4 കൊലപാതകം ചെയ്തെന്ന കുറ്റം ചുമത്തി ഇവാവോ ഹകമാഡയെ വധശിക്ഷയ്ക്ക് വിധിച്ച് നാല്പത് വർഷത്തിന് മേലെയാണ് ജയിലില്‍ അടച്ചത്.
കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുപുള്ളിക്ക് 1.4 മില്യൺ ഡോളർ (12,00,35,304 ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. നാല് പതിറ്റാണ്ടിലേറെയായി അന്യായമായി തടവിൽ കഴിയേണ്ടി വന്നതിനാണ് ജാപ്പനീസ് പൗരനായ ഇവാവോ ഹകമാഡയ്ക്ക് (89) നഷ്ടപരിഹാരം ലഭിച്ചത്. ഇദ്ദേഹത്തിന് നേരെ ചുമത്തിയിരുന്ന കുറ്റത്തില്‍ ഇവാവോ ഹകമാഡ നിരപരാധിയാണെന്ന് വ്യക്തമായതോടെയാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്. അന്യായമായി തടങ്കലിൽ കഴിയേണ്ടി വന്ന ഓരോ ദിവസത്തിനും 12,500 യെൻ (7,115 രൂപ) വീതം നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധി. 1966 -ൽ നടന്ന നാല് കൊലപാതകങ്ങൾക്ക് പിന്നില്‍ ഹകമാഡയാണെന്ന് കരുതിയാണ് അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാൽ, പുനർ വിചാരണയിൽ 2022 -ൽ 89 വയസ്സുള്ള ഹകമാഡ കുറ്റവിമുക്തനാക്കപ്പെട്ടു.
തന്‍റെ തൊഴിലുടമയെയും തൊഴിലുടമയുടെ ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തി എന്നായിരുന്നു ഇയാളുടെ പേരിൽ ആരോപിക്കപ്പെട്ട കുറ്റം. 1966 -ൽ ഹകമാഡ അറസ്റ്റിലായി, ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് അദ്ദേഹം കുറ്റസമ്മതം നടത്തി. എന്നാൽ, ഇത് മനുഷ്യത്വരഹിതമായ ചോദ്യം ചെയ്യലിലൂടെയാണന്ന് പിന്നീട് തെളിഞ്ഞു.
Watch Video: സ്കൂളിൽ പോകാനായി പരീക്ഷയ്ക്ക് തോൽക്കാൻ ആഗ്രഹിക്കുന്ന അഫ്ഗാൻ പെൺകുട്ടി, വീഡിയോ കണ്ട് സങ്കടപ്പെട്ട് സോഷ്യൽ മീഡിയ
വിചാരണവേളയിൽ ഹകമാഡയ്ക്ക് എതിരെ കോടതിയിൽ സമർപ്പിച്ച തെളിവുകൾ കെട്ടിച്ചമച്ചതാണും കോടതി പിന്നീട് കണ്ടെത്തി. തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് വെളിപ്പെടുത്തലുകൾ പതിറ്റാണ്ടുകൾക്ക് മുൻപേ ഉണ്ടായിട്ടും കേസിന്‍റെ പുനർ വിചാരണക്കായി അദ്ദേഹത്തിന് പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വന്നു. 2022 -ലാണ് ഷിസുവോക്ക ജില്ലാ കോടതി അദ്ദേഹത്തെ നിരപരാധിയായി പ്രഖ്യാപിച്ചത്. തടങ്കലിൽ അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്ന മനുഷ്യരഹിതമായ പെരുമാറ്റത്തെ കോടതി അപലപിച്ചു.
ഏത് നിമിഷവും വധശിക്ഷ നടപ്പിലാക്കപ്പെട്ടേക്കാമെന്ന വലിയ ഭീതിയോടെയായിരുന്നു ഇദ്ദേഹം തടവറയിൽ ഓരോ ദിവസവും കഴിച്ച് കൂട്ടിയത്. അത് ഇദ്ദേഹത്തിൽ വലിയ മാനസിക സംഘർഷം സൃഷ്ടിച്ചിരുന്നു. നേരിടേണ്ടി വന്ന മാനസികവും വൈകാരികവുമായ ആഘാതത്തെ ഒരു ദുരന്തമെന്നാണ് പുനർ വിചാരണ വേളയിൽ അദ്ദേഹത്തിന്‍റെ അഭിഭാഷകർ വിശേഷിപ്പിച്ചത്. ഇതോടെ ജപ്പാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കുറ്റവിമുക്തനാക്കപ്പെട്ട അഞ്ചാമത്തെ തടവുകാരനായി ഇവാവോ ഹകമാഡ.
Watch Video: ഹൃദയം നിലച്ച് പോകുന്ന കാഴ്ച; റോഡിലൂടെ പോകവെ പെട്ടെന്നുണ്ടായ ഭീമൻ കുഴിയിലേക്ക് തലകുത്തി വീണ് ബൈക്ക് യാത്രക്കാരൻ
