Asianet News MalayalamAsianet News Malayalam

40 വർഷമായി ഉറങ്ങിയിട്ടില്ല, വിചിത്രവാദവുമായി സ്ത്രീ, അന്തംവിട്ട് ഡോക്ടർമാർ...

തന്റെ ഭാര്യ ഉറങ്ങുന്നത് താൻ കണ്ടിട്ടില്ലെന്ന് ലിയുടെ ഭർത്താവ് ലൂയി സുക്വിനും പറഞ്ഞു. രാത്രിയിൽ വിശ്രമിക്കുന്നതിനുപകരം അവൾ വീട് വൃത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

woman in China claims she has not slept for 40 years
Author
Henan, First Published Sep 9, 2021, 3:57 PM IST

ഇന്നത്തെ കാലത്ത്, ജോലിയുടെ സമ്മർദ്ദവും മറ്റും കാരണം പലരും ഉറക്കമില്ലായ്മ അനുഭവിക്കുന്നു. അതിൽ നിന്ന് കരകയറാൻ ഡോക്ടറുടെ സഹായം തേടുന്നവരുമുണ്ട്. എന്നാൽ, വർഷങ്ങളോളം ഉറങ്ങാത്ത ഒരാളെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? 40 വർഷമായി താൻ ഉറങ്ങിയിട്ടില്ലെന്ന് അവകാശപ്പെട്ട ഒരു ചൈനീസ് സ്ത്രീ ഡോക്ടർമാർക്ക് ഒരത്ഭുതമായിരിക്കുകയാണ്.   

കിഴക്കൻ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള ലി ഷാനിംഗാണ് വർഷങ്ങളായി താൻ ഒരു നിമിഷം പോലും ഉറങ്ങിയിട്ടില്ല എന്ന വിചിത്ര വാദവുമായി മുന്നോട്ട് വന്നത്. ഏകദേശം ആറ് വയസ്സുള്ളപ്പോൾ മുതൽ അവൾ ഉറങ്ങിയിട്ടില്ല എന്നാണ് പറയുന്നത്. ലിയുടെ ഉറക്കമില്ലാത്ത രാത്രികൾ അവളെ ഗ്രാമത്തിലെ ഒരു സെലിബ്രിറ്റിയാക്കി മാറ്റി. തുടക്കത്തിൽ, അവൾ പറയുന്നത് കള്ളമാണെന്ന് അയൽക്കാർ കരുതി. എന്നാൽ, ആളുകൾ ഒരു രാത്രി മുഴുവൻ ലിക്കൊപ്പം ഉണർന്നിരിക്കുകയും, ചീട്ടുകളിക്കുകയും ചെയ്തു. വെളുക്കുന്നത് വരെ ലിയുടെ മുഖത്ത് ഉറക്കത്തിന്റെ ലാഞ്ചന പോലുമുണ്ടായിരുന്നില്ല. അങ്ങനെ നാട്ടുകാർക്ക് അവളുടെ കഥയിൽ സത്യമുണ്ടെന്ന് ബോധ്യമായി. തന്റെ ഭാര്യ ഉറങ്ങുന്നത് താൻ കണ്ടിട്ടില്ലെന്ന് ലിയുടെ ഭർത്താവ് ലൂയി സുക്വിനും പറഞ്ഞു. രാത്രിയിൽ വിശ്രമിക്കുന്നതിനുപകരം അവൾ വീട് വൃത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

woman in China claims she has not slept for 40 years

ഉറക്കമില്ലായ്മ മാറ്റാൻ അവൾക്ക് ഉറക്ക ഗുളികകൾ പോലും വാങ്ങിക്കൊടുത്തു ഭർത്താവ്. എന്നിട്ടും പക്ഷേ ലി ഉറങ്ങിയില്ല എന്ന് അദ്ദേഹം പറയുന്നു. ഡോക്ടർമാരെ സമീപിച്ചപ്പോൾ ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് അവർക്ക് കണ്ടുപിടിക്കാൻ സാധിച്ചില്ലെന്ന് ചൈനീസ് വാർത്താ സൈറ്റായ ബാസ്റ്റിൽ പോസ്റ്റ് പറയുന്നു. എന്നിരുന്നാലും, അടുത്തിടെ ബീജിംഗിലെ ഒരു സ്പെഷ്യലിസ്റ്റ് സ്ലീപ് സെന്ററിൽ പോയ ലി  ഒടുവിൽ തന്റെ ഉറക്കമില്ലായ്മയുടെ കാരണം കണ്ടെത്തി. ലി ഉറങ്ങുന്നുണ്ട്, പക്ഷേ മിക്ക ആളുകളും ചെയ്യുന്നതുപോലെ അല്ല.

ഭർത്താവിനോട് സംസാരിക്കുന്നതിനിടെയാണ് ലിയെ ഡോക്ടർമാർ നിരീക്ഷിച്ചത്. ഭർത്താവുമായുള്ള സംഭാഷണം തുടർന്നെങ്കിലും ലിയുടെ കണ്ണുകൾ മന്ദഗതിയിലാവുകയും അവൾ ശരിക്കും ഉറങ്ങുകയും ചെയ്യുന്നത് ഡോക്ടർമാർ ശ്രദ്ധിച്ചു. ബ്രെയിൻ വേവ് മോണിറ്റർ ഉപയോഗിച്ചുള്ള പരിശോധനയിൽ ലിയുടെ കണ്ണുകൾ ഒരു ദിവസം 10 മിനിറ്റിലധികം അടച്ചിട്ടില്ലെന്ന് തെളിഞ്ഞു. ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്നവർക്ക് സംഭവിക്കും പോലെ ലിയുടെ മസ്തിഷ്കം ഉറങ്ങുമ്പോൾ, ശരീരം ഉണർന്നിരിക്കുന്നുവെന്ന് സ്ലീപ് സെന്റർ വിശദീകരിച്ചു. ആ 10 മിനിറ്റിനുള്ളിൽ അവൾ സാങ്കേതികമായി ഉറങ്ങുമ്പോൾ അവളുടെ ശരീരം പൂർണമായി പ്രവർത്തിക്കുന്നു. ഇത് കഴിഞ്ഞ 40 വർഷമായി താൻ ഉറങ്ങിയിട്ടില്ലെന്ന തോന്നൽ ലിയിലുണ്ടാക്കുന്നു. 

(ആദ്യചിത്രം പ്രതീകാത്മകം)

Follow Us:
Download App:
  • android
  • ios