'മരിക്കും എന്ന് എനിക്കുറപ്പായി. എന്തെങ്കിലും ചെയ്‌തേ പറ്റൂ. ചുറ്റും മൃതദേഹങ്ങള്‍. മരിച്ചതുപോലെ കിടക്കാന്‍ പെട്ടെന്ന് ഞാന്‍ തീരുമാനിച്ചു. ആര്‍ത്തവമായിരുന്നു. ഞാന്‍ എന്റെ ആര്‍ത്തവ രക്തമെടുത്ത് മുഖത്തും കൈകാലുകളിലും പുരട്ടി മരിച്ചതുപോലെ കിടന്നു. 

'അയാള്‍ മുഖംമൂടി ഇട്ടിരുന്നു. കാബൂളി ഉച്ചാരണമുള്ള പേര്‍ഷ്യന്‍ ഭാഷയില്‍ അവന്‍ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എനിക്ക് നേരെ കത്തി വീശി. പെട്ടെന്ന് പിന്നോട്ട് മാറിയെങ്കിലും കത്തി മുന എന്റെ നെറ്റിയില്‍ തട്ടി, അതിന്റെ പാടുകള്‍ ഇന്നുമുണ്ട്'-സാകിയ ഓര്‍ക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇക്കഴിഞ്ഞ മെയ് 21-ന് രാവിലെ, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ എവറസ്റ്റിലേക്ക് ഒരു യുവതി നടന്നുകയറി. സാകിയ റിവര്‍ അഹമ്മദ് എന്ന അഫ്ഗാനി യുവതി. 8,848 മീറ്റര്‍ ഉയരമുള്ള എവറസ്റ്റിനെ സംബന്ധിച്ച് അത് അത്ര അസാധാരണമൊന്നുമല്ല, പക്ഷേ, സാകിയയെ സംബന്ധിച്ച് അത് അങ്ങനെയല്ല. അത്ര വലിയ തടസ്സങ്ങളാണ് ഇതിനായി അവള്‍ മറികടന്നത്. താലിബാന്‍ ഭരണത്തിനു കീഴില്‍, സഞ്ചാരസ്വാതന്ത്ര്യം പോലുമില്ലാതെ കഴിയണ്ടേി വരുമായിരുന്ന ഒരു ജീവിതത്തെയാണ്, തന്‍േറടവും ആത്മധൈര്യവും സ്വാതന്ത്ര്യാഭിനിവേശവും കൊണ്ട് അവള്‍ മറികടന്നത്.

അവളെ അറിയാവുന്നവര്‍ക്കും അഫ്ഗാനിസ്താനിലെ സ്ത്രീകള്‍ക്കാകെയും, നദി (River) എന്ന് സ്വയം വിശേഷിപ്പിക്കുന്ന സാകിയ ഇപ്പോള്‍ ജീവിക്കാനുള്ള പ്രചോദനമാണ്. വിദ്യാഭ്യാസവും സഞ്ചാര സ്വാതന്ത്ര്യവും ജോലി ചെയ്യാനുമുള്ള അവകാശവുമെല്ലാം നിഷേധിക്കപ്പെട്ട താലിബാന്‍ ഭരണകൂടത്തിനു കീഴിലെ അഫ്ഗാനി പെണ്‍കുട്ടികള്‍ക്കു വേണ്ടിയാണ് താന്‍ എവറസ്റ്റ് കീഴടക്കിയതെന്ന് സാകിയ നിരന്തരം പറയുന്നതും അതിനാലാണ്. അഫ്ഗാന്‍ സ്ത്രീകളും പെണ്‍കുട്ടികളും ശക്തരാണെന്ന് തന്നിലൂടെ ലോകമറിയണമെന്നും അതിലുപരി, അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെയും പെണ്‍കുട്ടികളെയും അവരുടെ സ്വന്തം കരുത്ത് ഓര്‍മ്മിപ്പിക്കണമെന്നുമാണ് അവള്‍ ആഗ്രഹിക്കുന്നത്.

മരണം തൊട്ടുമുന്നില്‍!

അപാരമായ ധൈര്യവും പെട്ടെന്ന് തീരുമാനങ്ങളെടുക്കാനുള്ള കഴിവും കൊണ്ടാണ് സാകിയ ഇന്ന് ജീവനോടെയിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ മലയോര പ്രവിശ്യയായ ഗസ്നിയില്‍ ജാഗൂരി ജില്ലയിലെ 'ജൗദരി' എന്ന ഗ്രാമത്തിലായിരുന്നു ജനനം. താലിബാന്റെ ആദ്യഘട്ട ഭരണമായിരുന്നു അന്ന്. അതു തകര്‍ന്നപ്പോള്‍, അവള്‍ സ്‌കൂളില്‍ ചേര്‍ന്നു. ജില്ലാ കേന്ദ്രമായ സംഗ്മാഷെയിലെ സ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചു. ദിവസവും നാലര കിലോ മീറ്റര്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് അഫ്ഗാനിലെ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ രണ്ടുതവണ എഴുതി. ആദ്യ തവണ ബയോളജി ബിരുദ കോഴ്‌സിനും രണ്ടാം തവണ കാബൂള്‍ യൂണിവേഴ്‌സിറ്റിയിലെ ജേണലിസം കോഴ്‌സിനും പ്രവേശനം ലഭിച്ചു. അവള്‍ ജേണലിസം തെരഞ്ഞെടുത്തു.

2014-ലായിരുന്നു അത്. 2001-ല്‍ ആരംഭിച്ച അഫ്ഗാന്‍ യുദ്ധം ഏറ്റവും വഷളായ കാലം. യാത്രകള്‍ അപകടകരമായിരുന്നു. ആ സമയത്താണ് യൂണിവേഴ്സിറ്റിയില്‍ പഠിക്കണമെന്ന് അവള്‍ ആഗ്രഹിച്ചത്. ആദ്യം വീട്ടുകാര്‍ അത് സമ്മതിച്ചില്ല. ഏറെ കെഞ്ചിയശേഷമാണ് പിതാവ് മനസ്സില്ലാ മനസ്സോടെ അനുവാദം നല്‍കിയത്.

യുദ്ധം കത്തിക്കയറിയ കാലമാണ്. ഒരു ഭാഗത്ത് താലിബാനും നാറ്റോ പിന്തുണയുള്ള അഫ്ഗാന്‍ സുരക്ഷാ സേനയും തമ്മിലുള്ള ചോരക്കളികള്‍. മറുഭാഗത്ത്, വഴിയോര ബോംബാക്രമണങ്ങള്‍. നാറ്റോ സൈന്യം പതിയെ അഫ്ഗാന്‍ വിടാനുള്ള ഒരുക്കത്തിലായിരുന്നു. ആ സമയത്താണ്, ജീവന്‍ കൈയില്‍പ്പിടിച്ച് അവള്‍ കാബൂളിലേക്ക് യാത്ര തിരിച്ചത്. ആ ബസിലെ ഏക സ്ത്രീ സാകിയ ആയിരുന്നു. യാത്ര പകുതിയെത്തിയപ്പോള്‍ ആയുധധാരികളായ രണ്ട് താലിബാന്‍കാര്‍ വന്ന് ബസ് തടഞ്ഞു. വണ്ടി നിര്‍ത്തിയതും അവര്‍ ബസിലേക്ക് തുരുതുരാ വെടിയുതിര്‍ത്തു.

'മരിക്കും എന്ന് എനിക്കുറപ്പായി. എന്തെങ്കിലും ചെയ്‌തേ പറ്റൂ. ആളുകള്‍ വെടിയേറ്റ് വീണു കിടക്കുകയാണ്. ചുറ്റും മൃതദേഹങ്ങള്‍. മരിച്ചതുപോലെ കിടക്കാന്‍ പെട്ടെന്ന് ഞാന്‍ തീരുമാനിച്ചു. ആ സമയത്ത് ആര്‍ത്തവമായിരുന്നു. ഞാന്‍ എന്റെ ആര്‍ത്തവ രക്തമെടുത്ത് മുഖത്തും കൈകാലുകളിലും പുരട്ടി മരിച്ചതുപോലെ കിടന്നു. താലിബാന്‍കാര്‍ ബസിലേക്ക് കയറിയതും മൃതദേഹങ്ങള്‍ പരിശോധിക്കുന്നതും ഞാനറിയുന്നുണ്ടായിരുന്നു. എന്റെ അടുത്തുവന്ന് അവരിലൊരാള്‍ പറഞ്ഞു, 'ഇതാ നമ്മള്‍ ഒരു വേശ്യയെ കൊന്നു.' ഞാനനങ്ങിയില്ല. മൃതദേഹങ്ങള്‍ക്കിടയില്‍ എത്രനേരം കിടന്നു ഉറപ്പില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ അവര്‍ ഇറങ്ങിപ്പോയി. നാട്ടുകാര്‍ രക്ഷിക്കാന്‍ വന്നപ്പോള്‍ ഞാനുണര്‍ന്നു. അന്ന് ആ ആക്രമണത്തില്‍ രക്ഷപ്പെട്ട മൂന്നേമൂന്നുപേരില്‍ ഒരാള്‍ ഞാനായിരുന്നു.' -ന്യൂ ലൈന്‍സ് മാഗസിനു നല്‍കിയ അഭിമുഖത്തില്‍ സാകിയ പറഞ്ഞു.

ആ അനുഭവം വല്ലാത്ത ട്രോമയായി മാറിയെന്ന് സാകിയ ഓര്‍ക്കുന്നു. 'ആ ഓര്‍മ്മ ഇപ്പോഴും എന്നോടൊപ്പമുണ്ട്. എന്റെ സ്വപ്നങ്ങളില്‍ ആ രണ്ട് താലിബാന്‍കാര്‍ വരാറുണ്ട്. അവര്‍ എന്നെ കൊല്ലാന്‍ ശ്രമിക്കാറുമുണ്ട്' -സാകിയ പറയുന്നു.

'പിന്നീട് ഈ വിവരം ഞാന്‍ വീട്ടിലറിയിച്ചു. എന്നെക്കുറിച്ച് അഭിമാനമുണ്ടെന്ന് പിതാവ് പറഞ്ഞു. പിന്നീടൊരിക്കലും പഠിക്കാന്‍ പോവണ്ട എന്നദ്ദേഹം പറഞ്ഞില്ല. അതു കഴിഞ്ഞപ്പോള്‍, എനിക്കുള്ള പിന്തുണ കൂടുകയായിരുന്നു.'-സാകിയ ഓര്‍ക്കുന്നു.

ഇന്ത്യയിലേക്കുള്ള രക്ഷപ്പെടല്‍

പഠനം കഴിഞ്ഞപ്പോള്‍, അവള്‍ക്ക് കാബൂളില്‍ മാധ്യമപ്രവര്‍ത്തകയായി ജോലി കിട്ടി. കുടുംബത്തെ അവള്‍ ജാഗൂരിയിലെ ഗ്രാമത്തില്‍നിന്നും നിന്ന് കാബൂളിലേക്ക് കൊണ്ടുവന്നു. ജീവിതച്ചെലവുകള്‍ കാരണം ഒരു സ്വകാര്യ ആശുപത്രിയുടെ റിസപ്ഷനിലും ജോലി നോക്കി. ഒരേസമയം രണ്ട് ജോലി ചെയ്ത് കുടുംബത്തെ നോക്കിയ കാലം. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ രണ്ടാമത്തെ സഹോദരിയും ജോലി ചെയ്യാന്‍ തുടങ്ങി. അതിനിടെ ഇന്ത്യയിലേക്കുള്ള സ്‌കോളര്‍ഷിപ്പ് കിട്ടി.

ജയ്പൂരിലെ സുരേഷ് ഗ്യാന്‍ വിഹാര്‍ സര്‍വകലാശാലയില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷനാണ് അഡ്മിഷന്‍ കിട്ടിയത്. പഠനത്തോടൊപ്പം ഒരു കോള്‍ സെന്ററില്‍ നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്തു. 'എനിക്ക് സ്വന്തം ചെലവുകള്‍ കണ്ടെത്തണമായിരുന്നു, ഒപ്പം കാബൂളിലുള്ള കുടുംബത്തിന് എന്റെ വിഹിതം അയച്ചുകൊടുക്കണമായിരുന്നു.'

അഫ്ഗാന്‍ കത്തുകയായിരുന്നു. 2019-ന്റെ അവസാനം കുടുംബത്തെ അവള്‍ ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി കൊണ്ടുവന്നു. അവര്‍ ദില്ലിയില്‍ താമസമാക്കി. സഹോദരന്‍ അഹമ്മദ് വലി ഒരു കോള്‍ സെന്ററില്‍ ജോലി തുടങ്ങി. അവരിരുവരും ചേര്‍ന്ന് കുടുംബത്തിന്റെ ചെലവുകള്‍ കണ്ടെത്തി. 2020-ലെ കോവിഡ് സമയത്ത് ജീവിതസാഹചര്യങ്ങള്‍ മോശമായി. കൊവിഡ് കഴിഞ്ഞപ്പോള്‍ അവളുടെ സഹോദരിമാരും ജോലിക്കുപോയി. കടകളിലും ഫാര്‍മസികളിലും അവര്‍ ജോലി ചെയ്തു. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ എല്ലാവരും ജോലിക്കൊപ്പം പഠനവും തുടര്‍ന്നു. സാകിയ നോയിഡ ഇന്റര്‍നാഷനല്‍ യൂനിേവഴ്‌സിറ്റിയില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ നിന്നും ബിരുദാനന്തര ബിരുദം നേടി.

മുഖത്തിനുനേരെ വന്ന കഠാര

പിജി കാലത്ത് സാകിയ ദില്ലിയില്‍ താമസിക്കുന്ന അഫ്ഗാന്‍ അഭയാര്‍ത്ഥി സ്ത്രീകള്‍ക്കിടയില്‍ ഒരു ഗവേഷണം നടത്തി. സാമ്പത്തിക ബുദ്ധിമുട്ടു കാരണം ലൈംഗികത്തൊഴലാളികളായി മാറിയ അനേകം സ്ത്രീകളെ അവള്‍ കണ്ടുമുട്ടി. അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലേക്ക് വന്നതായിരുന്നു അവര്‍. കടുത്ത ചൂഷണത്തിന് വിധേയരാവുന്ന പാവങ്ങള്‍. ഉപഭോക്താക്കളെ അവരിലേക്ക് എത്തിക്കുന്ന ഒരു താജിക്കിസ്ഥാന്‍ സ്ത്രീയുമായും ഇതിനിടയില്‍ അവള്‍ സംസാരിച്ചു.

ഇതിനിടയില്‍ അവള്‍ക്കെതിരെ ഒരാക്രമണം ഉണ്ടായി. ദില്ലിയില്‍ അഫ്ഗാന്‍ നിവാസികള്‍ താമസിക്കുന്ന ഒരു പ്രദേശത്ത് ഒരു സ്ത്രീയുമായി അഭിമുഖം നടത്തി ഇറങ്ങിയപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ആക്രമിക്കുകയായിരുന്നു. 'അയാള്‍ മുഖംമൂടി ഇട്ടിരുന്നു. കാബൂളി ഉച്ചാരണമുള്ള പേര്‍ഷ്യന്‍ ഭാഷയില്‍ അവന്‍ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എനിക്ക് നേരെ കത്തി വീശി. പെട്ടെന്ന് പിന്നോട്ട് മാറിയെങ്കിലും കത്തി മുന എന്റെ നെറ്റിയില്‍ തട്ടി, അതിന്റെ പാടുകള്‍ ഇന്നുമുണ്ട്'-സാകിയ ഓര്‍ക്കുന്നു.

ജീവിതത്തെ മാറ്റിമറിച്ച ആ നിമിഷം

2022-ല്‍ ഹ്യുമാനിറ്റേറിയന്‍ വിസയില്‍ ഓസ്ട്രേലിയയിലേക്ക് പോവാന്‍ കഴിഞ്ഞു. ആറു മാസം കഴിഞ്ഞപ്പോള്‍ അവളുടെ ജീവിതത്തിലേക്ക് മറ്റൊരു ദുരന്തമെത്തി. സഹോദരന്‍ അഹമ്മദ് വാലിയുടെ ആത്മഹത്യ. 'അതിന്റെ കാരണമെന്താണെന്ന് ആര്‍ക്കുമറിയില്ലായിരുന്നു. അവന്‍ ഒന്നും പറഞ്ഞിരുന്നില്ല. കടുത്ത മാനസിക അസ്വാസ്ഥത അവനുണ്ടായിരിക്കാമെന്ന് ഞങ്ങള്‍ മനസ്സിലാക്കി.'

ആ മരണം സാകിയയെ തകര്‍ത്തുകളഞ്ഞു. അവള്‍ വീടുവിട്ടിറങ്ങി. എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തി. കുറച്ചുകാലം തെരുവില്‍ കഴിഞ്ഞു. പിന്നെ, ഒരു തോട്ടത്തില്‍ ജോലി കിട്ടി. ആ സമയത്താണ് ഒരു റേഡിയോ പരിപാടി കേട്ടത്. ദുരന്തങ്ങള്‍ അനുഭവിച്ചവരുടെ വിജയഗാഥകളായിരുന്നു അതില്‍. പ്രതീക്ഷ കൊണ്ട് നിരാശകളെ മറികടന്നവരുടെ കഥകള്‍. 'അതെന്നെ ആഴത്തില്‍ തൊട്ടു. ഞാനും നിരാശയായിരുന്നു. പ്രതീക്ഷിക്കാന്‍ എന്തെങ്കിലും ഒന്നുണ്ടാവണമെന്ന് ഞാന്‍ അന്നാഗ്രഹിച്ചു.'

'ഞാനും സഹോദരനും നല്ല കൂട്ടായിരുന്നു. എപ്പോഴും ജീവിതത്തെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും സംസാരിക്കും. ഒരിക്കല്‍ ഒരു കുന്നിന്‍ മുകളില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍, അവന്‍ പറഞ്ഞത് ഞാനോര്‍ത്തു. 'നോക്കൂ പ്രകൃതി എത്ര മനോഹരമാണ്. എനിക്ക് ആല്‍പ്‌സും എവറസ്റ്റും കാണണം' അതായിരുന്നു അവന്‍ പറഞ്ഞത്. 'ഞാനും വരും നിന്റെ കൂടെ' എന്ന് ഞാന്‍ അവനോട് പറഞ്ഞു. അവനില്ലാതായ കാലത്ത്, ഒരു ദിവസം വൈകുന്നേരം നടപ്പാതയില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ഈ സംഭവം ഓര്‍ത്തു. ആദ്യമായെന്നോണം ഞാനന്ന് പ്രകൃതിയെ കണ്ടു. ആ നിമിഷത്തില്‍ ഞാനൊരു തീരുമാനമെടുത്തു. എനിക്ക് പര്‍വ്വതങ്ങള്‍ കീഴടക്കണം'-ജീവിതത്തെ മാറ്റിമറിച്ച ആ നിമിഷത്തെ സാകിയ ഇങ്ങനെ ഓര്‍ത്തെടുക്കുന്നു.

'എന്റെ ഹൃദയത്തില്‍ പുതിയൊരു പ്രതീക്ഷ ഉണര്‍ന്നു. ഞാന്‍ എല്ലാം പുതുതായി തുടങ്ങി. വീണ്ടും തോട്ടത്തില്‍ ജോലിക്ക് പോയി. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു വീട് എടുക്കാന്‍ കഴിഞ്ഞു. ഞാന്‍ ഒരുപാട് കഠിനാധ്വാനം ചെയ്തു, ഒടുവില്‍ എന്നെത്തന്നെ രക്ഷിച്ചെടുത്തു.'

എവറസ്റ്റ് കീഴടക്കല്‍

മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സാകിയ ഒരു പര്‍വ്വതാരോഹണ പരിശീലന കോഴ്‌സ് പൂര്‍ത്തിയാക്കി. അതിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടി. ആല്‍പ്‌സ് പര്‍വ്വതം കീഴടക്കലായിരുന്നു അടുത്ത പടി. അതിനായി 15,000 ഓസ്ട്രേലിയന്‍ ഡോളര്‍ നല്‍കി ഒരു ട്രാവല്‍ ഏജന്‍സിയുമായി കരാറുണ്ടാക്കി. കഴിഞ്ഞ വര്‍ഷം സാകിയ യൂറോപ്പിലേക്ക് പോയി. സ്വിറ്റ്സര്‍ലന്‍ഡ്, ഇറ്റലി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ മൂന്നാഴ്ചയോളം താമസിച്ചു. ഒടുവില്‍, ആല്‍പ്‌സ് നിരകളിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ 'മോണ്ട് ബ്ലാങ്ക്' കീഴടക്കി.

പിന്നീടാണ് അവള്‍ നേപ്പാളില്‍ എത്തിയത്. എളുപ്പമായിരുന്നില്ല ആ യാത്ര. 64,000 യുഎസ് ഡോളര്‍ (60 ലക്ഷം രൂപ) ആയിരുന്നു ചെലവ്. നേപ്പാളിലെ താമേ ഗ്രാമത്തില്‍ നിന്നുള്ള ഗൈഡുമാരായ ദാവ തെന്‍സിംഗ് ഷെര്‍പ്പ, ഫുര്‍ബ ഗ്യാല്‍ജെന്‍ ഷെര്‍പ്പ എന്നിവര്‍ക്കൊപ്പമാണ് മെയ് 21-ന് അവള്‍ 8,848 മീറ്റര്‍ ഉയരമുള്ള കൊടുമുടി കയറിയത്.

ഒട്ടും എളുപ്പമായിരുന്നില്ല അത്. ആഴ്ചകള്‍ നീണ്ട പരിശീലനം. ഫണ്ട് ശേഖരണം. എവറസ്റ്റിലെ കഠിനമായ കാലാവസ്ഥയോടും ഉയര്‍ന്ന അന്തരീക്ഷത്തോടും പൊരുത്തപ്പെടാന്‍ നേപ്പാളിലെ മറ്റ് കൊടുമുടികള്‍ കീഴടക്കേണ്ടതുണ്ടായിരുന്നു. രണ്ട് മാസത്തിനിടെ, 6,119 മീറ്റര്‍ ഉയരമുള്ള ലോബുചെ ഈസ്റ്റ, 6,476 മീറ്റര്‍ ഉയരമുള്ള മേരാ പീക്ക് എന്നീ കൊടുമുടികള്‍ കീഴടക്കി. പിന്നീടാണ് എവറസ്റ്റ് കീഴടക്കാനുള്ള അവസരം കൈവന്നത്.

ഓസ്ട്രേലിയയില്‍ വെച്ചേ തുടങ്ങിയിരുന്നു കഷ്ടപ്പാടുകള്‍. ജോലിയും സാമ്പത്തിക സമ്മര്‍ദ്ദങ്ങളും ഒരേ പോലെ കൈകാര്യം ചെയ്താണ് കഠിനമായ പരിശീലനത്തിന് പോയത്. പര്‍വ്വതാരോഹണം ഒരുപാട് കാര്യങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. വലിയ രീതിയിലുള്ള ഫിറ്റ്‌നസ്. സഹിഷ്ണുതയും ക്ഷമയും. മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പുകള്‍. എങ്കിലും എവിടെയും പകച്ചുനില്‍ക്കാതെ അവള്‍ ശ്രമം തുടര്‍ന്നു.

പര്‍വ്വതാരോഹണം ജീവിതത്തിലെ ഏറ്റവും ശുദ്ധമായ അനുഭവമാണെന്ന് സാകിയ പറയുന്നു. 'ദുഃഖങ്ങളും പ്രതിസന്ധികളും എന്നെ തളര്‍ത്തിയിരുന്നു. പര്‍വ്വതമായിരുന്നു അവസാന അഭയകേന്ദ്രം. പര്‍വ്വതത്തിലെത്തിയപ്പോള്‍ അവ എല്ലാ ദുഃഖങ്ങളോടും കൂടി എന്നെ സ്വീകരിച്ചതായി എനിക്ക് തോന്നി. നഷ്ടപ്പെട്ടുപോയ എന്നെ ഞാന്‍ വീണ്ടെടുത്തു.'അവള്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടി കീഴടക്കുന്നതിലൂടെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് നല്‍കുന്ന സന്ദേശം എന്താണെന്ന ചോദ്യത്തിന് അവള്‍ പറഞ്ഞ മറുപടി ഇതാണ്: 'ഒരു സാഹചര്യത്തിലും തളര്‍ന്നുപോകരുതെന്ന സന്ദേശം. ഓരോരുത്തര്‍ക്കും ഓരോ കഴിവുകളുണ്ട്, കഠിനാധ്വാനത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയും നമുക്ക് സ്വന്തം സ്വപ്നങ്ങളില്‍ എത്താനാകും.'