അഞ്ച് വർഷത്തിനുള്ളിൽ വീട് വാങ്ങാനായിരുന്നു പദ്ധതി. തുടക്കത്തിൽ, ബെയ്ജിംഗിലെ ഒരു ഹോട്ടലിൽ സെയിൽസ് അസിസ്റ്റന്റ്, മോഡൽ, ലൈവ് സ്ട്രീമർ എന്നിങ്ങനെയെല്ലാം ജോലി ചെയ്ത് പണം സമ്പാദിക്കാൻ അവൾ ശ്രമിച്ചിരുന്നു.

ധനികയായി വേഷമിട്ട് സമ്പന്നരായ ആളുകളെ കൊള്ളയടിച്ച യുവതി അറസ്റ്റിൽ. ചൈനയിലാണ് സംഭവം. സമൂഹത്തിലെ ധനികയും പ്രശസ്തയുമായ ആളാണ് താൻ എന്ന വ്യാജേനയാണ് യുവതി ഈ യുവാക്കളെ പ്രണയിക്കാൻ തുടങ്ങിയത്.

ചൈനയിലെ ഒ​രു ​ഗ്രാമത്തിൽ നിന്നുള്ള 24 -കാരിയായ യിൻ സൂവാണ് അറസ്റ്റിലായത്. ഒരു വീട് വാങ്ങുക എന്നതായിരുന്നു യിൻ സൂവിന്റെ ലക്ഷ്യം. ഇതിനായി 1.4 മില്യൺ ഡോളർ (12 കോടി) സമ്പാദിക്കാനുള്ള ശ്രമത്തിലായിരുന്നത്രെ യിൻ സൂ. ധനികരായ പുരുഷന്മാരെ പ്രണയിച്ച ശേഷം അവരിൽ നിന്നും പണം തട്ടുക എന്നതായിരുന്നു പ്ലാൻ. എന്നാൽ, ആ പദ്ധതി നടപ്പിലാക്കും മുമ്പ് തന്നെ അവൾ അറസ്റ്റിലാവുകയായിരുന്നു എന്നും സൗത്ത് ചൈന മോർണിം​ഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഇവിടുത്തെ പ്രധാന ന​ഗരമായ ഷെൻ‌ഷെനിൽ ഒരു വീട് വാങ്ങുക എന്നതായിരുന്നു യിൻ സൂവിന്റെ സ്വപ്നം. അഞ്ച് വർഷത്തിനുള്ളിൽ വീട് വാങ്ങാനായിരുന്നു പദ്ധതി. തുടക്കത്തിൽ, ബെയ്ജിംഗിലെ ഒരു ഹോട്ടലിൽ സെയിൽസ് അസിസ്റ്റന്റ്, മോഡൽ, ലൈവ് സ്ട്രീമർ എന്നിങ്ങനെയെല്ലാം ജോലി ചെയ്ത് പണം സമ്പാദിക്കാൻ അവൾ ശ്രമിച്ചിരുന്നു. പക്ഷേ, അതൊന്നും അവളുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ പ്രാപ്തമായിരുന്നില്ല. അങ്ങനെയാണ് തട്ടിപ്പിലേക്ക് കടക്കുന്നത്.

അതിനായി അവൾ വിവിധ ഡേറ്റിം​ഗ് ​ഗ്രൂപ്പുകളിൽ സജീവമായി. ധനികയും ഹൈക്ലാസുമാണ് എന്ന് കാണിക്കാനായി അത്തരത്തിലുള്ള വേഷങ്ങൾ ധരിച്ചു, പ്ലാസ്റ്റിക് സർജറി വരെ ചെയ്തു. ഉയർന്ന ക്ലാസിലുള്ളവരുടെ ഭക്ഷണം കഴിക്കുന്ന രീതികളും മറ്റും നോക്കി പഠിച്ചു.

അങ്ങനെ ധനികരായ ആളുകളെ പ്രണയിച്ച് തുടങ്ങി. അവരുടെ വീട്ടിലെത്തുന്ന അവൾ അവസാനം വീട് കൊള്ളയടിക്കുകയാണ് ചെയ്യുന്നത്. ബ്രാൻഡഡ് വസ്തുക്കളെല്ലാം മോഷ്ടിക്കും. മോഷണശേഷം പ്രൊഫഷണൽ ക്ലീനിം​ഗ് ചെയ്യുന്നവരെ വിളിച്ച് വീട് ക്ലീൻ ചെയ്യിപ്പിക്കും. മോഷ്ടിക്കുന്ന സാധനങ്ങൾ സെക്കന്റ് ഹാൻഡ് സാധനങ്ങൾ വിൽക്കുന്ന പ്ലാറ്റ്‍ഫോമിലൂടെ വിൽക്കും. എട്ട് പേരെ ഇങ്ങനെ യിൻ സൂ പറ്റിച്ചു. ഒമ്പതാമത്തെ ആൾ വീട്ടിൽ വച്ച ഒളിക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. അങ്ങനെയാണ് യിൻ സൂ അറസ്റ്റിലാവുന്നത്. ഇതുവരെയായി 25 ലക്ഷം രൂപ ഇങ്ങനെ യിൻ സൂ നേടിയിരുന്നു.

ഒരു വീട് വാങ്ങുക എന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യം. താൻ ഒരിക്കലും പുരുഷന്മാരെ ആശ്രയിച്ച് കഴിയാൻ ആ​ഗ്രഹിച്ചിരുന്നില്ല എന്നാണ് യിൻ സൂ പൊലീസിനോട് പറഞ്ഞത്.