Asianet News MalayalamAsianet News Malayalam

ഓടുന്ന ട്രെയിനിൽ സ്ത്രീയെ ബലാത്സം​ഗം ചെയ്‍തു, യാത്രക്കാർ നോക്കിനിന്നു, വീഡിയോ പകർത്തി

ആക്രമണം ഏകദേശം എട്ട് മിനിറ്റോളം നീണ്ടുനിന്നു. ട്രെയിൻ  യാത്രക്കാരിൽ ആരെങ്കിലും ഒരാൾ ഇത് റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിൽ, 911 -ൽ വിളിച്ചിരുന്നെങ്കിൽ ആ സ്ത്രീ രക്ഷപെട്ടേനെ എന്ന് പൊലീസ് പറയുന്നു.

woman raped in running train
Author
Philadelphia, First Published Oct 20, 2021, 2:07 PM IST
  • Facebook
  • Twitter
  • Whatsapp

സാമൂഹിക മാധ്യമങ്ങളിൽ(social media) പ്രചരിക്കുന്ന വാർത്തകൾക്ക് പ്രതികരിക്കാൻ ധൈര്യം കാണിക്കുന്ന നമ്മൾ എന്നാൽ കണ്മുന്നിൽ നടക്കുന്ന സംഭവങ്ങൾക്ക് എത്രത്തോളം പ്രതികരിക്കാറുണ്ടെന്നത് ഒരു ചോദ്യമാണ്. നമുക്കെന്തിനാണ് ഈ പൊല്ലാപ്പൊക്കെ എന്ന ഭാവത്തിൽ ചിലപ്പോൾ ശ്രദ്ധിക്കാതെ കടന്ന് പോകാനും മതി. വടക്കൻ ഫിലാഡൽഫിയയിലും(Philadelphia) അത്തരമൊരു സംഭവം ഉണ്ടായി. ഓടുന്ന ട്രെയിനിൽ ഒരാൾ ഒരു സ്ത്രീയെ ബലാത്സംഗം(rape) ചെയ്തപ്പോൾ കൂടെയുണ്ടായ യാത്രക്കാർ ഒന്നും ചെയ്യാതെ വെറുതെ നോക്കി നിൽക്കുകയായിരുന്നു. മാത്രമല്ല, ചിലർ ആ ദൃശ്യങ്ങൾ സ്വന്തം ഫോണിൽ പകർത്താനും മറന്നില്ല.

ഒരുപക്ഷേ, മനുഷ്യസമൂഹം ഇത്രയ്ക്ക് അധപതിച്ചു പോയോ എന്ന് സംശയിക്കും വിധമായിരുന്നു ആൾക്കൂട്ടത്തിന്റെ പ്രതികരണം. എന്നാൽ, ഇപ്പോൾ ആ നിസംഗതയ്ക്ക് വലിയ വില നൽകേണ്ടി വരുമെന്നാണ് തോന്നുന്നത്. സ്ത്രീയെ സഹായിക്കാൻ തയ്യാറാകാതിരുന്ന യാത്രക്കാർ ക്രിമിനൽ കേസ് നേരിടേണ്ടിവന്നേക്കുമെന്ന് പൊലീസ് പറയുന്നു.  പെൻ‌സിൽ‌വാനിയ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി (SEPTA) ഇത് ഗുരുതരമായ  കുറ്റകൃത്യമാണെന്ന് വിശേഷിപ്പിച്ചു. ഒരു കാഴ്ച കാണുന്ന ലാഘവത്തോടെ ഈ കൊടും ക്രൂരതയ്ക്ക് സാക്ഷ്യം വഹിച്ച ഓരോരുത്തരും ഇനി ക്രിമിനൽ കുറ്റത്തിന് വിചാരണ നേരിട്ടേക്കും. അതേസമയം അന്വേഷണം പൂർത്തിയാക്കിയതിന് ശേഷം മാത്രമേ അതിൽ അന്തിമ തീരുമാനം കൈകൊള്ളുകയുള്ളൂ.

കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. പുരുഷന്മാരും, സ്ത്രീകളും ആ ട്രെയിനിൽ ഉണ്ടായിരുന്നു. ട്രെയിൻ കടന്നുപോകുമ്പോൾ ഒരു റെയിവേ ജീവനക്കാരനാണ് എന്തോ പ്രശ്‌നമുണ്ടെന്ന സംശയത്തിൽ പൊലീസിനെ വിവരം അറിയിച്ചത്. അടുത്ത സ്റ്റോപ്പിൽ കാത്തുനിന്ന സെപ്റ്റ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന്, യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, അതിക്രമം നേരിടേണ്ടി വന്ന സ്ത്രീ അവിശ്വസനീയമാംവിധം ശക്തയായ സ്ത്രീയാണെന്ന് പൊലീസ് പറഞ്ഞു. അവർ പോലീസിന് ധാരാളം വിവരങ്ങൾ കൈമാറി. ഭവനരഹിതനാണെന്ന് കരുതപ്പെടുന്ന 35 -കാരനായ ഫിസ്റ്റൺ എൻഗോയാണ് പ്രതി. ബലാത്സംഗം, അസഭ്യവർഷം, മറ്റ് അനുബന്ധ കേസുകൾ എന്നിവ ചുമത്തിയാണ് പൊലീസ് അയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അയാൾ ഇപ്പോൾ ഡെലവെയർ കൗണ്ടി ജയിലിൽ തടവിൽ കഴിയുകയാണ്.  

ആക്രമണം ഏകദേശം എട്ട് മിനിറ്റോളം നീണ്ടുനിന്നു. ട്രെയിൻ  യാത്രക്കാരിൽ ആരെങ്കിലും ഒരാൾ ഇത് റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിൽ, 911 -ൽ വിളിച്ചിരുന്നെങ്കിൽ ആ സ്ത്രീ രക്ഷപെട്ടേനെ എന്ന് പൊലീസ് പറയുന്നു. "ഈ സ്ത്രീയെ സഹായിക്കാൻ ആരും ഒന്നും ചെയ്തില്ലെന്നത് എന്നെ ഞെട്ടിപ്പിക്കുന്നു" അപ്പർ ഡാർബി ടൗൺഷിപ്പ് പൊലീസ് ഡിപ്പാർട്ട്മെന്റ് സൂപ്രണ്ട് തിമോത്തി ബെർൺഹാർഡ് ഞായറാഴ്ച പറഞ്ഞു. സ്ത്രീ ആക്രമിക്കപ്പെടുമ്പോൾ ആളുകൾ ഫോണുകൾ കൈവശം വച്ചിരുന്നെന്ന് അധികാരികൾ പറഞ്ഞു.

എന്നാൽ, എത്ര പേർ കുറ്റകൃത്യത്തിന് സാക്ഷ്യം വഹിച്ചെന്നത് വ്യക്തമല്ല. ട്രെയിനിലെ യാത്രക്കാർ സംഭവം ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തോ എന്ന് ചോദിച്ചപ്പോൾ, "ഈ സ്ത്രീ ആക്രമിക്കപ്പെടുന്ന ദിശയിൽ ആളുകൾ ഫോൺ ഉയർത്തിപ്പിടിച്ചതായി ഞങ്ങൾ റെയിൽവേ ക്യാമറയിൽ കണ്ടു" അദ്ദേഹം പറഞ്ഞു.  മുഴുവൻ സംഭവവും നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ട്രെയിനിലുണ്ടായിരുന്നവർ ആക്രമണം ഫോണിൽ പകർത്തിയിട്ടുണ്ടെങ്കിൽ അവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം പൂർത്തിയാക്കി, കണ്ടെത്തലുകൾ സമർപ്പിച്ചതിന് ശേഷം ഡെലവെയർ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് ഇതിൽ അന്തിമ തീരുമാനമെടുക്കുമെന്ന് ബെർൺഹാർഡ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios