ചില കത്തുകളും സമ്മാനങ്ങളുമെല്ലാം നമുക്കരികിലേക്ക് വൈകിയെത്താറുണ്ട്. എന്നാല്‍, മെസ്സേജുകളുടെയും മെയിലുകളുടെയും വീഡിയോ കോളുകളുടെയും ഈ പുതിയ കാലത്ത് കത്തെഴുതുന്നവരും കത്തിനായി കാത്തിരിക്കുന്നവരും കുറവായിരിക്കും. എന്നാല്‍, ഏകദേശം 100 വര്‍ഷം മുമ്പയച്ചൊരു പോസ്റ്റുകാര്‍ഡ് പ്രതീക്ഷിക്കാത്തൊരു നേരത്ത് നമ്മെത്തേടി വന്നാലെങ്ങനെയിരിക്കും? ഇവിടെയും അതാണ് സംഭവിച്ചിരിക്കുന്നത്. ഇവിടെയെന്നാല്‍ അങ്ങ് മിഷിഗണിലാണ് കേട്ടോ. മിഷിഗണിലുള്ള ബ്രിട്ടാണി കീച്ചിനാണ് തന്‍റെ മെയില്‍ ബോക്സില്‍ നിന്നും 1920 -ല്‍ അയച്ചതെന്ന് കരുതുന്ന ഒരു പോസ്റ്റുകാര്‍ഡ് കിട്ടിയത്. ബ്രിട്ടാണി തന്നെയാണ് ഇതിന്‍റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്താന്‍ സഹായിക്കണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ട് പോസ്റ്റുകാര്‍ഡിന്‍റെ ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതും. ചൂലുമായി നില്‍ക്കുന്ന ഒരു കറുത്ത പൂച്ച, ഒരു മൂങ്ങ, ഒരു മന്ത്രവാദിനി തുടങ്ങിയവയെല്ലാം അടങ്ങുന്നതാണ് പോസ്റ്റുകാര്‍ഡിലെ ചിത്രം. 

'ഇന്നുരാവിലെയാണ് എനിക്കീ മെയില്‍ കിട്ടിയത്. ഇത് കണ്ടിട്ട് വളരെ പഴയൊരു കത്താണെന്നാണ് തോന്നുന്നത്. ഇത് അവര്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ എത്തിച്ചു നല്‍കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അവരുടെ ആദ്യനാമം ഇതില്‍ വ്യക്തമല്ല. 1920 ഒക്ടോബര്‍ 29 എന്നാണ് ഇതില്‍ തീയതി അടയാളപ്പെടുത്തിയിരിക്കുന്നത്. എന്തെങ്കിലും സഹായം കിട്ടിയാല്‍ അത് വളരെ നന്നായിരിക്കും' എന്നാണ് ബ്രിട്ടാണി ഫേസ്ബുക്കില്‍ കുറിച്ചത്. പൊസിറ്റീവ്ലി ബെല്‍ഡിംഗ് എന്ന പബ്ലിക് ഗ്രൂപ്പിലാണ് ബ്രിട്ടാണി ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ബ്രിട്ടാണിയുടെ നിലവിലെ വിലാസമാണ് കത്തിലെങ്കിലും റോയ് മക്വീന്‍ എന്നയാള്‍ക്കാണ് പോസ്റ്റുകാര്‍ഡ് അയച്ചിരിക്കുന്നത്. പിന്നീട്, കത്തിലെ വിവരങ്ങള്‍ ബ്രിട്ടാണി ന്യൂസ് ഏജന്‍സിയായ സിഎന്‍എന്നിനോട് വെളിപ്പെടുത്തി. അത് ഇപ്രകാരം ആയിരുന്നു,

ഡിയര്‍ കസിന്‍, നിങ്ങള്‍ക്കെല്ലാവര്‍ക്കും സുഖമെന്ന് കരുതുന്നു. ഞങ്ങള്‍ക്കെല്ലാവര്‍ക്കും സുഖം തന്നെ. എങ്കിലും, അമ്മയ്ക്ക് മുട്ടിന് ബുദ്ധിമുട്ടുകളുണ്ട്. ഇവിടെ നല്ല തണുപ്പാണ്. ഞാനിപ്പോള്‍ എന്‍റെ ഹിസ്റ്ററി പാഠങ്ങള്‍ പഠിച്ചു. പെട്ടെന്ന് തന്നെ ഉറങ്ങാന്‍ പോവും. അച്ഛന്‍ ഷേവ് ചെയ്യുകയാണ്. അമ്മ എനിക്ക് നിങ്ങളുടെ വിലാസം പറഞ്ഞു തരുന്നു. മുത്തച്ഛനും മുത്തശ്ശിക്കും സുഖമെന്ന് കരുതുന്നു. ഞങ്ങള്‍ക്ക് എഴുതാന്‍ മറക്കരുത്. 

ഈ കത്തിലെഴുതിയിരിക്കുന്നത് ഫ്ലോസീ ബര്‍ഗസ് എന്നാണ് കത്തിലെ വിവരത്തില്‍ നിന്നും മനസിലാവുന്നത്. ഏതായാലും മുപ്പതുകാരിയായ ബ്രിട്ടാണിക്ക് എന്തുകൊണ്ടാണ് ഈ കത്ത് ഇതുവരെ അതിന്‍റെ യഥാര്‍ത്ഥ ഉടമസ്ഥനരികിലെത്താതിരുന്നത് എന്നോ, ഇത്രയും വൈകി എങ്ങനെ ലഭിച്ചുവെന്നോ മനസിലായിട്ടില്ല. ഏതായാലും എങ്ങനെയെങ്കിലും ഇതിന്‍റെ യഥാര്‍ത്ഥ ഉടമയെയോ അവരുടെ ബന്ധുക്കളെയോ കണ്ടെത്തുകയും അവരില്‍ ഈ കത്തെത്തിക്കുകയും ചെയ്യാനാവുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടാണി. അതിനായുള്ള അന്വേഷണവും അവള്‍ പലവഴിയിലും നടത്തുന്നുണ്ട്.