Asianet News MalayalamAsianet News Malayalam

യാചിച്ച് കിട്ടിയ പണം, ഒരുലക്ഷം രൂപ ക്ഷേത്രത്തിൽ അന്നദാനം നടത്താൻ സംഭാവന ചെയ്‍ത് വൃദ്ധ

രാജരാജേശ്വരി ക്ഷേത്രത്തിലെ ഉത്സവ സമയത്ത് ഒരു മാസം കൊണ്ട് അവർ ഭിക്ഷാടനത്തിലൂടെ ഒരു ലക്ഷം രൂപ സമാഹരിച്ചു. ആ പണം അവർ ക്ഷേത്രത്തിലേക്ക് സംഭാവന നൽകുകയായിരുന്നു. 

woman who begs to live donates one lakh to temple
Author
Karnataka, First Published Apr 27, 2022, 11:40 AM IST

കർണാടക(Karnataka)യിലെ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ (Dakshina Kannada and Udupi districts) ക്ഷേത്രങ്ങളുടെ പ്രവേശന കവാടത്തിൽ ഭിക്ഷ തേടിയെത്താറുള്ളതായിരുന്നു ആ എൺപതുകാരിയായ സ്ത്രീ. അവരിപ്പോൾ രാജരാജേശ്വരി ക്ഷേത്ര(Rajarajeshwari Temple)ത്തിന് സംഭാവന നൽകിയിരിക്കുന്നത് ഒരുലക്ഷം രൂപ. പിടിഐ -യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‍തിരിക്കുന്നത്. 

ഉഡുപ്പി ജില്ലയിലെ കുന്ദാപൂർ താലൂക്കിലെ ഗംഗോളിക്ക് സമീപമുള്ള കഞ്ചഗോഡു ഗ്രാമത്തിൽ നിന്നുള്ള അശ്വതമ്മ(Ashwathamma)യുടെ ഭർത്താവ് 18 വർഷം മുമ്പ് മരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം വിവിധ ക്ഷേത്രങ്ങളിൽ ഭിക്ഷാടനം നടത്തിയാണ് അശ്വതമ്മ ജീവിച്ചിരുന്നത്. ഭിക്ഷ യാചിച്ച് കിട്ടുന്നതിൽ വളരെ ചെറിയ പങ്ക് മാത്രമാണ് ഈ എൺപതുകാരി തന്റെ ചെലവുകൾക്കായി ഉപയോ​ഗിച്ച് പോന്നിരുന്നത്. ബാക്കി പണം ബാങ്കിൽ നിക്ഷേപിക്കുകയും അതിൽ നിന്നും കാരുണ്യപ്രവർത്തനങ്ങൾക്കും ക്ഷേത്രങ്ങൾക്കും സംഭാവനകൾ നൽകുകയും ചെയ്‍തു. 

രാജരാജേശ്വരി ക്ഷേത്രത്തിലെ ഉത്സവ സമയത്ത് ഒരു മാസം കൊണ്ട് അവർ ഭിക്ഷാടനത്തിലൂടെ ഒരു ലക്ഷം രൂപ സമാഹരിച്ചു. ആ പണം അവർ ക്ഷേത്രത്തിലേക്ക് സംഭാവന നൽകുകയായിരുന്നു. വെള്ളിയാഴ്ച അന്നദാനം നടത്തുന്നതിനായി ആ തുക ക്ഷേത്രം ട്രസ്റ്റികളെ ഏൽപ്പിക്കുകയും ചെയ്‍തു. തനിക്ക് സമൂഹത്തിൽ നിന്നുമാണ് പണം ലഭിക്കുന്നത്. ആ പണം തിരികെ ജനങ്ങൾക്ക് തന്നെ നൽകുകയാണ്. ആരും പട്ടിണി കിടക്കാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത് എന്നാണ് അശ്വതമ്മ പറയുന്നത്. 

ഒരു അയ്യപ്പ ഭക്തയായ അവർ ശബരിമല ക്ഷേത്രത്തിലും കർണാടകയിലെ മറ്റ് ക്ഷേത്രങ്ങളിലും അന്നദാനം നടത്തിയിരുന്നു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ അനാഥാലയങ്ങൾക്ക് അവർ ഉദാരമായി സംഭാവന നൽകിയിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. 

Follow Us:
Download App:
  • android
  • ios