വീഡിയോയിൽ യുവതി എഴുതിയിരിക്കുന്നത്, 'ഞങ്ങളത് നേടിയിരിക്കുന്നു, എന്റെയീ മനുഷ്യരില്ലാതെ എനിക്കത് സാധ്യമാകില്ല' എന്നാണ്.

മക്കളുടെ വിജയവും അവർ ഉയരങ്ങളിലെത്തുന്നതുമൊക്കെ അച്ഛനമ്മമാരെ സംബന്ധിച്ച് വളരെ വലിയ സന്തോഷങ്ങളായിരിക്കും. പ്രത്യേകിച്ചും അവരുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ. നല്ല സ്ഥാപനങ്ങളിൽ‌ പ്രവേശനം ലഭിക്കുന്നതും ഉയർന്ന മാർക്കോടെ വിജയിക്കുന്നതുമെല്ലാം അച്ഛനമ്മമാരെ വലിയ സന്തോഷങ്ങളിലെത്തിക്കാറുണ്ട്. അതുപോലെ തന്നെ മക്കൾക്കും അവരുടെ സന്തോഷങ്ങൾ, നേട്ടങ്ങളൊക്കെ മാതാപിതാക്കളെ അറിയിക്കുക എന്നാൽ അവരുടെ ജീവിതത്തിലെ വിലമതിക്കാനാവാത്ത നിമിഷങ്ങളാണ്. അതുപോലെ മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് പൂർവ പർവാനി എന്ന യുവതിയാണ്. ഭോപ്പാലിൽ നിന്നുള്ള പർവാനിയ്ക്ക് ഹാർവാർഡിൽ‌ പ്രവേശനം കിട്ടിയത് സ്വന്തം മാതാപിതാക്കളെ അറിയിക്കുന്നതും അവരുടെ പ്രതികരണവുമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ആ സന്തോഷ വാർത്ത അറിയിച്ചതിന് പിന്നാലെ ആ മുറി കയ്യടിയും സ്നേഹപ്രകടനങ്ങളും ഒക്കെ കൊണ്ട് നിറയുകയായിരുന്നു.

View post on Instagram

വീഡിയോയിൽ യുവതി എഴുതിയിരിക്കുന്നത്, 'ഞങ്ങളത് നേടിയിരിക്കുന്നു, എന്റെയീ മനുഷ്യരില്ലാതെ എനിക്കത് സാധ്യമാകില്ല' എന്നാണ്. വീഡിയോയിൽ ഒരു ലാപ്ടോപ്പിന് മുന്നിലിരിക്കുന്ന പർവാനിയെ കാണാം. തൊട്ടടുത്ത് തന്നെ അച്ഛനും അമ്മയും ഉണ്ട്. പ്രവേശനം കിട്ടി എന്ന് അറിഞ്ഞയുടനെ തന്നെ അവളുടെ അച്ഛനും അമ്മയും കയ്യടിക്കുന്നതും അവളെ കെട്ടിപ്പിടിക്കുന്നതും ഒക്കെ കാണാം. അവളുടെ അമ്മ കൈകൂപ്പുന്നതും വീഡിയോയിൽ കാണുന്നുണ്ട്. അത്രയേറെ സന്തോഷവും അഭിമാനവും നിറഞ്ഞ മുഹൂർത്തമായിരുന്നു അവളുടെ അച്ഛനും അമ്മയ്ക്കും അത്.

വീഡിയോ കോളിൽ അവൾ പങ്കാളിയാണ് എന്ന് കരുതുന്ന യുവാവിനെയും വിളിച്ച് വിവരം അറിയിക്കുന്നുണ്ട്. ആഹ്ലാദം അടക്കാനാവാതെ അയാൾ നൃത്തം ചെയ്യുന്നതാണ് പിന്നെ കാണുന്നത്. പർവാനിയുടെയും കുടുംബത്തിന്റെയും സന്തോഷത്തിൽ സോഷ്യൽ മീഡിയയും ചേർന്നിട്ടുണ്ട്. അനേകങ്ങളാണ് അവളെ അഭിനന്ദിച്ച് കമന്റുകൾ നൽകിയിരിക്കുന്നത്.