'അമ്മ മരിച്ചപ്പോൾ ഞാനും ബില്ലും അച്ഛനെ നോക്കാനായി ആ വീട്ടിൽ തന്നെ തുടർന്നു. പിന്നീട്, 1949 -ൽ അച്ഛൻ മരിച്ചു. ഞങ്ങളവിടെ തന്നെ താമസിച്ചു. 1960 -ൽ ആ വീട് ഞങ്ങൾ വാങ്ങി' എന്ന് എലിസ പറയുന്നു. 

ഒരു വീട്ടിൽ തന്നെ നാം എത്രകാലം ജീവിക്കും? എന്തായാലും ജീവിതകാലം മുഴുവനും ഒരേ വീട്ടിൽ തന്നെ ചെലവഴിക്കുന്നവർ കുറവായിരിക്കും അല്ലേ? എന്നാൽ, ഇവിടെ ഒരു സ്ത്രീ തന്റെ ജീവിതത്തിലെ എല്ലാ കാലവും ഒരേ വീട്ടിൽ തന്നെയാണ് കഴിയുന്നത്. അവർക്കിപ്പോൾ വയസ് 104. 

യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നുള്ള എൽസി ആൽകോക്ക് 1918 -ലാണ് ജനിച്ചത്. 104 വർഷമായി അവർ ഒരേ വീട്ടിൽ താമസിക്കുന്നു. രണ്ട് ലോകമഹായുദ്ധങ്ങൾ അവർ കണ്ട് കഴിഞ്ഞു. അവരുടെ ജീവിതകാലത്ത് നാല് രാജാക്കന്മാരും രാജ്ഞിമാരും 25 പ്രധാനമന്ത്രിമാരും ഉണ്ടായി. 

ഹുത്വെയ്റ്റിലെ ബാർക്കർ സ്ട്രീറ്റിലെ ഒരു വീട്ടിലാണ് എൽസി താമസിക്കുന്നത്. അവളുടെ അച്ഛൻ 1902-ൽ വാടകയ്ക്കെടുത്ത വീടാണ് അത്. അന്ന് അതിന് വാടക ഇന്നത്തെ ഏകദേശം 2800 രൂപയായിരുന്നു. അഞ്ച് മക്കളിൽ ഇളയവളായിരുന്നു എൽസി. രണ്ടാം ലോകമഹായുദ്ധസമയത്ത് 1941-ലാണ് അവൾ ബില്ലിനെ വിവാഹം കഴിക്കുന്നത്. അവരിരുവരും ആ വീട്ടിൽ തന്നെ താമസിച്ചു. 14 വയസ്സുള്ളപ്പോൾ അവളുടെ അമ്മ ന്യുമോണിയ ബാധിച്ച് മരിച്ചു. ശേഷം അച്ഛനൊപ്പം അവൾ ആ വീട്ടിൽ താമസിച്ചു.

'അമ്മ മരിച്ചപ്പോൾ ഞാനും ബില്ലും അച്ഛനെ നോക്കാനായി ആ വീട്ടിൽ തന്നെ തുടർന്നു. പിന്നീട്, 1949 -ൽ അച്ഛൻ മരിച്ചു. ഞങ്ങളവിടെ തന്നെ താമസിച്ചു. 1960 -ൽ ആ വീട് ഞങ്ങൾ വാങ്ങി' എന്ന് എൽസി പറയുന്നു. 

ലോണെടുത്ത് 24000 രൂപയ്ക്കാണ് അന്ന് ആ വീട് വാങ്ങിയത്. ഇന്ന് ഏകദേശം 70 ലക്ഷത്തിലധികം രൂപ വരും അതിന്. വീടിന് വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നും ഈ വീട് പോലെ സമാധാനവും സന്തോഷവും തരുന്ന മറ്റൊരു സ്ഥലവും തനിക്കില്ല എന്നും എൽസി പറയുന്നു.