അവളുടെ ഹൃദയം പടപടാ മിടിച്ചു, കാഴ്ച മങ്ങി, കൈ മരവിച്ചു. അവളുടെ തള്ളവിരലിൽ നിന്ന് കഴുത്ത് വരെ ചുവന്ന വരകൾ പടർന്നു. ഉടനെ തന്നെ ക്ലോഡിയ സെന്റ് വിൻസെന്റ് ആശുപത്രിയിലേക്ക് പോയി.

മാനിക്യുർ ചെയ്യുന്ന അനേകം ആളുകൾ ഇന്നുണ്ട്. അത് നമ്മുടെ കൈകളെ മനോഹരമാക്കുന്നു. മാത്രമല്ല, ഒരുതരം സെൽഫ് കെയർ കൂടിയാണ് മാനിക്യുറും പെഡിക്യുറുമെല്ലാം. എന്നാൽ, സിഡ്നിയിൽ നിന്നുള്ള ഒരു യുവതിയെ സംബന്ധിച്ച് എന്നേക്കും ഓർത്ത് ഭയക്കാനുള്ള ഒരു പേടിസ്വപ്നമായി മാറിയിരിക്കയാണ് മാനിക്യുർ ചെയ്തതിന് പിന്നാലെയുണ്ടായ അനുഭവം. 2024 -ലെ വാലന്റൈൻസ് ദിനത്തിലാണ് 27 വയസ്സുള്ള ക്ലോഡിയ റഫിൻ എന്ന യുവതി ഡബിൾ ബേയിലെ പ്രശസ്തമായ നെയിൽ സലൂൺ സന്ദർശിച്ചത്. എന്നാൽ, മാനിക്യൂർ കഴിഞ്ഞ് ഏതാനും മണിക്കൂറുകൾ കഴിഞ്ഞതേയുള്ളൂ, അവർക്ക് വല്ലാത്ത അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി.

അവളുടെ ഹൃദയം പടപടാ മിടിച്ചു, കാഴ്ച മങ്ങി, കൈ മരവിച്ചു. അവളുടെ തള്ളവിരലിൽ നിന്ന് കഴുത്ത് വരെ ചുവന്ന വരകൾ പടർന്നു. ഉടനെ തന്നെ ക്ലോഡിയ സെന്റ് വിൻസെന്റ് ആശുപത്രിയിലേക്ക് പോയി. ഡോക്ടർമാർ ഉടൻ തന്നെ ഇതിന്റെ കാരണവും കണ്ടെത്തി. news.com.au റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ക്ലോഡിയയ്ക്ക് ഗുരുതരമായ ഒരു സ്ട്രെപ്‌ ഇൻഫെക്ഷൻ (Strep infection) ഉണ്ടായതായിരുന്നു. അത് പെട്ടെന്ന് ​ഗുരുതരമായി മാറി. അവളുടെ തള്ളവിരൽ കറുത്തുവന്നു.

ഉടനെ തന്നെ ആശുപത്രി അവർക്ക് അടിയന്തിര ചികിത്സ ഏർപ്പാടാക്കി. അടുത്ത ഒരു മാസത്തിനുള്ളിൽ, ക്ലോഡിയയ്ക്ക് ആറ് ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടി വന്നു. ഒരു സ്കിൻ ഗ്രാഫ്റ്റ് നടത്തി, 48 തുന്നലുകൾ വേണ്ടിവന്നു, അവളുടെ തള്ളവിരലിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടു. പിന്നീട് അത് ചേർക്കാനുള്ള ശസ്ത്രക്രിയ നടത്തിയെങ്കിലും ഇപ്പോഴും തള്ളവിരൽ പൂർണ്ണമായി ഉപയോഗിക്കാൻ കഴിയുന്നില്ലെന്നും സ്പർശനം അറിയുന്നില്ലെന്നും അവൾ പറയുന്നു.

ഓൺലൈനിൽ അവൾ തന്റെ അനുഭവം പങ്കുവച്ചു. സലൂണിൽ പോകുമ്പോൾ ശ്രദ്ധിക്കണം എന്നാണ് അവൾ പറയുന്നത്. അവിടെ എത്രമാത്രം വൃത്തിയുള്ള സാഹചര്യമാണ് എന്നത് നോക്കിവേണം കാര്യങ്ങൾ ചെയ്യാനെന്നും അവൾ പറയുന്നു.