തന്റെ അനുഭവമെല്ലാം വിവരിച്ച ടൈലറിന്റെ ടിക്ടോക് വീഡിയോ കണ്ട ശേഷം അവൾക്ക് ടാറ്റൂ മുഴുവനും മായ്‍ച്ചു കളയുന്നതിനായുള്ള ചെലവ് മുഴുവനും വഹിക്കാം എന്ന് കാരിഡി അസ്കനസി, എന്ന കണ്ടന്റ് ക്രിയേറ്റർ വാക്ക് നൽകി.

ടാറ്റൂ ചെയ്യുന്നത് ഇന്ന് പലർക്കും ഒരാവേശമാണ്. ദേഹം മൊത്തം ടാറ്റൂ ചെയ്യുന്നവരും മുഖമാകെ ടാറ്റൂ ചെയ്യുന്നവരും അങ്ങനെ പലരേയും നമുക്കറിയാം. അതിന്റെ പേരിൽ ജോലി കിട്ടാത്ത ഒരുപാട് ആളുകളുടെ വാർത്തയും നാം വായിച്ചിട്ടുണ്ടാകും. അതിൽ ഒരാളാണ് ഫ്ലോറിഡയിൽ നിന്നുമുള്ള ടൈലർ വൈറ്റ് എന്ന 37 -കാരി. അവരുടെ മുഖത്ത് ചെയ്ത ടാറ്റൂ കാരണം ഒരു സ്ഥാപനവും അവരെ ജോലിക്കെടുത്തില്ല. 

എന്നാൽ, ഇത് ടൈലറിനെ സംബന്ധിച്ച് വലിയ വേദനയായിത്തീരാൻ ഒരു കാരണം കൂടിയുണ്ട്. അത് അവളുടെ ആ​ഗ്രഹപ്രകാരം ചെയ്ത ടാറ്റൂവല്ല. മറിച്ച് മറ്റൊരാൾ അവളറിയാതെ അവളുടെ മുഖത്ത് ചെയ്ത ടാറ്റൂവാണ്. ടൈലറിന്റെ മുൻ കാമുകൻ വളരെ അധികം ക്രൂരനായിരുന്നു. അയാൾ നിരന്തരം അവളെ ഉപദ്രവിക്കുമായിരുന്നു. അവളുടെ 21 -ാമത്തെ പിറന്നാളിന് അവൾ അയാളോടൊപ്പം പിറന്നാൾ ആഘോഷിക്കാൻ പോയതായിരുന്നു. 

അവളെയും കൊണ്ട് അയാൾ പോയത് ഒരു ബാറിലേക്കാണ്. അവിടെ വച്ച് അയാൾ അവൾക്ക് മയക്കുമരുന്ന് നൽകി. പിറ്റേന്ന് രാവിലെ ഉറക്കമുണർന്നപ്പോൾ ദേഹം മുഴുവനും വേദനയായിരുന്നു. അതുകൊണ്ടും തീർന്നില്ല. തന്റെ മുഖത്തിന് എന്തോ സംഭവിച്ചതായി അവൾക്ക് തോന്നി. നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യമറിഞ്ഞത് തന്റെ മുഖത്ത് അയാൾ ടാറ്റൂ ചെയ്തിരിക്കുന്നു. ഇതവളെ ആകെ ഞെട്ടിച്ചു കളഞ്ഞു. 

ആ ഷോക്കിൽ നിന്നും പുറത്ത് കടക്കുക എളുപ്പമായിരുന്നില്ല. തന്റെ മാനസികാവസ്ഥ അവളെ അലട്ടി. തന്നെപ്പോലുള്ളവരെ സഹായിക്കാൻ അവളൊരു മെന്റൽ ഹെൽത്ത് അഡ്വൈസറായി. എന്നാൽ, ഈ ടാറ്റൂ കാരണം അവൾക്ക് ജോലി കൊടുക്കാൻ ആരും തയ്യാറായില്ല. എന്നാൽ, ഇപ്പോൾ ഒരാൾ അവളെ അറിഞ്ഞു കൊണ്ട് സഹായിക്കാൻ മുന്നോട്ട് വന്നിരിക്കുകയാണ്. 

തന്റെ അനുഭവമെല്ലാം വിവരിച്ച ടൈലറിന്റെ ടിക്ടോക് വീഡിയോ കണ്ട ശേഷം അവൾക്ക് ടാറ്റൂ മുഴുവനും മായ്‍ച്ചു കളയുന്നതിനായുള്ള ചെലവ് മുഴുവനും വഹിക്കാം എന്ന് കാരിഡി അസ്കനസി, എന്ന കണ്ടന്റ് ക്രിയേറ്റർ വാക്ക് നൽകി. Removery എന്ന ടാറ്റൂ റിമൂവൽ ബ്രാൻഡ് അത് ചെയ്യാമെന്ന് സമ്മതിച്ചു. ഡോക്ടർമാർ പറയുന്നത് ടാറ്റൂവും അതിന്റെ പാടും എല്ലാം മുഴുവനായും മായാൻ രണ്ട് വർഷമെങ്കിലും എടുക്കും എന്നാണ്.