യുവതിയുടെ പെട്ടെന്നുള്ള പ്രതികരണം നിരവധിപ്പേരുടെ ജീവൻ രക്ഷിച്ചതായും അതിലൂടെ ഒരു കൂട്ടവെടിവയ്പ്പ് തടയാൻ കഴിഞ്ഞതായും പൊലീസ് വക്താവ് ടോണി ഹേസ്ലെറ്റ് പറഞ്ഞു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് യുഎസ്സിലെ ടെക്സസിൽ 18 -കാരൻ നടത്തിയ വെടിവെപ്പിൽ കുട്ടികളും അധ്യാപകരും അടക്കം നിരവധിപ്പേർ മരിച്ചത്. കുറേയേറെ കാലമായി യുഎസ്സിൽ തോക്കുകളുടെ വ്യാപകമായ വിൽപനയും ഉപയോ​ഗവും തോക്കുപയോ​ഗിച്ചുള്ള കൊലപാതകങ്ങളും ചർച്ചാ വിഷയമാണ്. സ്കൂളിലെ വെടിവെപ്പോടെ വിഷയം ഒന്നുകൂടി കത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കുട്ടികളും അധ്യാപകരും കൂട്ടക്കൊല ചെയ്യപ്പെട്ട ഉവാൽഡെ ന​ഗരത്തിലെത്തിയ പ്രസിഡന്റ് ജോ ബൈഡനെ രോഷത്തോടെയും കണ്ണീരോടെയുമാണ് ആളുകൾ സ്വീകരിച്ചത്. ആക്രമണത്തിന് ശേഷം ആദ്യമായെത്തിയ പ്രസിഡന്റിനോട് അവ‍ർ തങ്ങളുടെ രോഷവും നിരാശയും പ്രകടിപ്പിച്ചിരുന്നു. 

ഇപ്പോഴിതാ, ഉവാൽഡയിൽ വെടിവെയ്പ് നടന്നതിന്റെ പിറ്റേദിവസം വെർജീനിയ(Virginia)യിൽ ഒരു സ്ത്രീ അക്രമകാരിയായ ഒരാളെ വെടിവെച്ച് കൊന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ആൾക്കൂട്ടത്തിന് നേരെ വെടിയുതിർത്ത 37 -കാരനെയാണ് സ്ത്രീ ലൈസൻസുള്ള തന്റെ തോക്ക് കൊണ്ട് വെടിവെച്ച് കൊന്നത്. ഡെന്നിസ് ബട്ലർ (Dennis Butler) എന്നയാളെയാണ് യുവതി വെടിവച്ചുകൊന്നത്. ഇയാൾക്ക് വലിയ ക്രിമിനൽ പശ്ചാത്തലമുണ്ട് എന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥർ പറയുന്നത്. ഒരു ജന്മദിന പാർട്ടിയിൽ പങ്കെടുത്തുകൊണ്ടിരുന്ന നാൽപതോളം പേർക്ക് നേരെയാണ് ഇയാൾ വെടിയുതിർത്ത് തുടങ്ങിയത്. 

യുവതിയുടെ പെട്ടെന്നുള്ള പ്രതികരണം നിരവധിപ്പേരുടെ ജീവൻ രക്ഷിച്ചതായും അതിലൂടെ ഒരു കൂട്ടവെടിവയ്പ്പ് തടയാൻ കഴിഞ്ഞതായും പൊലീസ് വക്താവ് ടോണി ഹേസ്ലെറ്റ് പറഞ്ഞു. ബട്ലർ ബുധനാഴ്ച വൈകുന്നേരം ഈ പ്രദേശത്ത് കൂടി വാഹനമോടിച്ച് പോയിരുന്നു. കുട്ടികൾ കളിക്കുന്നതിനാൽ വേ​ഗത കുറക്കാൻ ഇയാളോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇയാൾ AR-15 റൈഫിളുമായി (AR-15-type rifle) തിരികെ എത്തുകയും തന്റെ വാഹനത്തിലിരുന്ന് പാർട്ടിയിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നവർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. സിറ്റിക്ക് പുറത്തുള്ള അപാർട്‍മെന്റ് കോംപ്ലക്സിലാണ് പ്രസ്തുത ബർത്ത്‍ഡേ-​ഗ്രാജ്വേഷൻ പാർട്ടി നടന്നിരുന്നത്. 

അക്രമിക്ക് നേരെ വെടിയുതിർത്ത യുവതിക്ക് ഏതെങ്കിലും തരത്തിൽ നിയമവുമായി ബന്ധപ്പെട്ട ജോലിയുമായി ബന്ധമില്ല എന്നും ടോണി ഹേസ്ലെറ്റ് പറഞ്ഞു. അവിടെ കൂടി നിന്നവരിൽ ഒരാളായിരുന്നു യുവതി. നിയമപരമായിട്ടാണ് അവർ തോക്കുപയോ​ഗിച്ചത്. ഭീഷണിയിൽ നിന്നും ഒഴിഞ്ഞുമാറുന്നതിന് പകരം അവർ മുൻകയ്യെടുത്തു. നിരവധി ജീവനുകൾ രക്ഷിച്ചുവെന്നും ഹേസ്ലെറ്റ് പറഞ്ഞു. യുവതി അക്രമിയെ വെടിവെച്ചു കൊന്നശേഷവും അവിടെ തന്നെ തുടരുകയും അന്വേഷണസംഘത്തോട് സഹകരിക്കുകയും ചെയ്‍തു. അവർക്ക് നേരെ കേസുകളൊന്നും എടുത്തിട്ടില്ല. ബട്ലറുടെ ദേഹത്ത് നിരവധി വെടിയേറ്റ മുറിവുകളുണ്ടായിരുന്നു.

(ചിത്രം പ്രതീകാത്മകം)