എന്തായാലും പിരിഞ്ഞുപോകുന്ന സമയത്ത് ചെന്നിന് ഹോട്ടൽ മികച്ച യാത്രയയപ്പാണ് നൽകിയത്. 52 മാസത്തെ ശമ്പളം അവർക്ക് നൽകിയാണ് ഹോട്ടൽ അവരെ പറഞ്ഞയച്ചത്.

അരനൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന സിംഗപ്പൂരിലെ ഹാവ്‌ലോക്ക് റോഡിലെ ഒരു പ്രശസ്തമായ ഹോട്ടലാണ് മിറാമർ. ഇപ്പോഴിതാ ഈ ഹോട്ടൽ എന്നേക്കുമായി അടച്ചുപൂട്ടാൻ പോവുകയാണത്രെ. 2025 ഒക്ടോബർ അവസാനത്തോടുകൂടി ഹോട്ടൽ അതിന്റെ പ്രവർത്തനം അവസാനിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ മാസമാണ് ഹോട്ടൽ അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചത്. ഹോട്ടലിലെ 108 ജീവനക്കാരെയാണ് ഇതിന്റെ ഭാ​ഗമായി പിരിച്ചുവിട്ടത്. അവരിൽ പലരും ഒരു വർഷങ്ങളായി ഹോട്ടലിൽ പ്രവർത്തിച്ചിരുന്നവരാണ്.

പിരിച്ചുവിടപ്പെട്ടവരിൽ ഹോട്ടലിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ 52 വർഷമായി ജോലി ചെയ്തിരുന്ന ഒരു 69 -കാരിയും പെടുന്നു. ചെൻ ജിൻ ഫെങ് എന്നാണ് അവരുടെ പേര്. '75 വയസ് വരെ ഇവിടെ ജോലി ചെയ്യാം എന്നാണ് ഞാൻ കരുതിയത്. പക്ഷേ, അത് സംഭവിച്ചില്ല, അതിന് മുമ്പേ ഇറങ്ങേണ്ടി വന്നു' എന്നാണ് ചെൻ പറയുന്നത്.

വെറും 17 വയസ് മാത്രമുള്ളപ്പോഴാണ് ചെൻ ഹോട്ടൽ മിറാമറിൽ ജോലി ചെയ്യാൻ തുടങ്ങിയത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി അവർ അവിടെ ജോലി ചെയ്യുന്നുണ്ട്. അതിനിടയിൽ, ആയിരക്കണക്കിന് അതിഥികൾ വന്നുപോകുന്നത് അവർ കണ്ടു. വിവിധ തലമുറകളെ കണ്ടു. ഹോട്ടലിലെ മൂന്ന് തലമുറ ഉടമകൾ അതിനിടയിൽ വന്നുപോയി. ഒടുവിൽ ഹോട്ടൽ അടച്ചുപൂട്ടിയപ്പോൾ ഇറങ്ങേണ്ടിയും വന്നു.

എന്തായാലും പിരിഞ്ഞുപോകുന്ന സമയത്ത് ചെന്നിന് ഹോട്ടൽ മികച്ച യാത്രയയപ്പാണ് നൽകിയത്. 52 മാസത്തെ ശമ്പളം അവർക്ക് നൽകിയാണ് ഹോട്ടൽ അവരെ പറഞ്ഞയച്ചത്. സാധാരണയായി കമ്പനിയുടെ നയമനുസരിച്ച് ജീവനക്കാർക്ക് ഓരോ വർഷത്തെ സേവനത്തിനും ഒരു മാസത്തെ ശമ്പളം അധികം നൽകാറുണ്ട്. അത് ഫുൾടൈം സ്റ്റാഫിനാണ് നൽകുന്നത്. ഒരു കരാർ ജീവനക്കാരി എന്ന നിലയിൽ തനിക്ക് ഇങ്ങനെ എന്തെങ്കിലും കിട്ടുമെന്ന് ചെൻ കരുതിയിരുന്നില്ല. കമ്പനിക്ക് ഇത് നൽകേണ്ടതില്ലെങ്കിൽ പോലും തന്നോട് വലിയ കരുതലാണ് കമ്പനി കാണിച്ചതെന്നാണ് ചെൻ പറയുന്നത്.

അതേസമയം, അഞ്ച് പതിറ്റാണ്ടിലേറെയായി ജോലി ചെയ്യുന്ന ഹോട്ടൽ അടച്ചുപൂട്ടുന്നതിലും അവിടുത്തെ ജോലി അവസാനിക്കുന്നതിലും വലിയ വേദനയാണ് ചെന്നിനുള്ളത്.