''എനിക്ക് ഭയമില്ല. എന്റെ തൊട്ടുമുന്നിൽ മഹാവ്യാധിയാണ്. എനിക്ക് പിന്നാലെ, ചൈനയിലെ ഭരണകൂടവും, നിയമവ്യവസ്ഥയുമുണ്ട്. എന്നാലും, എന്റെ കൊക്കിനു ജീവനുള്ളിടത്തോളം കാലം, എന്റെ കണ്മുന്നിൽ കാണുന്ന ദുരിതങ്ങളെപ്പറ്റി ഞാൻ ലോകത്തോട് വിളിച്ചു പറയുകതന്നെ ചെയ്യും. എനിക്ക് മരണത്തെ ഭയമില്ല, ആ ഞാൻ പിന്നെയെന്തിന് നിങ്ങളെപ്പേടിക്കണം സ്വേച്ഛാധിപത്യമേ..?"

ചെൻ ക്വിഷി എന്ന ചൈനീസ് സ്വതന്ത്ര മാധ്യമപ്രവർത്തകൻ അവിടെ കൊവിഡിന്റെ സംഹാരതാണ്ഡവം ഉച്ചസ്ഥായി പ്രാപിച്ച ജനുവരി 30 -ന് പുറത്തുവിട്ട യൂട്യൂബ് വീഡിയോയിൽ പറഞ്ഞ വാക്കുകളാണിത്. ആ വീഡിയോ പുറത്തു വിട്ട് ഏതാനും ദിവസങ്ങൾക്കകം, കൃത്യമായി പറഞ്ഞാൽ ഫെബ്രുവരി 6 മുതൽ,  ക്വിഷി തന്റെ സ്വാഭാവിക ജീവിത പരിസരങ്ങളിൽ നിന്ന് തെളിവൊന്നും കൂടാതെ തന്നെ മാഞ്ഞു പോയി. തന്റെ മകനെ അധികാരികളിൽ ആരോ പിടിച്ചു വെച്ചിരിക്കുകയാണ് എന്നും, മാധ്യമപ്രവർത്തകൻ എന്ന നിലയ്ക്കുള്ള അവന്റെ സത്യസന്ധമായ പ്രവർത്തനങ്ങൾ രുചിക്കാതിരുന്ന സർക്കാർ പ്രതിനിധികളിൽ നിന്നുള്ള പ്രതികാര നടപടികൾ തന്റെ മകന്റെ ജീവനെടുത്തോ എന്ന് താൻ സംശയിക്കുന്നതായി ക്വിഷിയുടെ അമ്മയും പരാതിപ്പെട്ടു. ഇന്നുവരെ ക്വിഷിയെപ്പറ്റി ചൈനയിൽ നിന്ന് യാതൊരു വിവരവും വന്നിട്ടില്ല. ഈ കുറിപ്പെഴുതുന്ന നിമിഷം, അയാൾ ജീവനോടുണ്ടോ, അതോ ഏതെങ്കിലും രഹസ്യ തടവറകളിൽ പീഡനങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുകയാവുമോ എന്നുപോലും അറിയില്ല.

 

 

ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനമാണ്. ആരോഗ്യപ്രവർത്തകരെപ്പോലെ, ഡോക്ടർമാരെപ്പോലെ അതാതു രാജ്യങ്ങളിലെ പത്രപ്രവർത്തകരും കൊവിഡ് ബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. അവരും രോഗത്തോട് അത്രതന്നെ അടുത്ത്, സ്വന്തം ജീവൻ വരെ അപകടത്തിലാക്കിക്കൊണ്ട്  തങ്ങളുടെ ദൗത്യം നിർവഹിക്കുകയാണ്. അത്യന്തം ജാഗരൂകരായി, ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാതിരിക്കാൻ ശ്രദ്ധ ചെലുത്തിക്കൊണ്ട് വാർത്തകൾ തത്സമയം ജനങ്ങളിലേക്കെത്തിക്കുക എന്ന ദുഷ്കര ദൗത്യമാണ് അവർക്കുള്ളത്. സ്വന്തം രാജ്യത്തിന്റെ ഭരണം തങ്ങൾ വിശ്വസിച്ചേൽപ്പിച്ച നേതാക്കൾ  ഈ മഹാമാരിക്കാലത്ത് ഏല്പിച്ച ജോലി വൃത്തിക്ക് ചെയ്യുന്നുണ്ടോ എന്ന് അറിയാൻ വേണ്ടി ജനങ്ങൾ ആശ്രയിക്കുന്നത് രാജ്യത്തെ പത്രങ്ങളെയാണ്, മറ്റു ദൃശ്യ-ഡിജിറ്റൽ മാധ്യമങ്ങളെയാണ്. വാർത്ത - കൃത്യമായ, പക്ഷപാതം കൂടാതുള്ള, വിശ്വാസ്യമായ വാർത്ത - അത് റിപ്പോർട്ട് ചെയ്യുക എന്നതാണ് ഒരു മാധ്യമപ്രവർത്തകൻ നിർവഹിക്കേണ്ടുന്ന ധർമം. ആ റിപ്പോർട്ടുകളാണ് അറിയാനുള്ള ജനങ്ങളുടെ അധികാരത്തെ ശക്തിപ്പെടുത്തുന്നത്. 

ഈ 'പ്രസ് ഫ്രീഡം ഡേ'യിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മാധ്യമപ്രവർത്തകർക്ക് ലോകരാഷ്ട്രങ്ങൾ സുരക്ഷ ഉറപ്പുനൽകണം എന്ന് അധ്വാനം ചെയ്തത് കേവലം ഒരു യാദൃച്ഛികതയായി കാണേണ്ടതില്ല. രണ്ടുണ്ട് കാരണം, സത്യസന്ധമായ, വസ്തുനിഷ്ഠമായ റിപ്പോർട്ടിങ്ങിന്റെ പേരിൽ നേരിടേണ്ടി വരുന്ന വ്യക്തിപരമായ ആക്രമണങ്ങൾ കൊണ്ടുള്ള അപകടം ഒരുവശത്ത്, വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ എടുക്കാതിരുന്നാൽ കൊറോണയുടെ ഭാഗത്തുനിന്നുള്ള ആക്രമണം കൊണ്ട് വന്നേക്കാവുന്ന ജീവനാശം മറ്റൊരുവശത്ത്. വല്ലാത്തൊരു കനൽനടത്തമാണ് പല രാജ്യങ്ങളിലും ജേർണലിസ്റ്റുകളുടെ ദൈനംദിന തൊഴിൽജീവിതം. 

 

 

മഹാമാരിക്കാലത്ത് ലോകത്തെ 'ഇൻഫോഡെമിക്' അഥവാ 'വസ്തുതാവിരുദ്ധമായ വാർത്തകളാൽ ജനങ്ങൾക്കുണ്ടാകുന്ന ദുരിതം' സംഭവിക്കാതെ കാക്കേണ്ടത് മാധ്യമലോകത്തിന്റെ പ്രാഥമിക ദൗത്യമാണ്. മനഃപൂർവം വ്യാജവാർത്തകൾ പ്രചരിപ്പിച്ച് മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നവർ ഈ കൊവിഡ് 19 കാലത്തും കുറവല്ല. വൈറസിന്റെ ഉത്ഭവത്തെപ്പറ്റി, അത് മനുഷ്യർക്കിടയിൽ പകരുന്നതിനെപ്പറ്റി, രോഗചികിത്സയ്ക്കുള്ള ഒറ്റമൂലികളെപ്പറ്റി പലവിധത്തിലുള്ള അസത്യങ്ങളും സോഷ്യൽ മീഡിയ വഴി പ്രചരിച്ചു ഈ ചുരുങ്ങിയ കാലത്തിനിടെ. അത്തരത്തിലുള്ള അബദ്ധപ്രചാരണങ്ങളുടെ കള്ളി തങ്ങളുടെ ഫാക്റ്റ് ചെക്ക് കോളങ്ങൾ വഴി സമയാസമയത്ത് പൊളിച്ചുകൊണ്ട് മാധ്യമങ്ങൾ പ്രവർത്തിച്ചത് നിർണായകമായ ഒരു ജാഗ്രതയാണ്. അത് രക്ഷിച്ചത് ഒരു പക്ഷെ എണ്ണിയാലൊടുങ്ങാത്തത്ര പേരുടെ ജീവനാണ്. 

'വിവരങ്ങളുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്തുക' എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ മറപിടിച്ച് പലപ്പോഴും വിവരങ്ങൾ അറിയാനുള്ള ഒരേയൊരു വഴി സർക്കാർ പുറത്തുവിടുന്ന പ്രസ് റിലീസുകൾ മാത്രമാകാറുണ്ട്. ഈ റിലീസുകളുടെ വരികൾക്കിടയിലൂടെ വായിക്കാൻ ശ്രമിക്കുന്ന, ടാലിയാവാത്ത കണക്കുകളുടെ പിന്നാലെ പോവുന്ന, ഗവൺമെന്റുകൾ മറച്ചുപിടിക്കുന്ന അപ്രിയസത്യങ്ങൾ തുറന്നുകാട്ടുന്ന മാധ്യമപ്രവർത്തകരെ പലപ്പോഴും അധികാരകേന്ദ്രങ്ങൾ മഹാമാരിക്കാലത്തെ സവിശേഷാധികാരങ്ങൾ ദുരുപയോഗം ചെയ്ത് വേട്ടയാടുന്ന കാഴ്ചയും നമ്മൾ പല രാജ്യത്തും കാണുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ചൈനയിൽ കാണാതായ പത്രപ്രവർത്തകൻ ചെൻ ക്വിഷി. എന്നാൽ, ചെൻ ക്വിഷി ഒരു അപവാദമല്ല എന്നതാണ് വളരെ സങ്കടകരമായ അവസ്ഥ. 

ഈ അവസ്ഥ നമ്മൾ കൊവിഡ് കാലത്ത് ആദ്യമായി കാണുന്ന ഒന്നല്ല. ഇതിനു മുമ്പും ഇതേ പാറ്റേൺ ഗവണ്മെന്റുകളുടെ പ്രതികരണങ്ങളിൽ നമ്മൾ കണ്ടിട്ടുണ്ട്. രാജ്യത്ത് എന്തെങ്കിലുമൊരു പ്രശ്നമുണ്ടാകുന്നു എന്ന ഒരു പ്രതീതി സൃഷ്ടിക്കുക, സർക്കാർ ആ പേരും പറഞ്ഞുകൊണ്ട് പൗരാവകാശങ്ങൾ നിയന്ത്രിക്കുക, മാധ്യമസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുക ഇതൊക്കെ പണ്ടും നമ്മൾ കണ്ടിട്ടുള്ളതാണ്. 

ഇറാനിൽ, മാധ്യമങ്ങളെ നിയന്ത്രിക്കാൻ വേണ്ടി സർക്കാർ കൊണ്ടുവന്നത് വളരെ വലിയ മാറ്റങ്ങളാണ്. രാജ്യത്ത് അച്ചടിമാധ്യമങ്ങളെ മൊത്തമായി നിരോധിച്ചു. ഒരു പ്രാദേശിക അധികാരിക്ക്  കൊവിഡ് ബാധയുണ്ടെന്ന വിവരം പുറത്തുവിട്ടതിനാണ് അവിടെ ഒരാൾ അറസ്റ്റിലാവുന്നത്. മറ്റൊരാൾ തന്റെ റിപ്പോർട്ടിൽ കണക്കുകളുടെ പിൻബലത്തോടെ ഗവണ്മെന്റിന്റെ കെടുകാര്യസ്ഥത തുറന്നുകാട്ടിയതിനാണ് മറ്റൊരു ജേർണലിസ്റ്റ് കസ്റ്റഡിയിലാകുന്നത്. 

ഹംഗറിയിൽ ഈ മഹാമാരിയുടെ പേരും പറഞ്ഞുകൊണ്ട് പാർലമെന്റ് പ്രസിഡന്റിന് നൽകിയത് അഭൂതപൂർവമായ അധികാരങ്ങളാണ്. രാജ്യം മാസങ്ങളായി അടിയന്തരാവസ്ഥയിലാണ്. മഹാമാരിയെപ്പറ്റി തെറ്റായ വിവരം അച്ചടിച്ച ആരെയും അഞ്ചുവർഷത്തേക്ക് തടവിന് വിധിക്കാനുള്ള അധികാരം ഗവൺമെന്റിന് നൽകിയിട്ടുണ്ട് അടിയന്തരാവസ്ഥ.  പത്രങ്ങളുടെ സാമ്പത്തികവരുമാനം തടയുക, സത്യം റിപ്പോർട്ട് ചെയ്താലും സാങ്കേതികമായ കാരണങ്ങൾ കാട്ടി അറസ്റ്റുചെയ്യുക തുടങ്ങി പല വെല്ലുവിളികളും ഹംഗറിയിലെ മാധ്യമരംഗം ഇന്ന് നേരിടുന്നുണ്ട്. 

 

 

സ്വേച്ഛാധിപത്യരാജ്യങ്ങളിൽ മാത്രമല്ല മഹാമാരി പത്രസ്വാതന്ത്ര്യത്തിനു ഭീഷണിയായിട്ടുള്ളത്. 1996 ലെ ഭരണഘടനാ സ്വതന്ത്ര മാധ്യമപ്രവർത്തനം ഉറപ്പുനൽകുന്ന ദക്ഷിണാഫ്രിക്ക വരെ കൊവിഡിന്റെ വെളിച്ചത്തിൽ 'തെറ്റായ' വാർത്ത പ്രചരിപ്പിക്കുന്നവരെ തടവിലിടാൻ വേണ്ടി പ്രത്യേക നിയമം നിർമിച്ചു കഴിഞ്ഞു. ഇത്തരത്തിലുള്ള നിയമങ്ങൾ ഒക്കെയും അതാതുകാലത്ത് ഭരണത്തിലേറുന്നവർക്ക് അവരുടെ അപ്രിയം സമ്പാദിച്ച ലേഖകരെ വേട്ടയാടാനുള്ള ആയുധങ്ങളാണ് മാറുകയാണ് ചെയ്യാറ്. ദക്ഷിണാഫ്രിക്കയിലെ സ്ഥിതിയും വ്യത്യസ്തമല്ല. 

ഇന്ത്യയിലും കേന്ദ്രസർക്കാർ കൊവിഡിന്റെ സാഹചര്യത്തിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം എന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു തുടക്കത്തിൽ എങ്കിലും, അങ്ങനെ ഒരുത്തരവിറക്കാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. അതേസമയം കൊറോണാ വൈറസ് സംബന്ധിച്ച 'ഔദ്യോഗിക വിശദീകരണങ്ങൾ' പ്രസിദ്ധപ്പെടുത്താൻ സുപ്രീം കോടതി മാധ്യമങ്ങളോട് പറഞ്ഞിട്ടുമുണ്ട്. 

പുരോഗമനമനോഭാവമുള്ള  രാജ്യങ്ങളിൽ പോലും മാധ്യമപ്രവർത്തകർക്കും, സ്ഥാപനങ്ങൾക്കും നേരെയുള്ള ഇത്തരത്തിലുള്ള 'കൊവിഡ് ക്രാക്ക് ഡൗണുകൾ' ഇന്ന് ദൃശ്യമാണ്. മാധ്യമസ്വാതന്ത്ര്യം ബഹുമാനിക്കപ്പെടേണ്ടതിന്റെയും, മാധ്യമപ്രവർത്തകർക്ക് ഭീതികൂടാതെ തങ്ങളുടെ തൊഴിലെടുക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടതിന്റെയും സ്ഥാപനങ്ങൾക്കും പ്രവർത്തകർക്കും എതിരെയുള്ള ആക്രമണങ്ങൾക്ക് അറുതിവരുത്തേണ്ടതിന്റെയും ആവശ്യത്തെ ലോക മാധ്യമ സ്വാതന്ത്ര്യദിനത്തിൽ ഏറ്റവും അധികം ഉയർത്തിപ്പിടിക്കേണ്ടുന്ന ഒന്നാണ്. 

 

 

പാരീസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'റിപ്പോർട്ടേഴ്‌സ് സാൻസ് ഫ്രോണ്ടിയേഴ്‌സ്' അഥവാ 'അതിർത്തികൾക്ക് അതീതമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർ' എന്ന സംഘടന മാർച്ച് 24 -ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നത്, " ചൈനയിൽ ഇന്ന് നിലനിൽക്കുന്നത്ര പ്രസ് സെൻസർഷിപ്പും, നിയന്ത്രണങ്ങളും ഒന്നും അവിടെ ഇല്ലായിരുന്നു, സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമങ്ങൾ അവിടെ ഉണ്ടായിരുന്നു എങ്കിൽ, ഡിസംബറിൽ പൊട്ടിപ്പുറപ്പെട്ട്, ആഴ്ചകളോളം ഗവൺമെന്റ് മറ്റുരാജ്യങ്ങളിൽ നിന്ന് മറച്ചുവെച്ച ആ മഹാമാരിയെപ്പറ്റിയുള്ള വിവരങ്ങൾ ചൈനീസ് മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകളുടെ രൂപത്തിലെങ്കിലും ലോകമറിഞ്ഞിരുന്നേനെ. വേണ്ട മുൻകരുതലുകൾ സ്വീകരിക്കാനും, ചൈനയോട് പ്രസക്തമായ ചോദ്യങ്ങൾ ചോദിക്കാനും, വേണമെങ്കിൽ യാത്ര വിലക്കുകൾ ഏർപ്പെടുത്താനും ഒക്കെ സാധിച്ചിരുന്നേനെ. ഇന്ന് പതിനായിരക്കണക്കിന് പേരുടെ ജീവൻ അപഹരിച്ച, ലക്ഷക്കണക്കിനുപേരെ ബാധിച്ച, കോടിക്കണക്കിനുപേരുടെ ഉപജീവനമാർഗം ഇല്ലാതാക്കിയ കൊവിഡ്  19 എന്ന ഈ മഹാമാരിക്ക് അതിന്റെ പത്തിലൊന്നു തീവ്രതയെ ഉണ്ടാവുമായിരുന്നുള്ളൂ. ഇന്ന് ലോകമാകെ നിശ്ചലമാവില്ലായിരുന്നു" 

കൊവിഡ് മഹാമാരി പത്രപ്രവർത്തനരംഗത്ത് ഉണ്ടാക്കിയിട്ടുള്ള ആഘാതം പഠിക്കാനും പിന്തുടരാനും വേണ്ടി ഈ സംഘടന 'ട്രാക്കർ 19'  എന്ന പേരിലൊരു ട്രാക്കിങ് സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ 19 എന്നത് മനുഷ്യാവകാശങ്ങളെപ്പറ്റിയുള്ള യുഎൻ ഡിക്ളറേഷനിലെ ആർട്ടിക്കിൾ 19 -നെയും കൊവിഡ് 19 -നെയും സൂചിപ്പിക്കുന്നു. അഞ്ചു ഭൂഖങ്ങങ്ങളിലെയും മാധ്യമസ്വാതന്ത്ര്യലംഘനങ്ങളെപ്പറ്റിയുള്ള തെളിവുകൾ സഹിതമുള്ള റിപ്പോർട്ടുകൾ ഈ ട്രാക്കർ സൈറ്റിൽ ലഭ്യമാണ്. ഈ ഗണത്തിൽ പെട്ട ആശങ്കയുളവാക്കുന്ന സംഭവങ്ങൾ നടന്ന 40 രാജ്യങ്ങളെയും സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 

ഇത്തരത്തിലുള്ള വ്യക്തിപരമായ വേട്ടയാടലുകൾ ലോകമെമ്പാടുമുള്ള  മാധ്യമ സമൂഹത്തിൽ പൊതുവെ വല്ലാത്തൊരു ഭീതിയും, ആശങ്കയും, അനിശ്ചിതത്വവും ഒക്കെ സൃഷ്ടിച്ചിട്ടുണ്ട് എന്നതാണ് സത്യം. ആ സാഹചര്യത്തിൽ ഇങ്ങനെ ഒരു 'ലോക മാധ്യമസ്വാതന്ത്ര്യദിന'ത്തിന് പ്രസക്തി ഏറെയാണ്. എന്നാൽ, ഇന്നാട്ടിൽ നമ്മളാഘോഷിക്കുന്ന പരശ്ശതം ദിനങ്ങളിൽ ഒന്നുമാത്രമായി, അന്നേദിവസത്തെ ഏതാനും സെമിനാറുകളിൽ ഒതുങ്ങി, വീണ്ടും അടുത്തവർഷം വരെ വിസ്മൃതിയിൽ മറയാതെ, കഴിഞ്ഞ ഒരു വർഷം അതാതു രാജ്യങ്ങളിലെ മാധ്യമരംഗം അനുഭവിച്ച പ്രതിസന്ധികളെ വിലയിരുത്തി, വരും വർഷത്തേക്കുള്ള പാഠങ്ങൾ പ്രാവർത്തികമാക്കാനുള്ള നയങ്ങളുടെ നാന്ദി കുറിക്കുന്ന ദിവസം കൂടിയാവണം ഇത്.

നാട്ടിൽ കൊവിഡ് എന്ന മഹാമാരി സൃഷ്ടിച്ചിരിക്കുന്ന ഈ അസാധാരണ സാഹചര്യത്തിൽ ജനങ്ങളിലേക്ക് വാർത്തകൾ എത്തിക്കുക എന്നതോടൊപ്പം അവരെ സുരക്ഷിതരാക്കി നിർത്തുക എന്നൊരു ഉത്തരവാദിത്തം കൂടി നിർവ്വഹിക്കേണ്ടവരാണ് നമ്മുടെ മാധ്യമപ്രവർത്തകർ. നേരോടെ, നിർഭയം, നിരന്തരം അത് നിറവേറ്റാൻ അവർക്ക് ഇനിയും കഴിയുമാറാകട്ടെ.