Asianet News MalayalamAsianet News Malayalam

ഇന്ന് ലോക കൊതുക് ദിനം! കൊതുകുകൾക്ക് എന്തിനാണ് ഒരു ദിനം എന്നറിയാം

മലേറിയ, മഞ്ഞപ്പനി, ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ കൊതുകുകൾ പരത്തുന്ന വിവിധ രോഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലോക കൊതുക് ദിനത്തിൻ്റെ ലക്ഷ്യം.

World mosquito day August 20th importance
Author
First Published Aug 20, 2024, 2:26 PM IST | Last Updated Aug 20, 2024, 2:26 PM IST

ലോകമെമ്പാടും എല്ലാ വർഷവും ഓഗസ്റ്റ് 20 -ന് ലോക കൊതുക് ദിനം ആചരിക്കുന്നു. നമ്മുടെ ചുറ്റുപാടുകളിൽ സ്ഥിരമായി കാണപ്പെടുന്ന കൊതുകുകൾ പരത്തുന്ന മാരകമായ രോഗങ്ങളിൽ നിന്ന് നമ്മുടെ സമൂഹത്തെയും നമ്മെത്തന്നെയും സംരക്ഷിക്കേണ്ടത് എത്ര നിർണായകമാണ് എന്നതിൻ്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം.

കാഴ്ചയിൽ ഇത്തിരി കുഞ്ഞന്മാർ ആണെങ്കിലും കൊതുകുകൾ പരത്തുന്ന മാരകമായ വൈറസ് ബാധയാൽ ഓരോ വർഷവും മരണപ്പെടുന്നത് ദശലക്ഷക്കണക്കിന് ആളുകളാണ്. മലേറിയ, ഡെങ്കിപ്പനി, സിക്ക വൈറസ്, വെസ്റ്റ് നൈൽ വൈറസ് തുടങ്ങിയ മാരകമായ രോഗങ്ങൾ പരത്തുന്നതിന് പിന്നിൽ കൊതുകുകളാണ്

1897 -ൽ സർ റൊണാൾഡ് റോസ് നടത്തിയ കണ്ടുപിടിത്തത്തെ മാനിച്ചു കൊണ്ടാണ് ലോക കൊതുകുദിനം ആചരിച്ചു വരുന്നത്. അനോഫിലിസ് കൊതുകുകൾ മലേറിയ പരാദത്തെ വഹിക്കുന്നു എന്ന റൊണാൾഡ് റോസിൻ്റെ കണ്ടുപിടുത്തം വൈദ്യശാസ്ത്ര രംഗത്ത് ഏറെ നിർണായകമായിരുന്നു. 1930 -കൾ മുതൽ, ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ റൊണാൾഡ് റോസിൻ്റെ സംഭാവനകളെ ആദരിച്ചു വരുന്നുണ്ട്. 'കൊതുകു ദിനം' എന്നാണ് ഡോ. റോസ് ഈ ദിനത്തിന് പേരിട്ടത്. അദ്ദേഹത്തിൻറെ കണ്ടെത്തൽ രോഗപ്രതിരോധവും ചികിത്സാ പദ്ധതിയും വികസിപ്പിക്കുന്നതിൽ സഹായിച്ചു

2024 -ലെ ലോക കൊതുക് ദിനത്തിൻ്റെ തീം "കൂടുതൽ സമത്വ ലോകത്തിനായി മലേറിയയ്‌ക്കെതിരായ പോരാട്ടം ത്വരിതപ്പെടുത്തുക" എന്നതാണ്.  മലേറിയ ചികിത്സ, രോഗനിർണയം, പ്രതിരോധം എന്നിവയിലേയ്ക്കുള്ള വിടവുകൾ നികത്തേണ്ടതിൻ്റെ ആവശ്യകത ഈ വർഷത്തെ പ്രമേയം ഊന്നിപ്പറയുന്നു.  

മലേറിയ, മഞ്ഞപ്പനി, ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ കൊതുകുകൾ പരത്തുന്ന വിവിധ രോഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലോക കൊതുക് ദിനത്തിൻ്റെ ലക്ഷ്യം. കൊതുകുകൾ പരത്തുന്ന രോഗങ്ങൾക്കെതിരായ പോരാട്ടത്തിൽ സാമൂഹിക സേവന ദാതാക്കൾ, മെഡിക്കൽ പ്രൊഫഷണലുകൾ, മറ്റ് വ്യക്തികൾ എന്നിവർ നൽകിയ സംഭാവനകളെയും ദിനം ആദരിക്കുന്നു.

കൊതുകുകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും രോഗഭീഷണി തടയുന്നതിനുമുള്ള പോരാട്ടത്തിൽ ഒന്നിക്കുക എന്നതാണ് ഈ ദിനത്തിൻറെ പ്രധാന ലക്ഷ്യം. വാക്‌സിനേഷനും കീടനാശിനികളും വഴി രോഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios