോൾ.