ഇത് ഒരു പകര്‍ച്ചവ്യാധിയല്ല. ചര്‍മ്മത്തില്‍ കുമിളകള്‍ പോലെ തോന്നിക്കുന്ന മുറിവുകള്‍ ഉണ്ടാകുന്നതാണ് രോഗലക്ഷണം. എന്നാല്‍ ഇതിനെ കുരങ്ങ് പനിയായി വിമാനത്തിലെ സ്റ്റാഫ് തെറ്റിദ്ധരിക്കുകയായിരുന്നു. 

എക്‌സിമാ രോഗബാധിതയായ യുവതിയെ കുരങ്ങുപനിയാണെന്ന് ആരോപിച്ച് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. കുരങ്ങുപനിയെ കുറിച്ചുള്ള ആശങ്ക ലോകം മുഴുവന്‍ പടരുന്ന സാഹചര്യത്തിലാണ് ഈ വാര്‍ത്തയും പുറത്ത് വരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ജാക്വലിന്‍ എന്‍ഗുയെന്‍ എന്ന യുവതിയാണ് കണ്ണീരോടെ തന്റെ അനുഭവം അടുത്തിടെ ഒരു ടിക് ടോക്ക് വീഡിയോയില്‍ പങ്കിട്ടത്. അമേരിക്കന്‍ വിമാനമായ സ്പിരിറ്റ് എയര്‍ലൈന്‍സില്‍ വച്ചായിരുന്നു അവള്‍ക്ക് ഈ ദുരനുഭവം ഉണ്ടായത്.

ജീവിതത്തില്‍ ഏറ്റവും നാണക്കേട് തോന്നിയ സന്ദര്‍ഭമായിരുന്നു അതെന്ന് യുവതി വെളിപ്പെടുത്തി. തനിക്ക് കുരങ്ങ് പനിയല്ല മറിച്ച് എക്‌സിമ എന്ന് ചര്‍മ്മരോഗമാണ് എന്നവള്‍ അവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ചെറുപ്പം മുതല്‍ അവള്‍ക്ക് ഈ രോഗമുണ്ട്. ഇത് ഒരു പകര്‍ച്ചവ്യാധിയല്ല. ചര്‍മ്മത്തില്‍ കുമിളകള്‍ പോലെ തോന്നിക്കുന്ന മുറിവുകള്‍ ഉണ്ടാകുന്നതാണ് രോഗലക്ഷണം. എന്നാല്‍ ഇതിനെ കുരങ്ങ് പനിയായി വിമാനത്തിലെ സ്റ്റാഫ് തെറ്റിദ്ധരിക്കുകയായിരുന്നു. 

തന്റെ ചര്‍മ്മത്തിലെ പാടുകളെ കുറിച്ച് ചോദിച്ച അവര്‍ തനിക്ക് കുരങ്ങുപനിയാണെന്ന് ആരോപിച്ച് തന്നെ വിമാനത്തില്‍ നിന്ന് ഇറക്കിവിടുകയായിരുന്നുവെന്ന് അവള്‍ വീഡിയോവില്‍ അവകാശപ്പെട്ടു. തനിക്ക് എക്‌സിമയാണെന്ന് പറഞ്ഞപ്പോള്‍ അത് തെളിയിക്കാന്‍ മെഡിക്കല്‍ രേഖകള്‍ ഹാജരാക്കാനും ജീവനക്കാര്‍ തന്നോട് പറഞ്ഞതായി യുവതി വെളിപ്പെടുത്തി. ഒടുവില്‍ എക്‌സിമയ്ക്ക് ഉപയോഗിക്കുന്ന ഒരു ഓയിന്‍മെന്റ് സ്റ്റാഫിനെ കാണിച്ചപ്പോഴാണ് വിമാനത്തില്‍ കയറാന്‍ അവളെ അവര്‍ അനുവദിച്ചത്.

വിമാനത്തില്‍ തിരികെ എത്തിയതിന് ശേഷവും മോശം അനുഭവമുണ്ടായതായി അവള്‍ പറയുന്നു. ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് തന്നെ കണ്ടതും മുഖം തിരിച്ച് മാറി നടന്നെന്ന് എന്‍ഗുയെന്‍ ആരോപിച്ചു. അവര്‍ തന്റെ കണ്ണില്‍ പോലും നോക്കാന്‍ തയ്യാറായില്ലെന്ന് അവള്‍ പരിതപിച്ചു.

തെറ്റിദ്ധാരണയുടെ പേരില്‍ മുഖത്ത് പാടുകളുള്ള ആരെയും പിടിച്ച് നിര്‍ത്തി അപമാനിക്കാന്‍ ജീവനക്കാര്‍ക്ക് അധികാരമില്ലെന്ന് അവള്‍ പറഞ്ഞു. തെറ്റായ വിവരങ്ങള്‍ വച്ച് ആളുകളോട് വിവേചനം കാണിക്കരുതെന്നും അവള്‍ പറഞ്ഞു. 

ആദ്യം കുരങ്ങുപനിയുടെ ലക്ഷങ്ങള്‍ എന്താണെന്ന് മനസ്സിലാക്കണം, അതിന് ശേഷം മാത്രമേ പരിശോധനയ്ക്ക് ഇറങ്ങാവൂവെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. 

വീഡിയോ ഇതിനകം 11 ലക്ഷത്തിലധികം ആളുകള്‍ കണ്ട് കഴിഞ്ഞു. സംഭവം ഓണ്‍ലൈനില്‍ വൈറലായതോടെ പലരും സമാനമായ അനുഭവങ്ങള്‍ പങ്കുവച്ചു. ചിലര്‍ അവളുടെ അവസ്ഥയില്‍ ഖേദം പ്രകടിപ്പിച്ചു. എക്‌സിമയും, സോറിയാസിസുമുള്ള ഒരാള്‍ തനിക്കും കുരങ്ങുപനിയാണെന്ന് ആളുകള്‍ സംശയിക്കുമോ എന്ന് ഭയപ്പെട്ടു.

അതേസമയം കുരങ്ങുപനിയുടെ കേസുകള്‍ കൂടുന്നതും ആശങ്കയ്ക്ക് ഇടനല്‍കുന്നു. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കനുസരിച്ച്, ലോകമെമ്പാടും 28,000-ത്തിലധികം കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ 7,510 കേസുകളാണ് യുഎസില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതുപോലെ, എഴുപതിലധികം രാജ്യങ്ങളില്‍ കുരങ്ങുപനി കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.