ഭൂമിയ്ക്ക് താങ്ങാനാവാത്ത രീതിയിൽ ലോക ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുകയാണ്. ജനസംഖ്യയുടെ കാര്യത്തിൽ നമ്മുടെ രാജ്യവും മുൻപന്തിയിലാണ്. ജനസംഖ്യ വർധിക്കുമ്പോൾ, മാനവശേഷി വർധിക്കുകയും, സാമ്പത്തികമായി വളർച്ച നേടാൻ രാജ്യം പ്രാപ്തമാവുകയും ചെയ്യുന്നു. എന്നാൽ, ആളുകളുടെ എണ്ണം കൂടുമ്പോൾ ആവശ്യങ്ങളും വർദ്ധിക്കും.
ഓരോ വർഷവും കൂടുതൽ കൂടുതൽ ഭൂമിയുടെ നിലനിൽപിനെ കുറിച്ചുള്ള ആശങ്കകൾ ആളുകളെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഇടക്കിടെ കടന്നുവരുന്ന പ്രകൃതിദുരന്തങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയവ ഇനിയുള്ള നമ്മുടെ നിലനിൽപ്പിന് പ്രകൃതിയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ് എന്ന് ഓർമ്മിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. ഈ നില തുടർന്നാൽ, ഭൂമിയിൽ അതിജീവനം അസാധ്യമാകുമെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനമാണ് (World environment day 2022). മൃതിയുടെ വക്കിലെത്തി നിൽക്കുന്ന പരിസ്ഥിതിയെ പുനർജീവിപ്പിക്കാൻ ആദ്യം വേണ്ടത് പ്രകൃതി നേരിടുന്ന പ്രശ്‍നങ്ങളെ കുറിച്ച് മനസിലാക്കുക എന്നതാണ്. ഇതാണ് ഇന്ന് നാം നേരിട്ടിരിക്കുന്ന ചില പ്രധാന പാരിസ്ഥിതിക പ്രതിസന്ധികൾ.
മലിനീകരണം (Pollution)
നമ്മൾ ദിവസേന എന്നവണ്ണം കേൾക്കുന്ന ഒരു വാക്കാണ് മലിനീകരണം. പ്രധാനമായും ഏഴു തരത്തിലുള്ള മലിനീകരണമാണുള്ളത്. വായു, വെള്ളം, മണ്ണ്, ശബ്ദം, റേഡിയോ ആക്ടീവ്, വെളിച്ചം, താപം എന്നിവയാണ് അവ. മലിനീകരണം നമ്മൾ ശ്വസിക്കുന്ന വായുവിനെ, കുടിക്കുന്ന വെള്ളത്തെ, നിൽക്കുന്ന മണ്ണിനെ എല്ലാം പ്രതികൂലമായി ബാധിക്കുന്നു. ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങളിൽ ഒമ്പതും ഇന്ത്യയിലാണ് എന്നത് കൂടുതൽ ആശങ്കാവഹമാണ്. വാഹനങ്ങൾ, വ്യവസായങ്ങൾ, വൈദ്യുതപ്ലാന്റുകൾ, പ്ലാസ്റ്റിക് എന്നിവയാണ് മലിനീകരണത്തിന്റെ പ്രധാന ഉറവിടങ്ങൾ. പല രാജ്യങ്ങളും മരങ്ങൾ നട്ട് പിടിപ്പിച്ചും, പൊതുഗതാഗതം ഉപയോഗിച്ചും, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചും, ഫാക്ടറികളിൽ നിന്നും മറ്റും പുറംതള്ളുന്ന വിഷലിപ്തമായ മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിച്ചും മാലിന്യത്തെ നിയന്ത്രിക്കാൻ പരിശ്രമിക്കുന്നു.
ആഗോളതാപനം (Global Warming)
പത്തിരുപത് വർഷങ്ങൾക്ക് മുൻപ് വരെ സൂര്യതാപം കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത ഒന്നായിരുന്നു. എന്നാൽ, ഇപ്പോൾ ഭൂമി ചുട്ടുപഴുക്കുമ്പോൾ അതിന്റെ ഭാഗമായി നമ്മളും വെന്തുരുകുകയാണ്. ചൂട് കൂടുന്തോറും ഹിമാനികൾ ഉരുകുന്നു, സമുദ്രത്തിലെ ജലനിരപ്പ് വർധിക്കുന്നു. ഇത് മിന്നൽപ്രളയത്തിനും, കാട്ടുതീ പോലുള്ള അപകടങ്ങൾക്കും കാരണമാകുന്നു. ആഗോളതാപനത്തിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലേക്ക് പുറം തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളുടെ ആധിക്യമാണ്. ഇത് കാലാവസ്ഥാ വ്യതിയാനങ്ങൾക്കും വഴി വയ്ക്കുന്നു.
ജനസംഖ്യാവർധനവ് (Overpopulation)
ഭൂമിയ്ക്ക് താങ്ങാനാവാത്ത രീതിയിൽ ലോക ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുകയാണ്. ജനസംഖ്യയുടെ കാര്യത്തിൽ നമ്മുടെ രാജ്യവും മുൻപന്തിയിലാണ്. ജനസംഖ്യ വർധിക്കുമ്പോൾ, മാനവശേഷി വർധിക്കുകയും, സാമ്പത്തികമായി വളർച്ച നേടാൻ രാജ്യം പ്രാപ്തമാവുകയും ചെയ്യുന്നു. എന്നാൽ, ആളുകളുടെ എണ്ണം കൂടുമ്പോൾ ആവശ്യങ്ങളും വർദ്ധിക്കും. ആവശ്യങ്ങൾക്ക് അനുസരിച്ച് വിഭവങ്ങൾ ഇല്ലെങ്കിൽ ഫലം വിപരീതമാകും. വിഭവങ്ങളുടെയും, സ്രോതസ്സുകളുടെയും അമിതോപയോഗത്തിനും, ദൗർലഭ്യതയ്ക്കും ഇത് വഴിവയ്ക്കും. ഇത് ദാരിദ്ര്യത്തിനും, ക്ഷാമത്തിനും, വരൾച്ചയ്ക്കും, പട്ടിണിമരണങ്ങൾക്കും കാരണമാകും. പ്രകൃതിവിഭവങ്ങളുടെ ശോഷണം വളരെ പ്രധാനപ്പെട്ട ഒരു പാരിസ്ഥിതിക പ്രശ്നമാണ്.
കുന്നുകൂടുന്ന മാലിന്യം (Unsustainable Waste)
നമ്മൾ പുരോഗമിക്കും തോറും നമ്മുടെ ആവശ്യങ്ങളും, ജീവിതരീതികളും മാറുകയാണ്. വികസനത്തിന്റെ പേരിൽ മനുഷ്യൻ അപകടകരമായ നിരവധി മാലിന്യങ്ങൾ ഉല്പാദിപ്പിക്കുന്നുണ്ട്, അതിലൊന്നാണ് പ്ലാസ്റ്റിക്. അമിതമായ അളവിൽ മാലിന്യം ഉല്പാദിപ്പിക്കുന്നവരുടെ പട്ടികയിൽ വികസിത രാജ്യങ്ങളാണ് മുൻപന്തിയിൽ. അവർ ഉല്പാദിപ്പിക്കുന്ന മാലിന്യങ്ങൾ കൊണ്ടുവന്നു തള്ളുന്നതോ സമുദ്രങ്ങളിലും അവികസിത രാജ്യങ്ങളിലുമാണ്. പ്ലാസ്റ്റിക്, പാക്കറ്റ് ഭക്ഷണം, വിലകുറഞ്ഞ ഇ മാലിന്യങ്ങൾ, ആണവ മാലിന്യങ്ങൾ തുടങ്ങിയവയെല്ലാം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‍നങ്ങൾ വളരെ അധികമാണ്. പ്രവർത്തനക്ഷമമായ രീതിയിൽ മാലിന്യങ്ങൾ കൈകാര്യം ചെയ്യാൻ എല്ലാ രാജ്യങ്ങളും ഒരുപോലെ ശ്രമിക്കേണ്ടതാണ്.
വനനശീകരണം (Deforestation)
ലോകത്തിന്റെ ശ്വാസകോശമെന്ന് അറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ ഇന്ന് അഗ്നി വിഴുങ്ങുന്ന തീഗോളമായി മാറുകയാണ്. കാട്ടുതീ മൂലം ഓരോ വർഷവും ഏക്കർകണക്കിന് വനഭൂമിയാണ് നശിപ്പിക്കപ്പെടുന്നത്. കാർബൺ ഡൈ ഓക്സൈഡിനെ സ്വാംശീകരിച്ച്, ശുദ്ധമായ ഓക്സിജനെ പുറംതള്ളുന്ന കാടുകൾ ശുദ്ധവായു പ്രധാനം ചെയ്യുന്നതിൽ വളരെ വലിയൊരു പങ്ക് വഹിക്കുന്നു. കൂടാതെ, മണ്ണൊലിപ്പ് തടയാനും, താപനിലയെയും കാലാവസ്ഥയെയും നിയന്ത്രിക്കാനും അത് സഹായിക്കുന്നു. നിലവിൽ, ഭൂമിയുടെ 30 ശതമാനം വനങ്ങളാണ്. എന്നാൽ, ഓരോ വർഷവും ഇതിന്റെ തോത് വലിയ രീതിയിൽ കുറഞ്ഞു വരുന്നു. ഈ രീതിയിൽ നമ്മൾ പരിസ്ഥിതിയെ ചൂഷണം ചെയ്താൽ ഒടുവിൽ ഭക്ഷണത്തിന് പോലും ഒന്നും അവശേഷിക്കില്ല എന്ന അവസ്ഥയാകും.
