ഇരുട്ടിയതിന് ശേഷവും താൻ പുറത്തിറങ്ങുന്നു. തനിക്കതിൽ പേടിക്കേണ്ടി വന്നിട്ടില്ല. എന്നാൽ, സ്ത്രീകളുടെ കാര്യം അങ്ങനെയല്ല. അവരെ സംബന്ധിച്ച് അവർ ദിവസേന അഭിമുഖീകരിക്കുന്ന യാഥാർത്ഥ്യം അതാണ്. 

പുരുഷന്മാർക്ക് കിട്ടുന്ന സ്വാതന്ത്ര്യങ്ങളെ കുറിച്ചും എവിടെച്ചെന്നാലും കിട്ടുന്ന പദവികളെ കുറിച്ചും സ്ഥാനങ്ങളെ കുറിച്ചുമെല്ലാം നാം പറയാറുണ്ട്. ഈ പ്രിവിലേജുകൾ പലതും സ്ത്രീകൾക്കുണ്ടാറില്ല. ഇതേക്കുറിച്ച് ഒരു യുവാവ് ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഡോ. ചൈതന്യ കൃഷ്ണ ശർമ്മ എന്ന യുവാവാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പുരുഷന്മാരുടെ ജീവിതം കുറച്ചുകൂടി എളുപ്പമാണ് എന്നും അത് അവരുടെ മെച്ചം കൊണ്ടല്ല മറിച്ച് സമൂഹം സമൂഹം അവരോട് എപ്പോഴും ദയയോട് കൂടി പെരുമാറുന്നത് കൊണ്ടാണ് എന്നുമാണ് ചൈതന്യ കൃഷ്ണ പറയുന്നത്.

യുവാവ് ഷർട്ട് ധരിക്കാതെ ഓടാനായി പോകുന്നത് വീഡിയോയിൽ കാണാം. താൻ ഒരു ആണായി ജനിച്ചതിന് നന്ദി എന്നാണ് യുവാവ് പറയുന്നത്. രണ്ട് വർഷമായി താൻ ഇങ്ങനെ ഓടുന്നുണ്ട്. അതിൽ ഒരിക്കൽ പോലും തനിക്ക് വിചിത്രമായ നോട്ടമോ, പരാമർശമോ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. പകരം അഭിനന്ദനങ്ങളാണ് ലഭിക്കാറുള്ളത്. ഇരുട്ടിയതിന് ശേഷവും താൻ പുറത്തിറങ്ങുന്നു. തനിക്കതിൽ പേടിക്കേണ്ടി വന്നിട്ടില്ല. എന്നാൽ, സ്ത്രീകളുടെ കാര്യം അങ്ങനെയല്ല. അവരെ സംബന്ധിച്ച് അവർ ദിവസേന അഭിമുഖീകരിക്കുന്ന യാഥാർത്ഥ്യം അതാണ്. ഇരുട്ടി പുറത്തിറങ്ങുന്നത് അവരെ സംബന്ധിച്ച് പേടിയും ജാ​ഗ്രതയും ഒരുപാട് സുരക്ഷാ മുൻകരുതലുകളും കഴി‍ഞ്ഞുവേണം എന്നും യുവാവ് പറയുന്നു.

View post on Instagram

സുഹൃത്തുക്കൾക്ക് ലൈവ് ലൊക്കേഷനുകളയക്കാതെ തനിക്ക് യാത്ര ചെയ്യാൻ സാധിക്കുമ്പോൾ സ്ത്രീകൾക്ക് മിക്കപ്പോഴും അതിന് സാധിക്കാറില്ല എന്ന സത്യവും ചൈതന്യ കൃഷ്ണ തുറന്നു പറയുന്നു. പുരുഷനായതുകൊണ്ട് മാത്രം തനിക്ക് കിട്ടുന്ന സ്വാതന്ത്ര്യത്തെ കുറിച്ച് തുറന്ന് സമ്മതിക്കുന്ന യുവാവ് തനിക്കൊരു മകളുണ്ടായാൽ അതേ സ്വാതന്ത്ര്യം തന്നെ അവൾക്കും ലഭിക്കേണ്ടതുണ്ട് എന്നാണ് പറയുന്നത്. നിരവധിപ്പേരാണ് ചൈതന്യ കൃഷ്ണയുടെ പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. യുവാവ് പറഞ്ഞത് സത്യമാണ് എന്ന് ഏറെപ്പേരാണ് പറഞ്ഞിരിക്കുന്നത്.