സിൽവിയയുടെ മകൾ പറയുന്നത് ഈ വിവരം അറിഞ്ഞപ്പോൾ തന്റെ അമ്മ ആകെ തകർന്നു പോയി എന്നാണ്. ഇത്രയും വർഷം അവരുടെ അച്ഛനെ അടക്കിയിരുന്ന സ്ഥലം ആരാലും സന്ദർശിക്കപ്പെടാതെ പൂക്കളോ, സന്ദർശനങ്ങളോ ഇല്ലാതെ അനാഥമായി കിടന്നു എന്നത് തന്റെ അമ്മയെ വളരെ അധികം വേദനിപ്പിച്ചു.
നമ്മുടെ പ്രിയപ്പെട്ടവരാരെങ്കിലും മരിച്ചാൽ നാം അവരെ അടക്കിയിരിക്കുന്ന സ്ഥലം സന്ദർശിക്കാറുണ്ട്. സ്നേഹവും ബഹുമാനവും അവരുടെ വിയോഗം നൽകുന്ന വേദനയും അറിയിക്കാനാണിത്. എന്നാൽ, വർഷങ്ങളോളം അങ്ങനെ സന്ദർശിച്ചത് തെറ്റായ കല്ലറയാണ് എന്ന് തിരിച്ചറിയുമ്പോൾ എന്താവും അവസ്ഥ?
1979 -ലാണ് സിൽവിയ റോസ് എന്ന 67 വയസ്സുള്ള ഒരു സ്ത്രീ തന്റെ പിതാവ് ജോൺ തോമസ് തോംസണെ ബിഷപ് ഓക്ക്‌ലാൻഡിലെ വിറ്റൺ പാർക്ക് സെമിത്തേരിയിൽ അടക്കം ചെയ്യുന്നത്. അന്നുമുതൽ, ആ സ്ത്രീ എല്ലാ വിശേഷദിവസങ്ങളിലും അദ്ദേഹത്തിന്റെ ശവക്കല്ലറ സന്ദർശിക്കാൻ പോകാറുണ്ട്. ജന്മദിനം, ഫാദേഴ്സ് ഡേ, ക്രിസ്മസ് തുടങ്ങിയ വിശേഷാവസരങ്ങളിലൊന്നും അത് മുടക്കാറേ ഇല്ല.
എന്നിരുന്നാലും, അടുത്തിടെയാണ് സിൽവിയ ഒരു സത്യം മനസിലാക്കിയത്. താൻ ഇത്രയും കാലം ചെലവഴിച്ച കല്ലറ തികച്ചും അപരിചിതനായ ഫ്രെഡറിക് ബ്രൗൺ എന്ന മനുഷ്യനെ അടക്കിയിരിക്കുന്ന സ്ഥലമാണ്. അവിടെ നിന്നും കുറച്ച് ദൂരെയായി ഒന്നും അടയാളപ്പെടുത്താത്ത ഒരു സ്ഥലത്താണ് തന്റെ അച്ഛനെ അടക്കിയിരിക്കുന്നത്.
Metro.co -യുടെ റിപ്പോർട്ട് അനുസരിച്ച് സിൽവിയയുടെ മകൾ പറയുന്നത് ഈ വിവരം അറിഞ്ഞപ്പോൾ തന്റെ അമ്മ ആകെ തകർന്നു പോയി എന്നാണ്. ഇത്രയും വർഷം അവരുടെ അച്ഛനെ അടക്കിയിരുന്ന സ്ഥലം ആരാലും സന്ദർശിക്കപ്പെടാതെ പൂക്കളോ, സന്ദർശനങ്ങളോ ഇല്ലാതെ അനാഥമായി കിടന്നു എന്നത് തന്റെ അമ്മയെ വളരെ അധികം വേദനിപ്പിച്ചു. തങ്ങൾ ആകെ നിരാശരായി. അമ്മ തകർന്നു പോയി എന്നും അവൾ പറയുന്നു.
43 വർഷങ്ങളായി അവർ തന്റെ അച്ഛനെ അടക്കിയിരിക്കുന്ന സ്ഥലമാണ് എന്ന് കരുതി സന്ദർശിച്ച് കൊണ്ടിരിക്കുന്നത് തെറ്റായ സ്ഥലമാണ്. ഒരു ഓർമ്മപ്പരിപാടി സംഘടിപ്പിക്കാൻ കൗൺസിലിനെ ബന്ധപ്പെട്ടപ്പോഴാണ് സിൽവിയയ്ക്ക് തനിക്ക് പറ്റിയ അബദ്ധം മനസിലാവുന്നത്. ഏതായാലും ഇത് തെറ്റായി രേഖപ്പെടുത്തിയതിന് കൗൺസിൽ സിൽവിയയോടും കുടുംബത്തോടും മാപ്പ് ചോദിച്ചു.
