ബെംഗളൂരുവിലെ ഈജിപുര ഫ്ലൈഓവർ നിർമ്മാണം എട്ട് വർഷമായിട്ടും പൂർത്തിയാകാത്തതിനെതിരെ സൗമ്യ എന്ന യുവതി പങ്കുവെച്ച കുറിപ്പ് വൈറലായി. തന്‍റെ എട്ട് വയസ്സുകാരനായ മകൻ ജനിക്കുന്നതിന് മുൻപ് തുടങ്ങിയ നിർമ്മാണം ഇപ്പോഴും തുടരുകയാണെന്ന് അവർ കുറിച്ചു. 

ബെംഗളൂരുവിലെ തിരക്കേറിയ കോറമംഗല പ്രദേശത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായിട്ടായിരുന്നു ഈജിപുര ഫ്ലൈഓവർ നിർമ്മാണം ആരംഭിച്ചത്. എന്നാൽ എട്ട് വര്‍ഷം കഴിഞ്ഞിട്ടും എവിടെയും എത്താത്ത ഫ്ലൈഓവർ നിർമ്മാണത്തെ ട്രോളിയ യുവതിയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കഴിഞ്ഞ 14 -ാം തിയതി സൗമ്യ എന്ന് യുവതി എഴുതിയ കുറിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ വൈലായത്. എട്ട് വര്‍ഷമായിട്ടും എവിടെയുമെത്താത്ത ഫ്ലൈഓവർ നിര്‍മ്മാണത്തില്‍ ബെംഗളൂരു നിവാസികൾ പൊറുതിമുട്ടിയിരിക്കുകയാണെന്ന് കുറിപ്പിന് കിട്ടിയ സ്വീകാര്യത തെളിവാണ്.

യുവതിയുടെ കുറിപ്പ്

എതാണ്ട് മൂന്നര ലക്ഷത്തോളം പേര്‍ കണ്ട വരുണ്‍ അഗർവാളിന്‍റെ കുറിപ്പ് പങ്കുവച്ച് കൊണ്ടാണ് യുവതി കുറിപ്പെഴുതിയത്. നമ്മുടെ പൂർവ്വികർ ആരംഭിച്ച, അവര്‍ ഒളിച്ച് കളിച്ച മനോഹരായ തൂണുകളുള്ള ഫ്ലൈഓവറിന്‍റെ പണി പുനരാംഭിച്ചെന്ന് എഴുതിയ കുറിപ്പ് പങ്കുവച്ച് കൊണ്ട് സൗമ്യ എഴുതി. 'തമാശയല്ല, ഞാൻ ഗർഭിണിയായി കോറമംഗലയിലേക്ക് താമസം മാറി. എന്‍റെ മകന് ഇപ്പോൾ 8 വയസ്സായി. അവൻ ജനിക്കുന്നതിന് മുമ്പു മുതൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നതുവരെ അവർ ഫ്ലൈഓവർ പണിയുകയാണ്.' സൗമ്യയുടെ കുറിപ്പ് ഒറ്റ ദിവസം കൊണ്ട് കണ്ടത് ഏതാണ്ട് മൂന്ന് ലക്ഷത്തോളം പേരാണ്.

Scroll to load tweet…

ഈജിപുര ഫ്ലൈഓവർ

തിരക്കേറിയ കോറമംഗല പ്രദേശത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി കർണാടക സംസ്ഥാന റോഡ് അധികൃതർ ആസൂത്രണം ചെയ്തതാണ് ഈജിപുര ഫ്ലൈഓവർ. 2017 -ലാണ് നിർമ്മാണം തുടങ്ങിയത്. സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചറിനായിരുന്നു നിർമ്മാണ ചുമതല. 2022 -ൽ പണി നിർത്തി. ഇതുവരെയായി 40 ശതമാനം ജോലി മാത്രമാണ് പൂര്‍ത്തിയായത്. ഇതിനിടെ ഫ്ലൈഓവറിന്‍റെ പല ഭാഗത്തും പൊളിഞ്ഞ് തുടങ്ങിയെന്ന പരാതിയും ഉയർന്നു. ഒടുവില്‍ 2023 നവംബറിൽ ബിഎസ്‌സിപിഎൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് പദ്ധതി ഏറ്റെടുത്തു. 2026 മാർച്ചിൽ ഫ്ലൈഓവർ പൂർത്തിയാക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം.

പ്രതികരണം

യുവതിയുടെ കുറിപ്പിന് പിന്നാലെ നിരവധി പേരാണ് കുറിപ്പുമായെത്തിയത്. ഒരു പക്ഷേ നിങ്ങളുടെ മകൻ ഒരു എഞ്ചിനീയറായി വളർന്ന് പ്രോജക്റ്റ് പൂർത്തിയാക്കിയേക്കാമെന്നായിരുന്നു ഒരു ഉപയോക്താവ് എഴുതിയത്. നിങ്ങളുടെ പേരക്കുട്ടി രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ നടക്കുന്ന മഹത്തായ ഉദ്ഘാടനത്തിനായി കാത്തിരിക്കുന്നുവെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. ഫ്ലൈഓവറിന്‍റെ പണി തുടങ്ങിയത് മുതല്‍ കോറമംഗല ട്രാഫിക്ക് ഏറ്റവും മോശം അവസ്ഥയിലാണ്.