ഇന്റേൺഷിപ്പിന്റെ സമയത്ത് തന്നെ സിഇഒ തന്നെ അപമാനിച്ചതായി അവൾ പറയുന്നു. 'ജോലി ചെയ്യാൻ തന്നെയാണോ ബാംഗ്ലൂരിലേക്ക് വന്നത് അതോ ബോയ്ഫ്രണ്ടിനൊപ്പം ആഘോഷിക്കാനാണോ' എന്നതായിരുന്നു അയാളുടെ ചോദ്യം.
സ്ത്രീകൾക്ക് നേരെയുള്ള വിവേചനങ്ങളെ കുറിച്ചും ജോലി സ്ഥലങ്ങളിലെ ചൂഷണങ്ങളെ കുറിച്ചുമെല്ലാം മിക്കവാറും ആളുകൾ സോഷ്യൽ മീഡിയയിൽ അനുഭവങ്ങൾ പങ്കുവയ്ക്കാറുണ്ട്. അതുപോലെ ഒരു യുവതി റെഡ്ഡിറ്റിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നത്, ബെംഗളൂരുവിലെ ഒരു സ്റ്റാർട്ടപ്പിൽ UX ഡിസൈൻ ഇന്റേൺ ആയി ജോയിൻ ചെയ്ത യുവതിക്ക് സിഇഒയിൽ നിന്നും നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ചാണ്. ബിരുദാനന്തര ബിരുദത്തിന്റെ അവസാന വർഷമാണ് അവൾ ബെംഗളൂരുവിലേക്ക് ജോലിക്കായി പോകുന്നത്. സിഇഒയ്‍ക്കൊപ്പം തന്നെ ആയിരുന്നു ജോലി ചെയ്യേണ്ടിയിരുന്നത്.
ഇന്റേൺഷിപ്പിന്റെ സമയത്ത് തന്നെ സിഇഒ തന്നെ അപമാനിച്ചതായി അവൾ പറയുന്നു. 'ജോലി ചെയ്യാൻ തന്നെയാണോ ബാംഗ്ലൂരിലേക്ക് വന്നത് അതോ ബോയ്ഫ്രണ്ടിനൊപ്പം ആഘോഷിക്കാനാണോ' എന്നതായിരുന്നു അയാളുടെ ചോദ്യം. താൻ അപമാനിക്കപ്പെട്ടതായി തോന്നിയെങ്കിലും അവൾ അവിടെ തന്നെ പിടിച്ചുനിൽക്കുകയും ജോലി ചെയ്യുകയും ചെയ്തു. പിന്നീട് ഒരു മുഴുവൻ സമയ ജീവനക്കാരിയും ആയി.
എന്നാൽ, സിഇഒ നിരന്തരം തന്നെ അപമാനിച്ചതായിട്ടാണ് പോസ്റ്റിൽ പറയുന്നത്. കോളേജിലെ ഫൈനൽ ജ്യൂറി സമയത്ത് വർക്ക് ഫ്രം ഹോം ചോദിച്ചപ്പോൾ 'കോളേജ് കഴിയാതെ ജോലിക്ക് വന്നത് തന്റെ കുഴപ്പമല്ല' എന്നാണ് പ്രതികരിച്ചത്. പലപ്പോഴും എല്ലാവരുടേയും മുന്നിൽ നിന്നാണ് കളിയാക്കാറ്. സ്ത്രീവിരുദ്ധ തമാശകൾ കേൾക്കണ്ട കരുതി മാറിയിരുന്നപ്പോൾ, 'അശ്ലീല വീഡിയോ കാണുകയാണോ' എന്നാണ് തന്നോട് സിഇഒ ചോദിച്ചത് എന്നും യുവതി പറയുന്നു.
അപ്രൈസൽ ചോദിച്ചപ്പോൾ തങ്ങൾക്ക് UX ഡിസൈനറിനെ ആവശ്യമില്ല എന്നും പ്രൊജക്ട് മാനേജരായിട്ട് നിന്നോളാനാണ് പറഞ്ഞത്. പിന്നീട്, ഫ്രീലാൻസറായിട്ട് ഡിസൈനിംഗ് ചെയ്യാനാവശ്യപ്പെട്ടു എന്നും യുവതി പറയുന്നു.
താൻ ഒരുപാട് കരഞ്ഞു എന്നും ഒടുവിൽ ജോലി രാജി വച്ചു എന്നും പോസ്റ്റിലുണ്ട്. തനിക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസത്തെ കുറിച്ചും അത് തിരികെയെടുക്കാന്‍ വേണ്ടിവരുന്ന പ്രയാസങ്ങളെ കുറിച്ചും പോസ്റ്റില്‍ നിന്ന് മനസിലാക്കാം. അനേകങ്ങളാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇത് മിക്കവാറും കമ്പനികളിൽ നടക്കാറുണ്ട് എന്നാണ് പോസ്റ്റിന്റെ കമന്റുകളിൽ നിന്നും മനസിലാവുന്നത്.
ഉന്നതസ്ഥാനത്തുള്ളവരുടെ ചൂഷണവും പീഡനങ്ങളും കാരണം എത്ര പേർക്കാണല്ലേ അവരുടെ സ്വപ്നജോലികൾ കഴിവുണ്ടായിട്ടും ഉപേക്ഷിച്ചു പോകേണ്ടി വരുന്നത്?


