അമ്മമാർ എപ്പോഴും മക്കളുടെ സുരക്ഷയെ കുറിച്ച് ആകുലരായിരിക്കും, അതിപ്പോ ഇന്ത്യയിലായാലും, ചൈനയിലായാലും അങ്ങനെ തന്നെയായിരിക്കും. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ സ്നേഹനിധിയായ ഒരു അമ്മ, സ്വന്തം മകനും മറ്റ് കുട്ടികളും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നതിനായി ഒരു മില്ല്യൺ യുവാൻ ചിലവാക്കി മകന്റെ സ്കൂളിന് മുന്നിൽ രണ്ട് മെറ്റൽ ഫൂട്ബ്രിഡ്ജുകൾ നിർമ്മിക്കുന്നു. മെംഗ് എന്ന സെക്കന്റ്നെയിമിൽ മാത്രം അറിയപ്പെടാനാ​ഗ്രഹിക്കുന്ന യുവതി ഹെനാൻ ടെലിവിഷൻ സ്റ്റേഷനോട് പറഞ്ഞതാണ് ഇക്കാര്യം.

മാതാപിതാക്കൾ കുട്ടികളെ വിടുമ്പോഴും, വിളിക്കാൻ വരുമ്പോഴും സ്കൂളിന് മുന്നിലുള്ള റോഡിൽ വലിയ തിരക്കാണ്. റോഡിൽ ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കാത്തതും റോഡ് മുറിച്ചുകടക്കുന്നതിന്റെ അപകടസാധ്യത കൂട്ടുന്നു എന്നവർ പറഞ്ഞു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ അപകടകരമായ ഒരു കാര്യമാണ് ഇത്. റോഡിന് മുകളിലൂടെ നടപ്പാലങ്ങൾ നിർമ്മിക്കാൻ യുവതി സ്വന്തം പോക്കറ്റിൽ നിന്ന് പണം ചെലവഴിച്ചതിന് മറ്റൊരു കാരണം കൂടിയുണ്ട്. സ്കൂൾ ഒരു ഇറക്കത്തിലാണ് സ്ഥിതിചെയ്യുന്നത്. റോഡിൽ നിരന്തരം രൂപം കൊള്ളുന്ന ചളിക്കുഴികളിൽ ചവിട്ടി മകന്റെ കാലുകൾ നനയുന്നു. "ചെളി പുരണ്ട കാലുകളുമായാണ് അവൻ ദിവസവും വീട്ടിൽ വരുന്നത്" അവർ പറഞ്ഞു.  

റോഡിൽ കാണുന്ന ആഴമുള്ള കുഴികൾ മൂലം മകന് റോഡ് മുറിച്ചുകടക്കാൻ പ്രയാസമാകുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. "സ്‌കൂളിൽ കുട്ടികൾ മാതാപിതാക്കൾ വരുംവരെ കാത്തുനിൽക്കുന്ന പടികളിലും വെള്ളം ഒഴുകുന്നു. അവർ ദയനീയരായി ആ വെള്ളത്തിൽ ചവിട്ടി അച്ഛനും അമ്മയും വരുന്നത് വരെ നിൽക്കുന്നു. എന്റെ കുട്ടിയുടെ കാലുകൾ മിക്കപ്പോഴും വെള്ളത്തിൽ കുതിർന്നിരിക്കും” യുവതി പറഞ്ഞു. രണ്ട് നടപ്പാലങ്ങളിൽ ഒന്നിന്റെ പണി ഏതാണ്ട് പൂർത്തിയായി. മറ്റൊന്നിന്റെ അടിത്തറ പാകി കഴിഞ്ഞു. ഈ രണ്ട് പാലങ്ങൾക്കും പ്രാദേശിക ഭവന, നഗര-ഗ്രാമവികസന ബ്യൂറോയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാൽ, അവയുടെ നിർമ്മാണത്തിന് ആവശ്യമായ പണം ചെലവഴിക്കുന്നത് ആ അമ്മ മാത്രമാണ്.  

പുതിയ നടപ്പാലങ്ങൾക്കായി പണം നൽകിയെന്ന് താൻ ഒരിക്കലും മകനോട് പറഞ്ഞിട്ടില്ലെന്ന് ആ അമ്മ പറഞ്ഞു,. കാരണം മറ്റ് കുട്ടികളോട് തന്റെ മകൻ മേനി പറയുന്നതിൽ തനിക്ക് താത്പര്യമില്ലെന്ന് അവർ പറയുന്നു. അവരുടെ ഈ പ്രവൃത്തി കുട്ടികളെയും, അധ്യാപകരെയും, മറ്റുള്ള ജീവനക്കാരെയും സുരക്ഷിതരായി സ്കൂളിൽ എത്തിക്കാനായിട്ടാണ്. ഇത് കുട്ടികളെ വിദ്യാഭ്യാസം നേടാൻ പ്രാപ്തരാക്കുമെന്നും അവർ പ്രതീക്ഷിക്കുന്നു. “എനിക്ക് ചെയ്യാൻ കഴിയുന്നത് ഞാൻ ചെയ്തു. മരിക്കുമ്പോൾ നിങ്ങൾക്ക് പണവും കൂടെകൊണ്ടുപോകാൻ സാധിക്കുമോ? എന്റെ കുട്ടിക്ക് വേണ്ടി ഞാൻ ഒരുപാട് പണമൊന്നും മാറ്റിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ പാലത്തെ വിസ്ഡം ബ്രിഡ്ജ് എന്ന് വിളിക്കും" ആ സ്ത്രീ പറഞ്ഞു.

അവരുടെ ഈ പ്രവൃത്തി ചൈനയിൽ ഉടനീളം വളരെയധികം ശ്രദ്ധ ആകർഷിക്കുകയാണ്. മിക്ക സോഷ്യൽ മീഡിയയിലും ആളുകൾ ആ സ്ത്രീയുടെ ഹൃദയംഗമമായ സംഭാവനയെ പ്രശംസിക്കുന്നു. ആ ദശലക്ഷം യുവാൻ ഉപയോഗിച്ച് അവർക്ക് വേണമെങ്കിൽ അപ്പാർട്ട്മെന്റുകളോ വീടോ വാങ്ങുന്നത് പോലെ തനിക്കും കുടുംബത്തിനും മാത്രം പ്രയോജനപ്പെടുന്ന എന്തെങ്കിലും കാര്യങ്ങൾ ചെയ്യാമായിരുന്നു. പക്ഷേ, പകരം മുഴുവൻ സമൂഹത്തിനും വേണ്ടി എന്തെങ്കിലും ചെയ്യാൻ അവർ ആഗ്രഹിച്ചു. ഇത് തീർത്തും അഭിനന്ദനാർഹമായ ഒരു കാര്യമാണ് എന്ന് ആളുകൾ പറയുന്നു.

(ചിത്രം പ്രതീകാത്മകം)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona