Asianet News MalayalamAsianet News Malayalam

'വരൂ, കാണൂ... എസി കോച്ചിലെ കാഴ്ച'; ആ കഴ്ച കണ്ടത് 17 ലക്ഷം പേർ, പതിവ് പോലെ, 'ഇപ്പോ ശരിയാക്കാ'മെന്ന് റെയിൽവേ

ഇത്തരത്തിലുള്ള പരാതികള്‍ നേരത്തെ ഉയര്‍ന്നപ്പോള്‍, അവ സര്‍ക്കാറിനെ നാണം കെടുത്താനുള്ള വ്യാജപ്രചാരണമാണെന്ന് യുവതി എഴുതിയ പഴയ കുറിപ്പുകള്‍ മറ്റ് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ കുത്തിപ്പൊക്കി.

womans complaint about the crowd inside the 3 AC coach went viral
Author
First Published Mar 20, 2024, 4:22 PM IST


സി കോച്ചിലെ കാഴ്ച കാണാനായി എക്സ് സാമൂഹിക മാധ്യമ ഉപയോക്താവ് ക്ഷണിച്ചപ്പോള്‍, ആ കഴ്ച കാണാനെത്തിയത് 17 ലക്ഷം പേര്‍. ദില്ലി സറായി റോഹില റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഉദയ്പൂര്‍ സിറ്റിയിലേക്ക് പോകുന്ന 20473 ചേതക് എക്സ്പ്രസിലെ 3 എസി കോച്ചിലെ ഒരു ചിത്രമായിരുന്നു എക്സ് സാമൂഹിക മാധ്യമ ഉപയോക്താവായ Nilisha Mantri പങ്കുവച്ചത്. ചിത്രം പങ്കുവച്ച് കൊണ്ട് അവര്‍ ഇങ്ങനെ എഴുതി. '20473 ലെ ചേതക് എക്സ്പ്രസില്‍ നിന്നുള്ള മൂന്നാം നിര എസിയുടെ അവസ്ഥയാണിത്.   റെയിൽ വേ ഒരു തമാശയായി മാറിയിരിക്കുന്നു. എന്താണ് ഞങ്ങൾ എസിക്ക് പണം നൽകുന്നത്?  പണം നൽകിയിട്ടും ശരിയായി ഇരിക്കാൻ പോലും സ്ഥലമില്ല.' നിലിഷ തന്‍റെ കുറിപ്പില്‍ ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയത്തിനെയും റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ടാഗ് ചെയ്തു. 

ഇന്ത്യന്‍ റെയില്‍വേയുടെ 3 -ാം നിര എസി കോച്ചിലെ അരാജകത്വം ഒരു സ്ത്രീ പങ്കുവച്ചപ്പോള്‍ കാഴ്ചക്കാര്‍ അസ്വസ്ഥരായി. പിന്നാലെ ആയിരക്കണക്കിന് ആളുകള്‍ തങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും എഴുതാനെത്തി. ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യത്തെ ചില കാഴ്ചക്കാര്‍ ചോദ്യം ചെയ്തു. 'എസി കോച്ചില്‍ എന്തിനാണ് ഫാന്‍' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ സംശയം. മറുപടിയായി യുവതി, എസി കോച്ചിലെ വലിയ ഗ്ലാസിന്‍റെ ചിത്രം പങ്കുവച്ചു. 'കോച്ച് 3AC അല്ല സ്ലീപ്പർ ക്ലാസ് ആണെന്ന് തോന്നുന്നു' എന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. മറ്റൊരാള്‍ എഴുതിയത്, 'സാധാരണക്കാരന്‍റെ അടിസ്ഥാന സൌകര്യങ്ങള്‍ അവഗണിച്ച്, സര്‍ക്കാര്‍ വന്ദേ ഭാരതും ബുള്ളറ്റ് ട്രെയിനും ഇറക്കുന്ന തിരക്കിലാണ്' എന്നായിരുന്നു. 'അശ്വനി വൈഷ്ണവ് സാര്‍, ഞങ്ങൾക്ക് എപ്പോഴാണ് മികച്ച ട്രെയിൻ യാത്രാനുഭവം ലഭിക്കുക? നിങ്ങളും സർക്കാരും മികച്ച ജോലി ചെയ്യുന്നു, പക്ഷേ, ഇത് പരിഹരിക്കേണ്ടതുണ്ട്.' മറ്റൊരു കാഴ്ചക്കാരന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയെ ടാഗ് ചെയ്തു കൊണ്ട് കുറിച്ചു. 

പാരമ്പര്യേതര ഊര്‍ജ്ജം; ഇനി യുദ്ധം കടലാഴങ്ങളില്‍ മുങ്ങിയ പുരാതന അഗ്നിപര്‍വ്വതത്തിന് വേണ്ടി

എസി കോച്ചില്‍ 'എലി' എന്ന് യുവതി; 'ഇപ്പോ ശരിയാക്കാ'മെന്ന് റെയിൽവേസേവ, പരിഹസിച്ച് സോഷ്യൽ മീഡിയയും

ചിത്രവും കുറിപ്പും വൈറലായതിന് പിന്നാലെ, റെയില്‍വേ പരാതി പരിഹരിക്കാന്‍ എക്സ് സാമൂഹിക മാധ്യമത്തിലെത്തി. പരാതിക്കാരിയോട് പതിവ് പോലെ മൊബൈല്‍ നമ്പറും പിഎന്‍ആര്‍ നമ്പറും നല്‍കാന്‍ ആവശ്യപ്പെട്ടു. പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അറിയിപ്പും വന്നെങ്കിലും മറ്റൊന്നും സംഭവിച്ചില്ല. ഇതിനിടെ മറ്റ് ചില എക്സ് ഉപയോക്താക്കള്‍ നിലിഷ മന്ത്രിയുടെ പഴയ ചില പോസ്റ്റുകള്‍ കുത്തിപ്പൊക്കി പങ്കുവച്ചു. അതിലൊന്നില്‍ പികു എന്ന എക്സ് ഉപയോക്താവ് റെയില്‍വേയിലെ ഭക്ഷണം മോശമാണെന്ന് ചിത്രം സഹിതം കുറിപ്പെഴുതിയപ്പോള്‍ അതിന് താഴെ ഇന്ത്യന്‍ റെയില്‍വേയെ നാണം കെടുത്താനുള്ള പ്രോപ്പഗാണ്ടയാണെന്ന് നിലിഷ എഴുതിയ കുറിപ്പായിരുന്നു ഉണ്ടായിരുന്നത്. 

'കുറ്റകൃത്യങ്ങള്‍ പോലും സര്‍ഗാത്മകമാകുന്നു'; മോഷണത്തിന് മുമ്പ് യോഗ ചെയ്യുന്ന 'കള്ളി'യുടെ സിസിടിവി ദൃശ്യം

Follow Us:
Download App:
  • android
  • ios