'ഒരു ഫ്രണ്ട് ബർത്ത്ഡേ പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ക്ഷണക്കത്ത് ലഭിച്ചു, അതിൽ പങ്കെടുക്കാൻ എനിക്ക് $499 നൽകണം, ഞാൻ ഒരു ഗസ്റ്റിനെ കൊണ്ടു പോവുകയാണെങ്കിൽ $250 ഉം' എന്നാണ് റെഡ്ഡിറ്റിൽ ഇൻവിറ്റേഷൻ കാർഡിന്റെ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.
കേട്ടാൽ വിശ്വസിക്കാൻ പ്രയാസം തോന്നുന്ന അനേകം പോസ്റ്റുകൾ പലപ്പോഴും നാം സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ കാണാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത്. നമ്മളെല്ലാവരും സുഹൃത്തുക്കളുടെ പിറന്നാൾ ആശംസിക്കുന്നവരും അവർക്കായി പാർട്ടി ഒരുക്കുന്നവരും അല്ലെങ്കിൽ അവർ ഒരുക്കുന്ന പാർട്ടിയിൽ പങ്കെടുക്കുന്നവരും ഒക്കെ ആയിരിക്കും. എന്നാൽ, ഈ പോസ്റ്റ് പങ്കുവച്ച യുവതിക്ക് തന്റെ സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കുചേരണോ എന്നാണ് സംശയം. അതിന് കാരണവും ഉണ്ട്.
റെഡ്ഡിറ്റിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നത്, സുഹൃത്ത് പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പണം ഈടാക്കുന്നു എന്നാണ്. '$499 (ഏകദേശം 43,000 രൂപ) ആണത്രെ പിറന്നാൾ ആഘോഷത്തിന് പങ്കെടുക്കാൻ നൽകേണ്ടത്. ഇത് അഡ്മിഷൻ ഫീസ് ആണ്. ഇതിന് പുറമെ ഒരാൾ $250 (ഏകദേശം 21,000 രൂപ) നൽകണം' എന്നും പിറന്നാളിനുള്ള ക്ഷണക്കത്തിൽ പറയുന്നു.
'ഒരു ഫ്രണ്ട് ബർത്ത്ഡേ പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ക്ഷണക്കത്ത് ലഭിച്ചു, അതിൽ പങ്കെടുക്കാൻ എനിക്ക് $499 നൽകണം, ഞാൻ ഒരു ഗസ്റ്റിനെ കൊണ്ടു പോവുകയാണെങ്കിൽ $250 ഉം' എന്നാണ് റെഡ്ഡിറ്റിൽ ഇൻവിറ്റേഷൻ കാർഡിന്റെ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. പോസ്റ്റ് കണ്ട പലരും അന്തംവിട്ടുപോയി. രണ്ട് മണിക്കൂർ പാർട്ടിക്ക് വേണ്ടിയാണോ ഈ പണം നൽകേണ്ടത് എന്നാണ് മിക്കവരും അത്ഭുതത്തോടെ കുറിച്ചത്. ഒരു കാർഡ് അയച്ചാൽ മതി എന്നാണ് മറ്റൊരാൾ കമന്റ് നൽകിയത്.
അതേസമയം, പോസ്റ്റ് പങ്കുവച്ച യൂസർ വിഷയത്തിൽ ഒരു അപ്ഡേറ്റുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്. അതിൽ പറയുന്നത്, സുഹൃത്ത് ഈ പിറന്നാൾ പാർട്ടി കാൻസൽ ചെയ്തു എന്ന് അറിയിച്ചിട്ടുണ്ട് എന്നാണ്. 'ആർക്കും തന്നെ കുറിച്ച് ഒരു ശ്രദ്ധയുമില്ല. തന്റെ പിറന്നാൾ നശിപ്പിച്ചതിന് നന്ദി' എന്നാണത്രെ സുഹൃത്ത് പറഞ്ഞത്. എവിടെയാണ് ശരിക്കും സുഹൃത്തുകളെ കണ്ടെത്താനാവുക എന്നും അവൾ ചോദിക്കുന്നുണ്ട്.
