ശവശരീരങ്ങള്‍ ഭക്ഷിക്കുന്ന കഴുകന്മാരുടെ എണ്ണത്തിലുണ്ടായ കുറവ്, ഭൂമിയുടെ ശുചിത്വത്തെ പ്രതികൂലമായി ബാധിച്ചു. ഇത് മൂലം മനുഷ്യന്‍റെ മരണനിരക്ക് 4 ശതമാനത്തിലധികം വർദ്ധിപ്പിച്ചെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.  പ്രതിവര്‍ഷം  69.4 ബില്യൺ ഡോളറിന്‍റെ നാശനഷ്ടമാണ് ഇങ്ങനെ സംഭവിച്ചെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 


യമാണ്, പേര് കേള്‍ക്കുമ്പോള്‍ തന്നെ. അതാണ് കഴുകന്മാര്‍. മരണത്തിന്‍റെയും ചോരയുടെയും ഗന്ധം പേറുന്നവര്‍. എന്നാല്‍ അത് മാത്രമാണോ ഈ ഭൂമിയില്‍ കഴുകന്മാരുടെ സ്ഥാനം? അല്ലെന്നാണ് പരിസ്ഥിതി വിദഗ്ദരുടെ അഭിപ്രായം. കഴുകന്മാര്‍ ഈ ഭൂമിയില്‍ അവശ്യം ജീവിച്ചിരിക്കേണ്ട ജീവ വര്‍ഗങ്ങളിലൊന്നാണ്. എന്നാല്‍ ലോക കഴുകന്‍ ദിനമായ ഇന്ന് അവയുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ച് കാലമായി വലിയ കുറവാണ് രാജ്യത്ത് സംഭവിച്ചിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴുകന്മാരുടെ എണ്ണക്കുറവ് മനുഷ്യരുടെ നിലനില്‍പ്പിനെ പോലും ബാധിക്കുമെന്ന് കേള്‍ക്കുമ്പോള്‍ അതിശയോക്തിയായി തോന്നാമെങ്കിലും അതാണ് യാഥാര്‍ത്ഥ്യമെന്ന് ഈ രംഗത്തെ വിദഗ്ദരുടെ പഠനങ്ങള്‍ പറയുന്നു. 

രാജ്യത്തെ ഏതാണ്ടെല്ലാ സംസ്ഥാനത്തെയും വനം വകുപ്പുകള്‍ വനസംരക്ഷണത്തില്‍ വലിയ ജാഗ്രതയാണ് പുലര്‍ത്തുന്നത്. വനസംരക്ഷണമെന്നാല്‍ മണ്ണിനടിയിലെ സൂക്ഷ്മാണു മുതല്‍ ഏറ്റവും വലിയ ജീവിയുടെ കൂടി സംരക്ഷണമാണ്. ഇത്തരത്തില്‍ വിശാലമായ സംരക്ഷ പദ്ധതികള്‍ നടപ്പാക്കിയാല്‍ മാത്രമേ ആ സംരക്ഷണം അതിന്‍റെ പൂര്‍ണ്ണതയിലെത്തൂ. കാരണം ഭൂമിയിലെ ജലത്തിലും കരയിലും വായുവിലും ജീവിക്കുന്ന എല്ലാ ജീവികളും പരസ്പരം അദൃശ്യമായ ഒരു കണ്ണിയാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഈ കണ്ണിയില്‍ ഏതെങ്കിലും ഒന്നിന് അപകടം സംഭവിച്ചാല്‍ അത് ഭൂമിയുടെ നിലനില്പിനെ സാരമായി ബാധിക്കും. 

വില്യം ലോഗന്‍ 1887 ല്‍ എഴുതിയ 'മലബാര്‍ മാന്വലില്‍' കേരളത്തിലെ വളപട്ടണത്തും കണ്ണൂരും വയനാട്ടിലും ധാരാളം കഴുകന്മാരെ കണ്ടിരുന്നതായി വിവരിക്കുന്നുണ്ട്. എന്നാല്‍ ഇന്ന് കേരളത്തില്‍ കഴുകന്മാരുടെ എണ്ണത്തില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കേരളത്തില്‍ ഇന്ന് കഴുകന്മാരെ കണ്ടെത്താന്‍ കഴിയുക വയനാട്ടിലെ ഉള്‍ക്കാട്ടുകളില്‍ മാത്രം. നിലവില്‍ കേരള, കര്‍ണ്ണാടക തമിഴ്നാട് അതിര്‍ത്തിയിലെ നിലഗിരി ബയോസ്ഫിയറിൽ 320 ഓളം കഴുകന്മാർ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നു. വയനാട്ടിൽ 150 ഓളം കഴുകന്മാരുണ്ടെന്ന് വനം വകുപ്പിന്‍റെ കണക്കുകളും പറയുന്നു. 

കാടിന്‍റെ ആവാസ വ്യവസ്ഥയെ പുനഃക്രമീകരിക്കാന്‍ 'കഴുകന്‍ റെസ്റ്റോറന്‍റു'കള്‍

ഇന്ത്യന്‍ കഴുകന്മാരെ കുറിച്ച് പഠിച്ച ചിക്കാഗോ സര്‍വകലാശാലയിലെ ഗവേഷകനായ ഇയാള്‍ ഫ്രാങ്ക്, വാര്‍വിക് സര്‍വകലാശാലയിലെ ഗവേഷകനായ ആനന്ദ് സുദര്‍ശന്‍ എന്നിവരുടെ പഠനത്തില്‍ പറയുന്നത് ഇന്ത്യന്‍ കഴുകന്മാരുടെ അപ്രതീക്ഷിത നാശത്തെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ചുലക്ഷം മനുഷ്യർ മരിച്ചെന്നാണ്. അമേരിക്കന്‍ ഇക്കണോമിക്ക് അസോസിയേഷന്‍ ജേര്‍ണലില്‍ കഴിഞ്ഞ ജൂണില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. ശവശരീരങ്ങള്‍ ഭക്ഷിക്കുന്ന കഴുകന്മാരുടെ എണ്ണത്തിലുണ്ടായ കുറവ്, ഭൂമിയുടെ ശുചിത്വത്തെ പ്രതികൂലമായി ബാധിച്ചു. ഇത് മൂലം മനുഷ്യന്‍റെ മരണനിരക്ക് 4 ശതമാനത്തിലധികം വർദ്ധിപ്പിച്ചെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. പ്രതിവര്‍ഷം 69.4 ബില്യൺ ഡോളറിന്‍റെ നാശനഷ്ടമാണ് ഇങ്ങനെ സംഭവിച്ചെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇത്തരം സൂചനകള്‍ കഴുകന്‍ പോലുള്ള കീസ്റ്റോൺ ഇനങ്ങളെ സംരക്ഷിക്കുന്നതിന്‍റെ പ്രധാന്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നെന്നും പഠനം എടുത്ത് പറയുന്നു.

കഴുകന്മാരുടെ വംശനാശത്തിന് തടയിടുന്നതിനായുള്ള പദ്ധതികള്‍ ഇന്ത്യയിലെ വിവിധ വനംവകുപ്പുകള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. അതാണ് 'കഴുകന്‍ റെസ്റ്റോറന്‍റ് ' (Vulture restaurant). കഴുകന്മാര്‍ക്ക് തീറ്റയെടുക്കുന്നതിനായി ഉള്‍വനങ്ങളില്‍ സജ്ജീകരിച്ച പ്രത്യേക സ്ഥലങ്ങളാണിവ. ഇവയ്ക്ക് മനുഷ്യ റെസ്റ്റോറന്‍റുകളുമായി പേരില്‍ മാത്രമാണ് ബന്ധം. അപകടങ്ങളില്‍പ്പെട്ടോ അല്ലാതെയോ മറ്റ് മൃഗങ്ങള്‍ ഭക്ഷിച്ച് ഉപേക്ഷിക്കുന്നവയോ സ്വാഭാവികമായി മരിക്കുന്നതോ ആയ വന്യമൃഗങ്ങളുടെ ശവശരീരങ്ങള്‍ ഉള്‍വനത്തിലൊരുക്കിയ ഇത്തരം പ്രത്യേക ഇടങ്ങളില്‍ സംസ്കരിക്കാതെ കൊണ്ടിടും. മൃതദേഹം കണ്ട് കിലോമീറ്ററുകള്‍ ദൂരെ നിന്ന് പോലും കഴുകന്മാരെത്തി മാംസം നിമിഷ നേരം കൊണ്ട് തിന്ന് തീര്‍ക്കും. ഇത്തരം ഇടങ്ങളുടെ പേരാണ് 'കഴുകൻ റെസ്റ്റോറന്‍റ്. വയനാട്ടിലും വയനാടിനോട് ചേര്‍ന്നുള്ള കർണ്ണാടക, തമിഴ്നാട് വനമേഖലയിലും ഇത്തരം കഴുകന്‍ റെസ്റ്റോറന്‍റുകള്‍ പ്രവർത്തിക്കുന്നുണ്ട്. ഇത് ദക്ഷിണേന്ത്യയിലെ ഇവയുടെ വംശനാശം തടയുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്.