തീവ്രമായ ഡയറ്റിംഗ് പിന്തുടർന്ന ചൈനീസ് യുവതിക്ക് ഗുരുതരമായ അക്യൂട്ട് പാൻക്രിയാറ്റൈറ്റിസ് ബാധിച്ചു. ആഴ്ചയിൽ ആറ് ദിവസം പട്ടിണി കിടക്കുകയും ഒരു ദിവസം അമിതമായി ഭക്ഷണം കഴിക്കുകയും ചെയ്യുന്ന രീതിയാണ് യുവതിയുടെ പാൻക്രിയാസിന്‍റെ പ്രവർത്തനത്തെ തകരാറിലാക്കിയത്. ഇത്തരം ഡയറ്റിംഗ് രീതികൾ മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് കാരണമാകുന്നു.
ശരീരഭാരം കുറയ്ക്കാൻ തീവ്രമായ ഡയറ്റിംഗ് പിന്തുടർന്നതിനെത്തുടർന്ന് ചൈനയിൽ 25 -കാരിയായ യുവതിക്ക് ഗുരുതരമായ 'അക്യൂട്ട് പാൻക്രിയാറ്റൈറ്റിസ്' (പാൻക്രിയാസിലെ വീക്കം) ബാധിച്ചതായി റിപ്പോർട്ട്. ആഴ്ചയിൽ ആറ് ദിവസവും പട്ടിണി കിടക്കുകയും ഒരു ദിവസം മാത്രം ആഹാരം കഴിക്കുകയും ചെയ്യുന്ന രീതിയാണ് യുവതി പിന്തുടർന്നിരുന്നത്. കിഴക്കൻ സെജിയാങ് പ്രവിശ്യയിലെ ഹാങ്ഷൗവിൽ താമസിക്കുന്ന യുവതിക്കാണ് ഈ ദുരവസ്ഥ ഉണ്ടായതെന്ന് 'സിൻമിൻ ഈവനിംഗ് ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നു. സ്വകാര്യതയെ മാനിച്ച് പെൺകുട്ടിയുടെ പേര് വിവരം പുറത്തുവിട്ടിട്ടില്ല.
ആറ് ദിവസം കടുത്ത ഡയറ്റ് ഏഴാം ദിവസം അമിത ഭക്ഷണം
1.55 മീറ്റർ ഉയരമുള്ള യുവതിക്ക് നേരത്തെ 55 കിലോഗ്രാം ഭാരമുണ്ടായിരുന്നു. എന്നാൽ, മാസങ്ങൾക്ക് മുമ്പ്, എങ്ങനെയെങ്കിലും തടിയൊന്ന് കുറയ്ക്കാനായി ഇവർ കഠിനമായ ഒരു ഡയറ്റ് പ്ലാൻ തയ്യാറാക്കി. ആഴ്ചയിൽ ആറ് ദിവസവും വളരെ കുറഞ്ഞ അളവിൽ മാത്രം ഭക്ഷണം കഴിക്കുക, ഒരു ദിവസം ഇഷ്ടമുള്ളതെന്തും ആവശ്യത്തിലധികം കഴിക്കുക എന്നതായിരുന്നു ക്വിങ്ക്വിങ്ങിന്‍റെ രീതി. പട്ടിണി കിടക്കുന്ന ആറ് ദിവസങ്ങളിൽ അന്നജം അടങ്ങിയ ഭക്ഷണങ്ങൾ ഇവർ പൂർണ്ണമായും ഒഴിവാക്കി. വെള്ളത്തിൽ പുഴുങ്ങിയ പച്ചക്കറികൾ, കോഴിയിറച്ചി, മധുരം കുറഞ്ഞ പഴങ്ങൾ എന്നിവ മാത്രമാണ് കഴിച്ചിരുന്നത്. പ്രതിദിന ഊർജ്ജ ഉപഭോഗം 800 കലോറിയിൽ താഴെയായി നിലനിർത്താനായിരുന്നു ഈ ശ്രമം. എന്നാൽ, ആഴ്ചയിലെ ആ ഒരു 'ഇളവ് നൽകിയ' ദിവസം ഹോട്ട്പോട്ട്, ഫ്രൈഡ് ചിക്കൻ, എരിവുള്ള നൂഡിൽസ്, മിൽക്ക് ടീ, അണ്ടിപ്പരിപ്പുകൾ തുടങ്ങി കൊഴുപ്പും എണ്ണയും നിറഞ്ഞ എല്ലാത്തരം ഭക്ഷണങ്ങളും ഇവർ വാരിവലിച്ചു കഴിച്ചു.
ഭാരം കുറഞ്ഞു, പക്ഷേ...
ഈ കഠിനശ്രമം വഴി വെറും ഒരു മാസം കൊണ്ട് 7.5 കിലോഗ്രാം കുറയ്ക്കാനും ഭാരം 47.5 കിലോഗ്രാമിൽ എത്തിക്കാനും ഇവർക്ക് കഴിഞ്ഞു. മേയ് 14-നായിരുന്നു യുവതിയുടെ ആ 'ഇഷ്ടഭക്ഷണ ദിവസം'. ആറ് ദിവസത്തെ കടുത്ത ഡയറ്റിംഗിന് ശേഷം അന്ന് ഉച്ചയ്ക്ക് ഒരു വലിയ ബക്കറ്റ് ഫ്രൈഡ് ചിക്കനും, രാത്രിയിൽ രണ്ട് പാക്കറ്റ് എരിവുള്ള ചിക്കൻ നൂഡിൽസും ഇവർ കഴിച്ചു. എന്നാൽ, വൈകീട്ടോടെ യുവതിയുടെ വയറിലും അരക്കെട്ടിലും നടുവിലും കഠിനമായ വേദന അനുഭവപ്പെടാൻ തുടങ്ങി. പലതവണ ഛർദ്ദിച്ചെങ്കിലും വേദനയ്ക്ക് ഒട്ടും കുറവുണ്ടായില്ല. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, പരിശോധനയിൽ 'അക്യൂട്ട് പാൻക്രിയാറ്റൈറ്റിസ്' ആണെന്ന് കണ്ടെത്തുകയുമായിരുന്നു.
അമിത ഡയറ്റിംഗ് അപകടകരം
കടുത്ത ഡയറ്റിംഗും അതിന് പിന്നാലെയുള്ള അമിതഭക്ഷണവും കാരണം അക്യൂട്ട് പാൻക്രിയാറ്റൈറ്റിസ് ബാധിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണെന്ന് ആശുപത്രിയിലെ ഡോക്ടർമാർ മാധ്യമങ്ങളോട് പറഞ്ഞു. "ശരീരം മെലിയാൻ വേണ്ടി ദിവസത്തിൽ ഒരൊറ്റ നേരം മാത്രം ഭക്ഷണം കഴിച്ചാൽ മതിയെന്ന് പലരും കരുതുന്നു. എന്നാൽ, ഈ രീതി പാൻക്രിയാസിന്‍റെ പ്രവർത്തനത്തെ പൂർണ്ണമായും തകിടം മറിക്കും. ദീർഘനാൾ പട്ടിണി കിടക്കുമ്പോൾ പാൻക്രിയാസ് വളരെ കുറഞ്ഞ അളവിൽ മാത്രം പ്രവർത്തിക്കുന്ന അവസ്ഥയിലാകും. എന്നാൽ, പെട്ടെന്നൊരു ദിവസം അമിതമായി എണ്ണയും കൊഴുപ്പും അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ, അത് ദഹിപ്പിക്കാനായി പാൻക്രിയാസ് ചുരുങ്ങിയ സമയത്തിനുള്ളിൽ വൻതോതിൽ ദഹനരസങ്ങൾ ഉത്പാദിപ്പിക്കുന്നു."
ഈ എൻസൈമുകൾ പാൻക്രിയാസിന് താങ്ങാൻ കഴിയുന്നതിലും അധികമാവുകയും, ഒടുവിൽ അവ പാൻക്രിയാസിനെത്തന്നെ നശിപ്പിക്കാൻ തുടങ്ങുകയും ചെയ്യുമെന്ന് ഡോക്ടർ വിശദീകരിച്ചു. ഇത്തരം തീവ്രമായ ഡയറ്റിംഗ് രീതികൾ മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. ചൈനയിൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിച്ച് രോഗബാധിതയാകുന്ന ആദ്യത്തെ ആളല്ല യുവതി. ഈ വർഷം ആദ്യം, മധ്യ ഹുബെയ് പ്രവിശ്യയിലെ 20 വയസ്സുള്ള ഒരു സർവ്വകലാശാലാ വിദ്യാർത്ഥിനിക്ക് കഠിനമായ വയറുവേദനയെത്തുടർന്ന് ശസ്ത്രക്രിയയിലൂടെ പിത്തസഞ്ചി നീക്കം ചെയ്യേണ്ടി വന്നിരുന്നു. മാസങ്ങൾക്കുള്ളിൽ 25 കിലോഗ്രാം ഭാരം കുറച്ച ഈ പെൺകുട്ടി, ആ കാലയളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കിയിരുന്നുവെന്നാണ് ഡോക്ടർമാരോട് പറഞ്ഞത്.


