ലക്സ് സോപ്പ്, ക്ലോസപ്പ്, ആണുങ്ങളിത്ര സിംപിളാണോ; 45 ലക്ഷം വരുമാനമുള്ള കൂട്ടുകാരന്റെ പൗച്ച്, ചിത്രവുമായി യുവതി
പൗച്ചിൽ കാണുന്നത്, ലക്സിന്റെ ഒരു സോപ്പ്, ചെറിയ ഒരു കുപ്പി (അതിൽ ഹെയർ ഓയിൽ ആണെന്നാണ് കരുതുന്നത്), ക്ലോസപ്പിന്റെ ഒരു ചെറിയ ടൂത്ത് പേസ്റ്റ്, പ്ലാസ്റ്റിക്കിന്റെ ഒരു ചെറിയ ചീർപ്പ് തുടങ്ങിയവയാണ്.

മാസം വലിയ ശമ്പളം വാങ്ങുന്ന നിങ്ങളുടെ ഒരു കൂട്ടുകാരൻ, അയാളുടെ ടോയ്‍ലെട്രി പൗച്ചിൽ എന്തൊക്കെ കാണും. വില കൂടിയ ഷാംപൂ, സോപ്പ്, നല്ല ബ്രഷ്, ചീർപ്പ് എന്നൊക്കെയാണോ കരുതുന്നത്? എന്നാൽ, അങ്ങനെയൊന്നുമല്ലാത്ത ആണുങ്ങളും ഉണ്ട്. തന്റെ ഒരു കൂട്ടുകാരന്റെ ടോയ്‍ലെട്രി പൗച്ചിന്റെ ചിത്രം സോഷ്യൽ മീഡിയിൽ പങ്കുവച്ച് കൊണ്ട് ഒരു യുവതി പറയുന്നത് ആണുങ്ങള് ഭയങ്കര സിംപിളാണ് എന്നാണ്.
എക്സിലാണ് (ട്വിറ്റർ) സാക്ഷി എന്ന യുവതി സുഹൃത്തിന്റെ സോപ്പും പേസ്റ്റുമെല്ലാം അടങ്ങുന്ന പൗച്ചിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. വർഷത്തിൽ 45 ലക്ഷം രൂപ വരുമാനമുള്ള തന്റെ സുഹൃത്തിന്റെ പൗച്ച് ആണിത് എന്ന് യുവതി കാപ്ഷനിൽ പറയുന്നുണ്ട്.
ചിത്രത്തിലെ പൗച്ചിൽ കാണുന്നത്, ലക്സിന്റെ ഒരു സോപ്പ്, ചെറിയ ഒരു കുപ്പി (അതിൽ ഹെയർ ഓയിൽ ആണെന്നാണ് കരുതുന്നത്), ക്ലോസപ്പിന്റെ ഒരു ചെറിയ ടൂത്ത് പേസ്റ്റ്, പ്ലാസ്റ്റിക്കിന്റെ ഒരു ചെറിയ ചീർപ്പ് തുടങ്ങിയവയാണ്.
മൂന്ന് ലക്ഷത്തിലധികം പേരാണ് പോസ്റ്റ് കണ്ടിരിക്കുന്നത്. ഒരുപാടുപേർ പോസ്റ്റിന് കമന്റുകളും നൽകിയിട്ടുണ്ട്. എന്നാലും ഇത്രയധികം ശമ്പളം വാങ്ങുന്ന ഒരാളുടെ പൗച്ചാണിത് എന്ന് പലർക്കും വിശ്വസിക്കാനായില്ല. ആ അമ്പരപ്പ് പലരും തങ്ങളുടെ കമന്റുകളിൽ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, അതേസമയം തന്നെ പുരുഷന്മാരുടെ സെൽഫ് കെയറും സ്ത്രീകളുടെ സെൽഫ് കെയറും തമ്മിലുള്ള താരതമ്യമാണ് മറ്റ് ചിലർ നടത്തിയത്.
ഈ ശമ്പളം വാങ്ങുന്ന ഒരു സ്ത്രീയുടെ പൗച്ചാണ് ഇതെങ്കിൽ അതിന്റെ അകത്ത് ഇങ്ങനെയൊരു കാഴ്ചയേ ആയിരിക്കില്ല കാണുന്നത് എന്നും അഭിപ്രായപ്പെട്ടവരുണ്ട്. എന്തായാലും, ചില പുരുഷന്മാർ കാശുണ്ടായാലും വളരെ വളരെ സിംപിളാണ് എന്ന് തന്നെയാണ് മിക്കവരുടേയും അഭിപ്രായം.