തനിക്കൊരിക്കലും ഒമ്പത് കുട്ടികൾ വേണം എന്ന് താൻ ചിന്തിച്ചിട്ടേയില്ല എന്നും കൊറ പറയുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് കൊറ തന്റെ ഭർത്താവായ ആൻഡ്രെയെ ആദ്യമായി കണ്ട് മുട്ടുന്നത്.
പണ്ടൊക്കെ ഒരാൾക്ക് എട്ടും ഒമ്പതും കുട്ടികൾ ഉണ്ട് എന്ന് പറഞ്ഞാൽ വലിയ വലിയ അത്ഭുതം ഒന്നും തോന്നില്ല. എന്നാൽ, ഇന്ന് മിക്കവാറും ആളുകൾ ഒന്ന്, രണ്ട് അല്ലെങ്കിൽ മൂന്ന് കുട്ടികൾ ഉള്ളവരാണ്. മൂന്ന് കുട്ടികളൊക്കെ അപൂർവം എന്ന് പറയാം. അതേ പോലെ തന്നെ കുട്ടികളേ വേണ്ട എന്ന് വയ്ക്കുന്ന ദമ്പതികളുടെ എണ്ണവും ഓരോ രാജ്യത്തും കൂടി വരികയാണ്. എന്നാൽ, ഈ യുവതി 28 -ാമത്തെ വയസ് ആയപ്പോഴേക്കും ഒമ്പത് കുട്ടികൾക്കാണ് ജന്മം നൽകിയത്.
ഇപ്പോൾ, കൊറ ഡ്യൂക് എന്ന യുവതിക്ക് 39 വയസാണ് പ്രായം. കുറച്ച് നാളുകൾക്ക് മുമ്പാണ് കൊറ ടിക്ടോക്കിലൂടെ 12 വർഷക്കാലം ഓരോ വർഷവും താൻ ഗർഭിണി ആയിരുന്നു എന്ന് വെളിപ്പെടുത്തിയത്. 28 വയസായപ്പോഴേക്കും താൻ ഒമ്പത് കുട്ടികളുടെ അമ്മയായി എന്നും കൊറ പറഞ്ഞിരുന്നു. 2001 -ൽ പതിനേഴാമത്തെ വയസിലാണ് ആദ്യമായി കൊറ ഒരു കുഞ്ഞിന് ജന്മം നൽകുന്നത്. ഒമ്പതാമത്തെ കുട്ടിക്ക് ജന്മം നൽകിയത് 2012 -ലാണ്. പങ്കാളിയായ ആൻഡ്രെ ഡ്യൂക്കിനും മക്കൾക്കും ഒപ്പമാണ് കൊറ ഡ്യൂക്കിന്റെ താമസം.
തനിക്കൊരിക്കലും ഒമ്പത് കുട്ടികൾ വേണം എന്ന് താൻ ചിന്തിച്ചിട്ടേയില്ല എന്നും കൊറ പറയുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് കൊറ തന്റെ ഭർത്താവായ ആൻഡ്രെയെ ആദ്യമായി കണ്ട് മുട്ടുന്നത്. ഏലിയാ- 21, ഷിന- 20, ഷാൻ- 17, കെയ്‌റോ- 16, സയ- 14, അവി- 13, റൊമാനി- 12, തഹ്ജ്- 10 എന്നിവരെല്ലാം ഇവരുടെ മക്കളാണ്. ടിക്ടോക്കിൽ ഓരോരുത്തരേയും വയസിന്റെ അടിസ്ഥാനത്തിൽ കൊറ പരിചയപ്പെടുത്തിയിരുന്നു. പലരും ഇവരെ വിമര്‍ശിക്കുകയും ചെയ്തു. ലാസ് വേഗാസിലാണ് കൊറയും എട്ട് മക്കളടങ്ങുന്ന കുടുംബവും താമസിക്കുന്നത്. മൂന്നാമത്തെ കുഞ്ഞ് ഏഴ് ദിവസം പ്രായമായപ്പോഴേക്കും മരിച്ചു പോയിരുന്നു.
അതേസമയം തുടരെത്തുടരെ ഗർഭം ധരിക്കുന്നത് സ്ത്രീകളിൽ ശാരീരികവും മാനസികവുമായി പ്രശ്നങ്ങളുണ്ടാക്കും എന്നാണ് വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്.
