Asianet News MalayalamAsianet News Malayalam

100 വർഷം മുമ്പ് പർവതത്തിന് മുകളിൽ ഇങ്ങനെയൊരു രഹസ്യഅറ നിർമ്മിച്ചതെന്തിന്? മഞ്ഞ് നീക്കിയപ്പോൾ കിട്ടിയതെന്ത്?

യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളിൽ ഓസ്ട്രിയൻ സൈന്യം ഈ ഗുഹ കൈവശപ്പെടുത്തിയിരുന്നു. ഇത് ഇറ്റാലിയൻ ഭാഗത്തുനിന്നോ വ്യോമാക്രമണത്തിൽ നിന്നോ അവരെ ഒളിപ്പിച്ച് നിര്‍ത്തി സംരക്ഷിച്ചിരുന്നു. 

world war one cave
Author
Alpine, First Published May 5, 2021, 11:38 AM IST

ചരിത്രത്തിൽ കൗതുകമുള്ള ആളാണോ നിങ്ങൾ? ഒന്നാം ലോക മഹായുദ്ധവും രണ്ടാം ലോക മഹായുദ്ധവും നാം ചരിത്ര പുസ്‍തകങ്ങളിൽ പഠിച്ചിട്ടുണ്ട്. ഇപ്പോഴിതാ നൂറുകൊല്ലം മുമ്പ് ഒന്നാം ലോക മഹായുദ്ധകാലത്തെ ഒരു രഹസ്യ അഭയ കേന്ദ്രത്തിൽ നിന്നും കിട്ടിയ ചില വസ്‍തുക്കൾ ചരിത്ര രേഖകളായി മ്യൂസിയത്തിലേക്ക് വന്നിരിക്കുകയാണ്. ഇതൊരു വെറും ​ഗുഹയല്ല. 20 ഓസ്ട്രിയൻ സൈനികർ ഒളിച്ച് താമസിച്ചിരുന്ന അതിനായി തയ്യാറാക്കിയ ഇടമായിരുന്നു എന്ന് വേണം പറയാൻ. 

world war one cave

ഏതായാലും, ചരിത്രകാരന്മാരുടെ കണ്ണിൽ കൂടി നോക്കിയാൽ ഒന്നാം ലോകമഹായുദ്ധത്തിന്റെ ബാക്കിയെന്ന് പറയാവുന്ന ഒരു നിധിശേഖരം തന്നെ വടക്കൻ ഇറ്റലിയിലെ ഒരു ഗുഹാ അഭയകേന്ദ്രത്തിൽ നിന്ന് ഗവേഷകർ ഇപ്പോള്‍ കണ്ടെടുത്തിരിക്കുകയാണ്. യുദ്ധസമയത്ത് ആല്‍പൈനിലെ മൗണ്ട് സ്കൊര്‍ലൂസോയിലുള്ള ഈ ഗുഹ 20 ഓസ്ട്രിയന്‍ സൈനികര്‍ക്ക് അഭയസ്ഥാനമായിരുന്നു എന്ന് ചരിത്രകാരനായ സ്റ്റെഫാനോ മൊറോസിനി സിഎന്‍എന്നിനോട് പറഞ്ഞു. 'ഇങ്ങനെയൊരു പഴയ അഭയകേന്ദ്രം നിലവിലുണ്ട് എന്ന് അറിവുണ്ടായിരുന്നു. പക്ഷേ, കടുത്ത മഞ്ഞായതിനാല്‍ ആ മഞ്ഞുരുകുന്നത് വരെ കാത്തിരിക്കേണ്ടി വന്നിരുന്നു അങ്ങോട്ടൊന്ന് കടക്കാന്‍. അതിനായി 2017 വരെ കാത്തിരിക്കേണ്ടി വന്നു' എന്നും മൊറോസിനി പറയുന്നു. യൂണിവേഴ്സിറ്റി ഓഫ് ബര്‍ഗാമോയിലെ അധ്യാപകനും സ്റ്റെല്‍വിയോ നാഷണല്‍ പാര്‍ക്ക് കേന്ദ്രീകരിച്ച് നടക്കുന്ന ഹെറിറ്റേജ് പ്രൊജക്ടിലെ സയന്‍റിഫിക് കോര്‍ഡിനേറ്ററും കൂടിയാണ് അദ്ദേഹം. 

world war one cave

ഗുഹയ്ക്കകത്ത് അവര്‍ കണ്ടെത്തിയത് അന്നത്തെ സൈനികരുപയോഗിച്ചിരുന്ന ഭക്ഷണം, പാത്രങ്ങള്‍, മൃഗങ്ങളുടെ തോലില്‍ നിന്നും ഉണ്ടാക്കിയെടുത്ത ജാക്കറ്റുകള്‍ തുടങ്ങിയവയെല്ലാമാണ്. 'ഇവിടെ, ശൈത്യകാലത്തെ താപനില -40 ഡിഗ്രി സെൽഷ്യസ് (-40 ഡിഗ്രി ഫാരൻഹീറ്റ്) വരെ കുറയാൻ സാധ്യതയുണ്ട്. അതിനാലൊക്കെ തന്നെ കടുത്ത പാരിസ്ഥിതിക സാഹചര്യങ്ങളെ നേരിടേണ്ടിവന്ന സൈനികരുടെ അവസ്ഥ വളരെ മോശമായിരുന്നു. അവർക്ക് ദിവസവും കഷ്‍ടപ്പാടുകളായിരുന്നിരിക്കണം എന്നാണ് ഇപ്പോൾ കിട്ടിയ വസ്‍തുക്കള്‍ തെളിയിക്കുന്നത്' എന്ന് മൊറോസിനി പറഞ്ഞു. 

'സൈനികർക്ക് ഈ കടുത്ത കാലാവസ്ഥയോട് പൊരുതേണ്ടി വന്നു. മഞ്ഞുവീഴ്ചയ്ക്കും ഹിമപാതത്തിനും എതിരെ പോരാടേണ്ടി വന്നു. അത് മാത്രമല്ല, അവരുടെ പ്രധാന കര്‍ത്തവ്യം ശത്രുക്കളോട് പൊരുതുക എന്നതായിരുന്നല്ലോ, അതും ചെയ്യേണ്ടി വന്നു' -മൊറോസിനി പറഞ്ഞു.ടൈം മെഷീനടക്കം ഇവിടെ നിന്ന് കണ്ടെടുക്കപ്പെട്ട പലതും അന്നത്തെ കാലത്തെ സൈനികരുടെ അവസ്ഥ എത്ര കഠിനമായതായിരുന്നു എന്ന് കാണിക്കുന്നതാണ് എന്ന് ചരിത്രകാരന്‍ പറയുന്നു. കൂടുതല്‍ മഞ്ഞുരുകുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താനാവും എന്നാണ് കരുതുന്നത്. 

world war one cave

“ഇത് ഒരുതരം ഓപ്പൺ എയർ മ്യൂസിയമാണ്” മൊറോസിനി പറഞ്ഞു. അഞ്ച് വർഷം മുമ്പ് രണ്ട് സൈനികരുടെ മൃതദേഹങ്ങൾ ഇവിടെ കണ്ടെത്തി, അവരുടെ തിരിച്ചറിയല്‍ രേഖകളും ഭൗതികാവശിഷ്ടങ്ങളും അവരുടെ കുടുംബങ്ങൾക്ക് നൽകി. ഇറ്റാലിയന്‍ നഗരമായ ബോര്‍മിയോയില്‍ ഒന്നാം ലോക മഹായുദ്ധത്തിന്‍റെ സ്‍മരണകള്‍ക്കായി പ്രത്യേകം തുറക്കാനിരിക്കുന്ന മ്യൂസിയത്തിലേക്കായിരിക്കും ഇവിടെ നിന്നും കണ്ടെത്തിയ വസ്‍തുക്കളെല്ലാം പോകുന്നത്. 2022 -ന്‍റെ അവസാനത്തോടെയാണ് ഈ മ്യൂസിയം തുറക്കുക. അതുവരെ ഇവയെല്ലാം നന്നായി സൂക്ഷിക്കുമെന്നും പറയപ്പെടുന്നു. 

world war one cave

വടക്കൻ ഇറ്റലിയിലെ അഡമെല്ലോയിൽ സ്ഥിതിചെയ്യുന്ന വൈറ്റ് വാർ മ്യൂസിയത്തിൽ നിന്നുള്ള ഒരു പ്രസ്താവന പ്രകാരം, യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളിൽ ഓസ്ട്രിയൻ സൈന്യം ഈ ഗുഹ കൈവശപ്പെടുത്തിയിരുന്നു. ഇത് ഇറ്റാലിയൻ ഭാഗത്തുനിന്നോ വ്യോമാക്രമണത്തിൽ നിന്നോ അവരെ ഒളിപ്പിച്ച് നിര്‍ത്തി സംരക്ഷിച്ചിരുന്നു. സ്കൊര്‍ലൂസോ പര്‍വതത്തിനടിയിലെ 2094 മീറ്ററില്‍ വരുന്ന ഈ പ്രദേശത്ത് 2017 മുതല്‍ എല്ലാ ജൂലൈയിലും ആഗസ്തിലും ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഗുഹയില്‍ നിന്നും ഇതുവരെ 60 ക്യൂബിക് മീറ്റര്‍ മഞ്ഞ് നീക്കിക്കഴിഞ്ഞു. ഗുഹയില്‍ നിന്നും ഇതുവരെ ഏകദേശം 300 വസ്‍തുക്കളെങ്കിലും കണ്ടെടുത്തിട്ടുണ്ട്. വൈക്കോൽ മെത്ത, നാണയങ്ങൾ, ഹെൽമെറ്റ്, വെടിമരുന്ന്, പത്രങ്ങൾ എന്നിവയെല്ലാം അതില്‍ പെടുന്നു. 

സമുദ്രനിരപ്പില്‍ നിന്നും മൂവായിരം മീറ്ററില്‍ അധികം ഉയരത്തില്‍ നില്‍ക്കുന്ന ഒരു സ്ഥലം. അവസാനത്തെ ഓസ്ട്രിയന്‍ സൈനികന്‍ വാതിലടച്ച് ഓടിയെത്തിയപ്പോള്‍, 1918 നവംബര്‍ മൂന്നിന് അവിടെ സമയം നിന്നുപോയിരിക്കുകയാണ്. സ്കോർലൂസോ പർവതത്തിലെ ഗുഹയിലെ കണ്ടെത്തലുകൾ നൂറുവർഷത്തിനുശേഷം നമുക്ക് നൽകുന്ന വിവരങ്ങൾ അതാണ് എന്ന് മ്യൂസിയത്തിന്‍റെ പത്രക്കുറിപ്പിലും പറയുന്നു. 

Follow Us:
Download App:
  • android
  • ios