മറ്റ് സ്ത്രീകളെ പ്രചോദിപ്പിക്കാനുള്ള ആഗ്രഹമാണ് പെർളയെ നിശ്ചയദാർഢ്യത്തോടെ നിലനിർത്തുന്ന മറ്റൊരു പ്രധാന കാര്യം.
ഒരു മാസത്തോളം അഗ്നിപർവ്വതത്തിന് മുകളിൽ ജീവിച്ച് ലോക റെക്കോർഡ് സൃഷ്ടിക്കുക എന്ന സാഹസിക ലക്ഷ്യവുമായി 31 -കാരി. മെക്‌സിക്കോയിലെ സാൾട്ടില്ലോയിൽ നിന്നുള്ള പെർല ടിജെറിന എന്ന യുവതിയാണ് അഗ്നിപർവതത്തിനു മുകളിൽ താമസമാക്കിയിരിക്കുന്നത്.
ലാറ്റിനമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ പിക്കോ ഡി ഒറിസാബയാണ് തൻറെ ലക്ഷ്യപൂർത്തീകരണത്തിനായി പെർല ടിജെറിന തിരഞ്ഞെടുത്തിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 18,491 അടി ഉയരത്തിലാണ് ഈ പർവ്വതം. 32 ദിവസം അഗ്നിപർവ്വതത്തിന് മുകളിൽ അതിജീവിക്കുക എന്നതാണ് പെർലയുടെ ലക്ഷ്യം.
തൻറെ മനശക്തി പരീക്ഷിക്കാൻ വേണ്ടിയാണ് ഇത്രമാത്രം അതിസഹസികമായ ഒരു ലക്ഷ്യം പൂർത്തിയാക്കാൻ താൻ തീരുമാനിച്ചത് എന്നാണ് പെർള ഓൺലൈൻ ന്യൂസ് പോർട്ടലായ നീഡ് ടു നോ യ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ഏതൊരു വെല്ലുവിളിയേയും അതിജീവിക്കാൻ സ്വന്തം മനശക്തി കൊണ്ട് സാധിക്കുമെന്നാണ് താൻ ഇതിലൂടെ തെളിയിക്കാൻ ആഗ്രഹിക്കുന്നതൊന്നും അവർ പറഞ്ഞു. തന്റെ ഉള്ളിൽ തന്നെയുള്ള ഭയം എന്ന വലിയ ശത്രുവിനെ ചെറുത്തു തോൽപ്പിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു. മനോധൈര്യം ഉണ്ടെങ്കിൽ ഒരു ഏകാന്തതയും നമ്മെ വീർപ്പുമുട്ടിക്കില്ല എന്നും അവർ അഭിപ്രായപ്പെട്ടു.
പർവതങ്ങളിലെ ശക്തമായ കാറ്റ്, കാലാവസ്ഥാ വ്യതിയാനം, ഹൈപ്പോഥെർമിയ തുടങ്ങിയവയെ ഒക്കെ അതിജീവിക്കാൻ താൻ ഇപ്പോൾ പഠിച്ചു കഴിഞ്ഞു എന്നാണ് പെർല പറയുന്നത്. ഏകാന്തതയെ അതിജീവിക്കാൻ പുസ്തകങ്ങളെയാണ് ആശ്രയിക്കുന്നതെന്നും കൂടാതെ ധ്യാനത്തിൽ ഏർപ്പെടാറുണ്ട് എന്നും ഇവർ പറയുന്നു. കൈവശം കരുതിയിരിക്കുന്ന പുസ്തകങ്ങളിൽ തനിക്ക് ഏറ്റവും അധികം ശക്തി നൽകുന്നത് ബൈബിൾ ആണെന്നാണ് പെർലയുടെ അഭിപ്രായം.
മറ്റ് സ്ത്രീകളെ പ്രചോദിപ്പിക്കാനുള്ള ആഗ്രഹമാണ് പെർളയെ നിശ്ചയദാർഢ്യത്തോടെ നിലനിർത്തുന്ന മറ്റൊരു പ്രധാന കാര്യം. ചെറിയ പ്രതിബന്ധങ്ങൾ വരുമ്പോഴേക്കും തളർന്നു പോകുന്നവർക്ക് തന്റെ ജീവിതം പ്രചോദനമാകണം എന്നാണ് ഈ 31 -കാരി ആഗ്രഹിക്കുന്നത്.
