ജൂൺ ആദ്യം, അമ്മയ്ക്കും മകൾക്കുമെതിരെ മൃതദേഹം മറവ് ചെയ്ത കുറ്റം മാത്രമേ ചുമത്തിയുള്ളൂ. ഏകദേശം ഒരു മാസത്തിനുശേഷം, അന്വേഷകർ സ്വകാര്യ ഫേസ്ബുക്ക് സന്ദേശങ്ങൾ പരിശോധിച്ചപ്പോഴാണ് അമ്മയ്‌ക്കെതിരെ ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തിയത്.

കൗമാരക്കാരിയായ മകളെ ഗർഭച്ഛിദ്രത്തിന് സഹായിച്ചതിന്റെ പേരിൽ ഒരു അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. യുഎസിൽ നിന്നുള്ള ഒരു സ്ത്രീ മകളുടെ 24 ആഴ്ച എത്തിയ ഗർഭമാണ് അലസിപ്പിക്കാൻ സഹായിച്ചത് എന്ന് പറയുന്നു. ഫേസ്ബുക്കിൽ ഇരുവരും കൈമാറിയ സന്ദേശങ്ങൾ പൊലീസ് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഗർഭച്ഛിദ്രത്തിന് സഹായിക്കുന്ന മരുന്നിനെ കുറിച്ച് സംസാരിച്ചതും, പിന്നീട് ഭ്രൂണം കത്തിക്കാൻ പദ്ധതിയിട്ടതും ഉൾപ്പടെയുള്ള സന്ദേശങ്ങളാണ് ചോർന്നത്. 41 -കാരിയായ ജെസിക്ക ബർഗെസിനെയും, 18 വയസ്സുള്ള അവളുടെ മകളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

20 ആഴ്‌ചയ്‌ക്ക് ശേഷം ഗർഭഛിദ്രം നടത്തുന്നത് യുഎസിൽ നിയമവിരുദ്ധമാണ്. എന്നാൽ, ഇങ്ങനെ ഒരു കേസ് കോടതിയിൽ എത്തുന്നത് ഇതാദ്യമാണെന്ന് കേസ് കൈകാര്യം ചെയ്യുന്ന പ്രോസിക്യൂട്ടർ പറഞ്ഞു. 2010 -ലാണ് ഈ നിയമം പാസാക്കിയത്. ഫെയ്‌സ്ബുക്ക് സന്ദേശങ്ങളിലൊന്നിൽ, താൻ അബോർഷൻ ഗുളികകൾ സംഘടിപ്പിച്ചുവെന്നും ഗർഭം അവസാനിപ്പിക്കാൻ അവ എങ്ങനെ കഴിക്കണം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ ജെസിക്ക മകൾക്ക് നൽകുന്നു. സംഭവം നടക്കുമ്പോൾ മകൾക്ക് 17 വയസ്സായിരുന്നു.

തന്റെ ശരീരത്തിൽ നിന്ന് അതിനെ എങ്ങനെയെങ്കിലും പുറത്തെടുത്താൽ മതിയെന്ന് സന്ദേശത്തിൽ പെൺകുട്ടി പറയുന്നു. ഇനിയും അതിനായി കാത്തിരിക്കാനാവില്ലെന്ന് അവൾ കൂട്ടിച്ചേർത്തു. അത് കഴിഞ്ഞാൽ പിന്നെ തനിക്ക് ജീൻസ് ധരിക്കാമല്ലോ എന്നും ആ പെൺകുട്ടി അമ്മയോട് ചോദിച്ചതായി കോടതി രേഖകളിൽ പറയുന്നു. സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയായിട്ടില്ലെങ്കിലും, ഇപ്പോൾ 18 വയസ്സുള്ള മകളെ പ്രായപൂർത്തിയായ നിലയിലായിരിക്കും വിചാരണ ചെയ്യുക. പ്രോസിക്യൂട്ടർമാരുടെ അഭ്യർത്ഥന പ്രകാരമാണ് ഇത്.

ഏപ്രിൽ 22 -ന് പുലർച്ചെ കുളിമുറിയിൽ ഷവറിന് താഴെ കൗമാരക്കാരി അപ്രതീക്ഷിതമായി ജീവനില്ലാത്ത ഒരു കുഞ്ഞിന് ജന്മം നൽകിയതായി ഇരുവരും പറഞ്ഞു. അവർ പറയുന്നതനുസരിച്ച് മൃതദേഹം ബാഗിലാക്കി തങ്ങളുടെ വാനിന്റെ പിന്നിലുള്ള പെട്ടിയിലിട്ടു. പിന്നീട് 22 വയസ്സുള്ള ഒരാളുടെ സഹായത്തോടെ നഗരത്തിന് വടക്ക് ഒരു ഭാഗത്ത് മറവ് ചെയ്തു. ആദ്യം, പ്രസവം നടന്ന തീയതി മറന്നുവെന്ന് അമ്മയും മകളും പറഞ്ഞെങ്കിലും, മകൾ പിന്നീട് അവളുടെ ഫേസ്ബുക്ക് സന്ദേശങ്ങൾ പരിശോധിച്ച് തീയതി സ്ഥിരീകരിച്ചു. തുടർന്ന് പൊലീസുകാർ വാറന്റ് പുറപ്പെടുവിച്ചു.

ജൂൺ ആദ്യം, അമ്മയ്ക്കും മകൾക്കുമെതിരെ മൃതദേഹം മറവ് ചെയ്ത കുറ്റം മാത്രമേ ചുമത്തിയുള്ളൂ. ഏകദേശം ഒരു മാസത്തിനുശേഷം, അന്വേഷകർ സ്വകാര്യ ഫേസ്ബുക്ക് സന്ദേശങ്ങൾ പരിശോധിച്ചപ്പോഴാണ് അമ്മയ്‌ക്കെതിരെ ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തിയത്. ഗർഭച്ഛിദ്രം നടത്തുന്നതിന് വേണ്ടിയാണ് ഗുളികകൾ വാങ്ങിയതെന്ന് ബർഗെസ് പിന്നീട് അന്വേഷകരോട് തുറന്ന് സമ്മതിച്ചു. കൂടാതെ, മുൻപ് 24 ആഴ്ച പ്രായമുള്ള ഭ്രൂണം കത്തിക്കാൻ അമ്മയും മകളും ശ്രമിച്ചതായും പൊലീസിനോട് അവർ കുറ്റസമ്മതം നടത്തി.